| Monday, 30th June 2025, 8:07 pm

'എന്റെ പേര് ശിവന്‍കുട്ടി, ഇനി ഈ വഴിയെങ്ങാനും'; ജാനകി വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജാനകി വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ പരിഹാസം.

‘എന്റെ പേര് ശിവന്‍കുട്ടി… സെന്‍സര്‍ ബോര്‍ഡ് എങ്ങാനും ഈ വഴി..!,’ മന്ത്രി കുറിച്ചു. പോസ്റ്റിന് പിന്നാലെ നിരവധി ആളുകള്‍ മന്ത്രിയുടെ പ്രതികരണത്തെ അനുകൂലിച്ച് രംഗത്തെത്തുന്നുണ്ട്.

അതേസമയം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ഹൈക്കോടതി ഇന്ന് (തിങ്കള്‍) രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സിനിമയ്ക്ക് എന്ത് പേരിടണമെന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണോയെന്നും ജാനകി എന്ന പേരിന് എന്താണ് പ്രശ്നമെന്നും ഹൈക്കോടതി ചോദിച്ചു.

രാജ്യത്ത് മിക്കവാറും പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്നും ആരുടെ വികാരത്തെയാണ് വ്രണപ്പെടുത്തുന്നതെന്ന് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

മിക്ക സിനിമകളിലും ദൈവങ്ങളുടെ പേര് കഥാപാത്രങ്ങള്‍ക്ക് നല്‍കാറുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ ആര്‍ക്കും ഇടപെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സിനിമയിലെ ജാനകി റേപിസ്റ്റ് അല്ലല്ലോയെന്നും ജസ്റ്റിസ് എന്‍. നാഗേഷ് ചോദിച്ചു. അടുത്ത ദിവസം കോടതി വീണ്ടും ഹരജി പരിഗണിക്കും.

കഴിഞ്ഞ ദിവസം സിനിമയ്ക്ക് ജാനകി എന്ന പേര് നല്‍കിയാല്‍ എന്താണ് കുഴപ്പമെന്നും മുമ്പും സമാനപേരില്‍ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ടല്ലോയെന്നും കോടതി ചോദിച്ചിരുന്നു. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എന്തിനാണ് ഉണ്ടാകുന്നതെന്നും കോടതി ചോദിച്ചിരുന്നു.

എന്നാല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് ചിത്രത്തിന് പേര് നല്‍കിയതെന്നും 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കാണാന്‍ വിലക്കുണ്ടെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് മറുപടി നല്‍കിയത്. ജാനകി എന്ന പേര് ഉപയോഗിക്കുന്നതില്‍ മതപരമായ പ്രശ്‌നങ്ങളുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചിരുന്നു.

കൂടാതെ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ഫെഫ്കയും താരസംഘടനയായ എ.എം.എം.എയും ഇന്ന് തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ ഓഫീസിന് മുന്നില്‍ സമരം നടത്തുകയും ചെയ്തു.

Content Highlight: V. Sivankutty mocks censor board over Janaki controversy

We use cookies to give you the best possible experience. Learn more