| Monday, 25th May 2026, 10:52 am

പറയുന്നത് കേട്ടാൽ തോന്നും യുദ്ധമില്ലാത്ത കാലത്ത് കൂട്ടിയിട്ടില്ലെന്ന്; പരിഹസിച്ച് വി. ശിവൻകുട്ടി

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: തുടർച്ചയായ ഇന്ധന വിലവർധനവിനെ പരിഹസിച്ച് മുൻ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി. ശിവൻകുട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച ഒറ്റ വരി പോസ്റ്റിലാണ് ശിവൻകുട്ടി കേന്ദ്രത്തെ പരിഹസിക്കുന്നത്.

‘പറയുന്നത് കേട്ടാൽ തോന്നും യുദ്ധമില്ലാത്ത കാലത്ത് കൂട്ടിയിട്ടില്ലെന്ന്’ എന്നാണ് അ​ദ്ദേഹത്തിന്റെ പോസ്റ്റ്. രണ്ടാഴ്ചയ്ക്കിടെ നാല് തവണ ഇന്ധനവില വർധിപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ്.

കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് നാലാം തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസൽ വില വർധിപ്പിച്ചിരിക്കുന്നത്. പുതിയ വർധനവോടെ കേരളത്തിൽ എല്ലായിടത്തും ഡീസൽ വില 100 രൂപ കടന്നു.

ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ലിറ്ററിന് വർധിച്ചത്. ഇതോടെ രാജ്യതലസ്ഥാനമായ ദൽഹിയിൽ പെട്രോളിന് 102.12 രൂപയും ഡീസലിന് 95.20 രൂപയുമായി നിരക്ക് ഉയർന്നു.

കഴിഞ്ഞ 11 ദിവസത്തിനിടെ ആകെ ഏഴ് രൂപയിലധികമാണ് പെട്രോള്‍, ഡീസൽ വിലയിൽ വർധനവുണ്ടായത്.

മെയ് 15ന് പെട്രോള്‍, ഡീസല് വിലയില് മൂന്ന് രൂപയിലധികം വർധനവ് വരുത്തി ശേഷം മെയ് 19ന് പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചു. മെയ് 23ന് വീണ്ടും പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി.

ഇന്ധനവിലയ്ക്ക് പുറമെ സി.എന്‍.ജി വിലയിലും മെയ് 15, 23 തീയതികളില്‍ വർധനവുണ്ടായി. കിലോയ്ക്ക് യഥാക്രമം രണ്ട് രൂപയും ഒരു രൂപയുമാണ് വർധിപ്പിച്ചത്. കൂടാതെ, 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ കേന്ദ്ര സർക്കാർ ഒറ്റയടിക്ക് 993 രൂപയും വർധിപ്പിച്ചിരുന്നു.

Content highlight: V. Sivankutty mocks continuous fuel price hike

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more