തിരുവനന്തപുരം: തൻ്റെ പേരും ഫോട്ടോയും ഉപയോഗിച്ചുകൊണ്ടുള്ള വ്യാജപ്രചരണത്തിൽ ഡി.ജി.പിക്ക് പരാതി നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
വെള്ളിയാഴ്ചകളിൽ വിദ്യാര്‍ത്ഥികള്‍ മതപരമായ ചടങ്ങുകള്‍ക്ക് പുറത്ത് പോവുന്നത് തടയുമെന്ന വ്യാജ പ്രചരണമാണ് മന്ത്രിയുടെ ഫോട്ടോ അടക്കം സോഷ്യൽമീഡിയ വഴി പ്രചരിച്ചത്. തെറ്റായ കാര്യം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. ശിവൻകുട്ടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ തിരിച്ചറിയുന്നതിനും കൗണ്‍സിലിങ് നല്‍കുന്നതിനും അധ്യാപകരെ പരിശീലിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ലഹരി, ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം എന്നിവ തടയുന്നതിനാണ് നടപടി. ആദ്യ ഘട്ടത്തിൽ 3000 അധ്യാപകർക്കാണ് പരിശീലനം നൽകുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു.
2026 ജനുവരി 30 വരെ നീളുന്ന ലഹരിവിരുദ്ധ പ്രവർത്തന കലണ്ടർ തയ്യാറാക്കിയുണ്ടെന്നും പരിഷ്കരിച്ച ഉച്ചഭക്ഷണ മെനു സ്കൂൾ നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചിരുന്നു.
വിദ്യാർഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ എല്ലാ മാസവും ക്ലാസ് പരീക്ഷ നടത്തുമെന്നും പരീക്ഷക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഏകീകൃത ചോദ്യപേപ്പർ തയ്യാറാക്കുമെന്നും സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി സഹായം നൽകുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ദേശീയ തലത്തിൽ പഠന നേട്ട സർവേയിൽ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണെന്നും ഈ അഭിമാനനേട്ടം സ്കൂളുകളിൽ ആഘോഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശങ്ങൾ വളച്ചൊടിച്ച് വ്യാജപ്രചരണങ്ങൾ ഉണ്ടായത്.
Content Highlight: V. Sivankutty Files Complaint against Fake news using his Name and Photo