| Friday, 6th February 2026, 2:42 pm

ചില രാജ്യാന്തര ബന്ധങ്ങളില്‍ 'വിധേയനെ'ന്ന വാക്കിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്; എപ്സ്റ്റീന്‍ ഫയലില്‍ ശിവന്‍കുട്ടി

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി വി. ശിവന്‍കുട്ടി. ചില രാജ്യാന്തര ബന്ധങ്ങളില്‍ ‘വിധേയന്‍’ എന്ന വാക്കിന് വലിയ അര്‍ത്ഥതലങ്ങളുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

‘ചില രാജ്യാന്തര ബന്ധങ്ങളില്‍ ‘വിധേയന്‍’ എന്ന വാക്കിന് വലിയ അര്‍ത്ഥതലങ്ങളുണ്ട്…! എപ്സ്റ്റീനുമായുള്ള ബന്ധത്തില്‍ അതിലധികവും…,’ ശിവന്‍കുട്ടി എഴുതി.

എഫ്സ്റ്റീന്‍ ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി ഇസ്രഈലില്‍ പോയെന്നും അവിടെ പാട്ടുകള്‍ പാടി നൃത്തം ചെയ്തുവെന്നും ആരോപണമുണ്ട്. എപ്സ്റ്റീന്റെ നിര്‍ദേശമനുസരിച്ചാണ് മോദി ഇസ്രഈലിലേക്ക് പോയതെന്നാണ് ആരോപണം.

എപ്സ്റ്റീന്റെ ഒരു ഇ-മെയില്‍ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. സംഭവം വിവാദമായതോടെ, എപ്സ്റ്റീന്‍ ഫയലില്‍ മോദി മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

എന്നാല്‍ എപ്സ്റ്റീന്‍ ഫയലിലെ ആരോപണങ്ങള്‍ നിഷേധിച്ച വിദേശകാര്യ മന്ത്രാലയം മോദിയുടെ ഇസ്രഈല്‍ യാത്ര ഔദ്യോഗികമെന്ന് മാത്രമായിരുന്നു പ്രതികരിച്ചത്. വിഷയം പാര്‍ലമെന്റിലും പ്രതിപക്ഷം ഉന്നയിച്ചു.

പക്ഷേ എപ്സ്റ്റീന്‍ ഫയലില്‍ പ്രതികരിക്കാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ല. കൂടാതെ ട്രംപും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത് എപ്സ്റ്റീനും വ്യവസായി അനില്‍ അംബാനിയുമാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതേസമയം എപ്സ്റ്റീന്‍ ഫയല്‍ വിവാദമായിരിക്കെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാര്‍ യാഥാര്‍ഥ്യമാകുകയും ചെയ്തു. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡൊണാള്‍ഡ് ട്രംപാണ് ആദ്യമായി പുറത്തുവിട്ടത്. എന്നാല്‍ കരാറിലെ വ്യവസ്ഥകള്‍ എന്തൊക്കെയെന്നതില്‍ വ്യക്തത നല്‍കാന്‍ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടുമില്ല.

Content Highlight: Minister V. Sivankutty indirectly criticizes Prime Minister Narendra Modi in the Epstein file

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more