| Tuesday, 26th August 2025, 8:39 pm

പണിയെടുത്ത് ജീവിച്ചൂടെ...; ഓണാവധി വെട്ടികുറയ്ക്കുമെന്ന ജനം ടി.വിയുടെ വ്യാജവാര്‍ത്തക്കെതിരെ ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജനം ടി.വിക്കെതിരെ വിമര്‍ശനവുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സ്‌കൂള്‍ ഓണാവധി വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന തരത്തില്‍ ജനം ടി.വി പ്രചരിപ്പിച്ച വാര്‍ത്തക്കെതിരെയാണ് മന്ത്രി രംഗത്തെത്തിയത്.

ജനം ടി.വിയുടെ വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും ഓണാവധി വെട്ടിക്കുറയ്ക്കാന്‍ ഒരു നീക്കവുമില്ലെന്നും മന്ത്രി പ്രതികരിച്ചു. പണിയെടുത്ത് ജീവിച്ചുകൂടെ എന്ന് ചോദിച്ചുകൊണ്ട് വി. ശിവന്‍കുട്ടി ജനം ടി.വിയെ പരിഹസിക്കുകയും ചെയ്തു.

‘സ്‌കൂള്‍ ഓണാവധി വെട്ടിക്കുറയ്ക്കാന്‍ നീക്കം. വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തിന് പിന്തുണയുമായി സമസ്ത,’ എന്നായിരുന്നു ജനം ടി.വിയുടെ വാര്‍ത്ത. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വ്യാജവാര്‍ത്ത വിവാദമായതോടെ നിരവധി ആളുകള്‍ ജനം ടി.വിയെ വിമര്‍ശിച്ചും പരിഹസിച്ചും പ്രതികരിക്കുന്നുണ്ട്. ജനം ടി.വിക്ക് ഇതല്ലാതെ വേറെന്ത് പണിയാണ് അറിയുക എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഒരു വിഭാഗം ചോദിക്കുന്നത്. ‘മിനിസ്റ്റര്‍ കാര്യമറിയാതെ സംസാരിക്കുന്നു. ജനം ടിവിക്ക് ഇതല്ലാതെ മറ്റെന്ത് പണി?,’ അഡ്വ. അഷ്‌കര്‍ ടോവാരിഷ് പരിഹസിച്ചു.

ഈ വിസര്‍ജനം ടി.വി കുടുതലും വര്‍ഗീയ വിഷം ചീറ്റുന്ന നുണയാണ് പടച്ചുവിടുന്നത്. ഇതിന് പൂട്ടിടാന്‍ സര്‍ക്കാരിനാവില്ലേ? നുണയും വിദ്വേഷവും മാത്രമാണ് ഇവരുടെ വാര്‍ത്തയെന്ന് ഒരാള്‍ കമന്റ് ചെയ്തു. കുത്തിതിരിപ്പാണ് സാറേ മെയിന്‍ എന്ന് മറ്റു ചിലര്‍ പരിഹസിച്ചു. ജനം ടി.വിക്ക് ശരീരമനങ്ങി പണിയെടുക്കുന്ന ഒരു ശീലമുണ്ടെന്ന് മന്ത്രിക്ക് തോന്നുന്നുണ്ടോയെന്നും ചിലര്‍ ചോദിക്കുന്നു.

Content Highlight: V. Sivankutty opposes Janam TV’s fake news that School Onam holidays will be shortened

We use cookies to give you the best possible experience. Learn more