| Wednesday, 13th August 2025, 11:47 am

'ഒരേ സമയം തന്നെ നാലിടത്ത് കണ്ടിരിക്കുന്നു', കുമ്പിടിയാ കുമ്പിടി; സുരേഷ് ഗോപിയെ പരിഹസിച്ച് ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റിലാണ് ശിവന്‍കുട്ടി സുരേഷ് ഗോപിയെ ട്രോളി രംഗത്തെത്തിയത്.

‘പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂര്‍, കൊല്ലം. കുമ്പിടിയാ കുമ്പിടി!’ എന്നാണ് സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിക്കാതെ ശിവന്‍കുട്ടി കുറിച്ചത്.

കൊല്ലം ജില്ലയിലാണ് സുരേഷ് ഗോപിയുടെ വീട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരുമാണ് സുരേഷ് ഗോപിക്ക് വോട്ടുള്ളത്. ഒപ്പം പോണ്ടിച്ചേരിയിലാണ് സുരേഷ് ഗോപി വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ശിവന്‍കുട്ടിയുടെ പരിഹാസം നിറഞ്ഞ ഒളിയമ്പ്.

അതേസമയം, വോട്ടര്‍ പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപി മൗനം തുടരുകയാണ്. തൃശൂരിലെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ പാടെ അവഗണിക്കുകയായിരുന്നു. ഒടുവില്‍ സഹായിച്ചതിന് നന്ദിയെന്ന് മാത്രം പറഞ്ഞുകൊണ്ട് മാധ്യമങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ ദിവസം ദല്‍ഹിയിലും വോട്ടര്‍ പട്ടിക ക്രമക്കേടിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയാണ് സുരേഷ് ഗോപി ചെയ്തത്.

വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയുടെ ക്യാമ്പ് ഓഫീസിലേക്ക് സി.പി.ഐ.എം മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ‘തൃശൂര്‍ എടുത്തതല്ല, കട്ടതാണ്’ എന്ന മുദ്രാവാക്യങ്ങളോട് കൂടിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ഇടത് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധവുമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി. എം.പി ഓഫീസിന്റെ മുന്നിലുള്ള ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതിന് സി.പി.ഐ.എം പ്രവര്‍ത്തകനായ വിപിനെ പൊലീസ് അറസ്റ്റ് ചെയ്തു.

നേരത്തെ 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ വി.എസ്. സുനില്‍കുമാര്‍ ബി.ജെ.പിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.

കൂടാതെ മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ ടി.എന്‍. പ്രതാപന്‍ സുരേഷ് ഗോപിക്കെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.എന്‍. പ്രതാപന്റെ പരാതി.

വോട്ട് ചോരി വിവാദത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും അദ്ദേഹത്തിന്റെ പങ്കാളി റാണിയ്ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയിരുന്നു. തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ഇവരുടെ പേര് വോട്ടര്‍ പട്ടികയിലുള്ളത്.

ലക്ഷ്മി നിവാസ് എന്ന സുരേഷ് ഗോപിയുടെ കുടുംബ വീടിന്റെ അഡ്രസ്സിലാണ് കൊല്ലം ലോക്സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരുവരുടെയും പേരുകളുള്ളത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭാരത് ഹെറിറ്റേജ് വീടിന്റെ മേല്‍വിലാസത്തിലാണ് ഇരുവരുടെയും പേര് ചേര്‍ത്തിരിക്കുന്നത്.

Content Highlight: V Sivan Kutty mocks Suresh Gopi

We use cookies to give you the best possible experience. Learn more