| Monday, 3rd November 2025, 2:45 pm

'മോളേ, ഈ ലോകം പെണ്‍കുട്ടികളുടേത് കൂടിയാണ്, ഈ സര്‍ക്കാര്‍ പെണ്ണുങ്ങള്‍ അടക്കം എല്ലാവരുടേയുമാണ്': വി.ശിവൻകുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തന്റെ ചിത്രം വരച്ചതിൽ അഭിനന്ദിച്ചപ്പോൾ വികാരാധീനയായ പെൺകുട്ടിയെ ചേർത്ത് പിടിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.

കണ്ണൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ തന്റെ ചിത്രം വരച്ച വിദ്യാർത്ഥിനിയായ നിഹാരയെ അഭിനന്ദിക്കുകയും സന്തോഷം കൊണ്ട് കരഞ്ഞ നിഹാരയെ ചേർത്തുനിർത്തി മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.

ഈ ലോകം പെൺകുട്ടികളുടേത്‌ കൂടിയാണെന്നും ഈ സർക്കാർ സ്ത്രീകളടക്കം എല്ലാവരുടെയുമാണെന്നും ശിവൻകുട്ടി പറഞ്ഞു.

പെണ്ണുങ്ങൾ കിരീടവുമേന്തി ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ, നിഹാര മോൾ എന്തിന് കരയണമെന്ന് ചോദിച്ചു കൊണ്ടാണ് വി.ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പെണ്ണുങ്ങൾ കിരീടവുമേന്തി ലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോൾ നിഹാര മോൾ എന്തിന് കരയണം…!!
കണ്ണൂർ ചെറുതാഴം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനാണ് ഞാൻ എത്തിയത്. കുഞ്ഞുങ്ങൾ സ്വാഗത ഗാനം വേദിയിൽ ആലപിക്കുന്നു. അപ്പോഴാണ് നിഹാര വരച്ച എന്റെ ചിത്രവുമായി അടുത്തേക്ക് എത്തുന്നത്. ഞാനാ ചിത്രം സ്വീകരിച്ചു. നല്ല ചിത്രമെന്ന് പറഞ്ഞ് നിഹാരയെ അഭിനന്ദിച്ചു.
ആ കൊച്ചുകുഞ്ഞ് കരയാൻ തുടങ്ങി. എന്തിനാ മോളേ കരയുന്നേ എന്ന് ചോദിച്ച് ആശ്വസിപ്പിച്ചു; ചേർത്തു നിർത്തി. അവളിൽ ചിരി തെളിയിച്ചേ വിട്ടുള്ളൂ.
മോളേ, ഈ ലോകം പെൺകുട്ടികളുടേത്‌ കൂടിയാണ്, ഈ സർക്കാർ പെണ്ണുങ്ങൾ അടക്കം എല്ലാവരുടേയും…

കഴിഞ്ഞ ദിവസം കേരളത്തിൽ ആൺകുട്ടികളുടെ സർക്കാർ വരുമെന്ന കെ. സി വേണുഗോപാലിന്റെ പരാമർശം വിവാദമായിരുന്നു. ഇതിനുള്ള മറുപടിയാണ് മന്ത്രിയുടെ പോസ്റ്റെന്ന് ചിലർ കമന്റുകളിൽ കുറിക്കുന്നു.

ആരെയോ കുത്തിപ്പറഞ്ഞപോലെയുണ്ടെന്നും….ഞങ്ങൾ ആണുങ്ങളുടെ സർക്കാർ ഉണ്ടാക്കും…. അപ്പൊ കെ. സി വേണുഗോപാലിന്റെ ആണുങ്ങളുടെ സർക്കാർ. അതേതു സംസ്ഥാനത്താണോ എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ ഉയരുന്നുണ്ട്.

Content Highlight: V. Sivankutty hugged the emotional girl when she was complimented on her drawing

We use cookies to give you the best possible experience. Learn more