| Tuesday, 18th November 2025, 1:39 pm

'ഇരവാദ നാട്യ കമ്മിറ്റി' എന്നല്ലേ വിളിക്കേണ്ടത്; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനെതിരെ ശിവന്‍കുട്ടി

സ്പോര്‍ട്സ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കോണ്‍ഗ്രസിനെ ‘ഇരവാദ നാട്യ കമ്മിറ്റി’ എന്നല്ലേ വിളിക്കേണ്ടതെന്ന് മന്ത്രി ചോദിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് എതിരെയാണ് ശിവന്‍കുട്ടിയുടെ പ്രതികരണം.

‘വോട്ടോ, വോട്ടേഴ്‌സ് ലിസ്റ്റില്‍ ശരിയായ മേല്‍വിലാസമോ ഇല്ലാത്തവരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുക. എന്നിട്ട് അവരെ മത്സരിപ്പിക്കാന്‍ അനുവദിക്കുന്നില്ലേ എന്ന് പറഞ്ഞ് കരയുക…,’ എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം, കോഴിക്കോട് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായ വൈഷ്ണ സുരേഷ്, വി.എം. വിനു എന്നിവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉൾപ്പെടാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് മന്ത്രി വി. ശിവന്‍കുട്ടിയുടെ വിമര്‍ശനം.

വി.എം. വിനു കോഴിക്കോട്ടെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയാണ്. ഇന്നലെ (തിങ്കള്‍)യാണ് പുതിയ വോട്ടര്‍ പട്ടികയില്‍ വിനുവിന്റെ പേരില്ലെന്ന വിവരം അറിയുന്നത്. പിന്നാലെ സി.പി.ഐ.എം തന്റെ വോട്ട് വെട്ടിയതാണെന്നും കഴിഞ്ഞ നാല്‍പത് വര്‍ഷമായി താന്‍ വോട്ട് ചെയ്യുന്നുണ്ടെന്നുമാണ് വിനുവിന്റെ അവകാശവാദം.

കല്ലായിയില്‍ നിന്നും മത്സരികുമെന്ന പറഞ്ഞതോടെയാണ് തന്റെ വോട്ട് വെട്ടിയതെന്നും കോടതിയില്‍ വിശ്വാസമുണ്ടെന്നും വിനു മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിലും വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

താന്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിരുന്നുവെന്നാണ് വിനു അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് ഈ വാദത്തെ പിന്തുണക്കുന്നുമുണ്ട്. വിഷയത്തില്‍ സി.പി.ഐ.എം നേതാവ് കെ.ടി. കുഞ്ഞിക്കണ്ണനും കോണ്‍ഗ്രസ് കോഴിക്കോട് നേതൃത്വത്തെ വിമര്‍ശിച്ചു.

വി.എം. വിനു വോട്ടര്‍ പട്ടികയിലുണ്ടെന്ന് പ്രാഥമികമായി ഉറപ്പുവരുത്താതെ പ്രസിദ്ധനായ ആ സിനിമാസംവിധായകനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് അപമാനിക്കുകയാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതൃത്വം ചെയ്തിരിക്കുന്നതെന്ന് കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

തങ്ങള്‍ സ്ഥാനാര്‍ത്ഥികളായി കാണുന്നവരുടെ പേര് വോട്ടര്‍ ലിസ്റ്റിലുണ്ടെന്ന് ഉറപ്പുവരുത്താനുള്ള രാഷ്ട്രീയസാക്ഷരത പോലും കോഴിക്കോട്ടെ ഡി.സി.സി നേതാക്കള്‍ക്കുണ്ടായില്ല എന്ന നാണക്കേടിനെ മറക്കാന്‍ സി.പി.ഐ.എമ്മിന്റെ മേല്‍ ചാടിക്കയറിയിട്ട് യാതൊരു കാര്യവുമില്ലെന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

അതേസമയം തിരുവനന്തപുരം മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്നലെ ഇടപെട്ടിരുന്നു. സാങ്കേതിക കാരണം പറഞ്ഞ് 24കാരിയെ മത്സരിപ്പിക്കാതിരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. കക്ഷി ചേരാനുള്ള തിരുവനന്തപുരം കോപ്പറേഷന്റെ ആവശ്യത്തെയും കോടതി വിമര്‍ശിച്ചിരുന്നു.

Content Highlight: V. Sivankutty against Congress’ candidate announcement in Corporation elections

We use cookies to give you the best possible experience. Learn more