തിരുവനന്തപുരം: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിൽ എം.പിക്കുമെതിരെ പരിഹാസവുമായി പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി.
‘പറമ്പിലാണ് മാങ്കൂട്ടം വളരുന്നത്..’ എന്ന് ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ നല്‍കുന്നത് ഷാഫി പറമ്പിലാണെന്ന് പരോക്ഷമായി പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ പരിഹാസം.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസില്‍ സമ്മര്‍ദം ചെലുത്തിയത് ഷാഫി പറമ്പിലാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. രാഹുലിനെതിരെ തുടര്‍ച്ചയായി ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ ഷാഫി പറമ്പിലിന്റെ പിന്തുണയെ കുറിച്ച് വീണ്ടും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പാലക്കാട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ആദ്യഘട്ടത്തില്‍ അംഗീകരിച്ചിരുന്നില്ല. ജില്ലയില്‍ നിന്നുള്ള ഒരു നേതാവിനെ മത്സരിപ്പിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ജില്ലാ നേതൃത്വത്തെ തള്ളി സംസ്ഥാന നേതൃത്വം രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
അന്ന് രാഹുലിനെതിരെ ചില ആരോപണങ്ങള്‍ ശ്രദ്ധയിലുണ്ടായിരുന്നതിനാലാണ് സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാതിരുന്നതെന്നും തെളിവുകളില്ലാതെ സംസാരിക്കാന്‍ കഴിയില്ലല്ലോയെന്നും ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ഇന്ന് (ഞായര്‍) മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ഇതിനിടെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുലിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയും ഇടത് മത്സരാര്‍ത്ഥിയുമായിരുന്ന ഡോ. പി. സരിനും ഷാഫിക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഹൈക്കമാന്‍ഡ്, പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്നിങ്ങനെ ബഹുഭൂരിപക്ഷം നേതാക്കളും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യവുമായി നില്‍ക്കുമ്പോള്‍ അയാളെ പൊതിഞ്ഞ് സംരക്ഷിക്കുന്നത് ഷാഫി പറമ്പിലാണെന്നുമാണ് സരിന്‍ പറഞ്ഞത്.
ഇത്ര ഒഴിവാക്കാന്‍ കഴിയാത്ത വിധം ഷാഫിക്ക് രാഹുലുമായുള്ള ബന്ധവും ഇന്ന് കേരള സമൂഹത്തിന്റെ മുന്നില്‍ ചോദ്യചിഹ്നമാണ്. ആ കാരണങ്ങള്‍ കൂടി വ്യക്തമാക്കാനുള്ള ബാധ്യത ഷാഫി പറമ്പിലിനുണ്ടെന്നും സരിന്‍ ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.
ഇതിനിടെ രാഹുലുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച ഷാഫി പറമ്പില്‍ അദ്ദേഹത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. ആരോപണം വന്നപ്പോള്‍ തന്നെ രാഹുല്‍ രാജിവെച്ചല്ലോ എന്നായിരുന്നു ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Content Highlight: V. Sivankutty mocked shafi parambil and rahul mamkootathil