തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടി സസ്‌പെന്‍ഷനിലൊതുക്കിയ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി മന്ത്രി വി.ശിവന്‍കുട്ടി.
രാഹുല്‍ മാങ്കൂട്ടത്തലിനെ കോണ്‍ഗ്രസില്‍ ആര്‍ക്കാണ് ഇത്ര പേടിയെന്നും കോണ്‍ഗ്രസിന് വേണ്ടാത്തത് പാലക്കാട്ടെ ജനം സഹിക്കട്ടെ എന്നാണോ എന്നും വി.ശിവന്‍കുട്ടി ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയമാണെന്നും ഇന്ന് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് സ്ത്രീ വിരുദ്ധ മാഫിയ ആണെന്നും വി. ശിവന്‍കുട്ടി പറഞ്ഞു.
സസ്‌പെന്‍ഷന്‍ നടപടി പാര്‍ട്ടിയും രാഹുലുമായുള്ള ഒത്തുകളിയാണെന്ന് മന്ത്രി എം.ബി രാജേഷും പ്രതികരിച്ചിരുന്നു.
പ്രാഥമിക അംഗത്വത്തിന് യോഗ്യമല്ലാത്ത ഒരാളെ പാലക്കാട്ടെ ജനങ്ങളുടെ മേല്‍ എം.എല്‍.എയായി അടിച്ചേല്‍പ്പിക്കുകയും, നിലനിര്‍ത്തുകയും ചെയ്യുന്നത് എന്ത് നീതിയാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
അതേസമയം രാഹുലിനെതിരെ ഈ ഘട്ടത്തില്‍ സ്വീകരിക്കാവുന്ന നടപടി പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും കടിച്ചുതൂങ്ങണോ എന്ന് രാഹുലാണ് തീരുമാനിക്കേണ്ടതെന്നുമായിരുന്നു വിഷയത്തില്‍ കെ. മുരളീധരന്‍ പ്രതികരിച്ചത്.
പാര്‍ട്ടിയുടെ പ്രാഥിമാകാംഗത്വത്തില്‍നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് ആറുമാസത്തേക്കാണ് പാര്‍ട്ടിയില്‍നിന്ന് രാഹുലിനെ പുറത്താക്കിയത്.
നിരവധി പരാതികളാണ് രാഹുലിനെതിരെ നിലവില്‍ ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാഹുല്‍ പെണ്‍കുട്ടിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെ ശബ്ദരേഖ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിച്ചത്.
ഇതിന് പിന്നാലെ രാഹുല്‍ രാജിവെച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
ഇന്നലെ ഉച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം, തനിക്കെതിരെ അവന്തിക എന്ന ട്രാന്‍സ്വുമണ്‍ ഉന്നയിച്ച പരാതിയുമായി ബന്ധപ്പെട്ട വിഷത്തില്‍ ഒരു പ്രതിരോധം തീര്‍ക്കുക മാത്രമാണ് ചെയ്തത്. ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന ഓഡിയോ നിഷേധിക്കാന്‍ രാഹുല്‍ തയ്യാറായിട്ടുമില്ല.
Content Highlight: V Sivankutty about Rahul Mamkoottathil Suspension