തിരുവനന്തപുരം: സ്‌കൂളുകളിലെ സൂംബ പരിശീലനത്തെ വിമര്‍ശിച്ച വിസ്ഡം മുജാഹിദിനേയും ഭാരതീയ വിചാര കേന്ദ്രത്തിനേയും പരിഹസിച്ച് വിഭ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എന്തെ വന്നില്ല എന്ന് ഓര്‍ത്തേ ഉള്ളൂ, അപ്പോഴേക്കും വന്നു എന്ന തലക്കെട്ടോടെയാണ് സൂംബ പരിശീലത്തെ വിമര്‍ശിച്ച വിസ്ഡം മുജാഹിദിനേയും ഭാരതീയ വിചാര കേന്ദ്രത്തേയും മന്ത്രി വിമര്‍ശിച്ചത്.
വിസ്ഡത്തിന് വിസ്ഡം ഇല്ലെന്നും വിചാര കേന്ദ്രത്തിന് വിചാരവുമില്ലെന്നാണ് മന്ത്രി തന്റെ പോസ്റ്റിലൂടെ പറഞ്ഞ് വെച്ചത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കുട്ടികള്‍ സൂംബ കളിക്കട്ടെയെന്നും ആരോഗ്യമുള്ളവരായി വളരട്ടെയെന്നും വി. ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്‌കൂളുകളില്‍ ലഹരി വരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിയില്‍ നിന്ന് അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി.കെ. അഷ്റഫ് അഭിപ്രായപ്പെട്ടതോടെയാണ് സൂംബ വിവാദം ആരംഭിച്ചത്.
മക്കളെ പൊതു വിദ്യാലയത്തില്‍ അയക്കുന്നത് ഗുണമേന്‍മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയാണെന്നും ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ലെന്നും ടി.കെ. അഷ്റഫ് പറയുന്നത്
തന്റെ മകനും ഈ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും ഇതിന്റെ പേരിലുണ്ടാകുന്ന ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും ടി.കെ. അഷ്‌റഫ് പറഞ്ഞിരുന്നു.
ഇത്തരം പരിപാടികള്‍ പുരോഗമനമായി കാണുന്നവരുണ്ടാകാമെന്നും എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ പ്രാകൃതനാണെന്നും അദ്ദേഹം പറഞ്ഞു. തൊട്ട് പിന്നാലെ മറ്റനവധി മുസ്‌ലിം സംഘടനകളും ടി.കെ. അഷ്‌റഫിന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി.
ഏറ്റവും ഒടുവിലായാണ് ഭാരതീയ വിചാര കേന്ദ്രവും സമാനമായ വാദവുമായി രംഗത്ത് എത്തിയത്. ലഹരിയുടെ പേരില്‍ വിദേശ ചരക്കായ സൂംബയെ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ഭാരതീയ വിചാര കേന്ദ്രം ആരോപിച്ചത്. കേരളത്തിന് കലാകായിക രംഗത്ത് മഹത്തായ ഒരു പാരമ്പര്യം ഉണ്ടെന്നും അതിനെ സംരക്ഷിക്കാനോ പരിപോഷിപ്പിക്കാനോ ശ്രമിക്കാതെ വിദേശ ഉത്പ്പന്നമായ സൂബ നൃത്തം പ്രചരിപ്പിക്കുന്നതിന് പിന്നില്‍ ചില തത്പര കക്ഷികളുടെ ഗൂഢലക്ഷ്യമുണ്ടെന്നും ഭാരതീയ വിചാരധാരകേന്ദ്രം അഭിപ്രായപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ സൂംബ ഈ നാടിന്റെ നാടിന്റെ സാംസ്‌കാരിക സ്വത്വത്തിനും പാരമ്പര്യത്തിനും നേരെയുള്ള കടന്നുകയറ്റവും അധിനിവേശവുമാണെന്നുവരെ സംഘടന പറയുകയുണ്ടായി.
ബി.ജെ.പി നേതാവായ വി. മുരളീധരനും സമാനമായ അഭിപ്രായം പങ്കുവെച്ചിരുന്നു. കേരളത്തിലെ സാമൂഹിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായിട്ടുള്ള പരിഷ്‌ക്കാരമാണ് സ്‌കൂളില്‍ നടപ്പിലാക്കേണ്ടതെന്നും ഇന്ത്യയില്‍ എവിടെയും കണ്ടിട്ടില്ലാത്ത സൂംബയെ എവിടെ നിന്ന് പൊക്കിക്കൊണ്ട് വന്നുവെന്ന് തനിക്കറിയില്ലെന്നുമാണ് വി. മുരളീധരന്‍ പറഞ്ഞത്. ഏത് വസ്ത്രവും ധരിച്ചുകൊണ്ട് സൂംബ ഡാന്‍സ് ചെയ്യാമെങ്കില്‍ എന്തിനാണ് അല്‍പ്പവസ്ത്രമാക്കുന്നതെന്നും ബി.ജെ.പി നേതാവ് ചോദിച്ചിരുന്നു.
Content Highlight: V. Sivankutty mocks Bharatiya Vichara Kendram and Wisdom Mujahid for criticizing Zumba practice at school