| Tuesday, 25th November 2025, 7:07 pm

ട്വന്റി 20 സ്ഥാനാര്‍ത്ഥിയോട് കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് വി.ഡി. സതീശന്‍; ഫോണ്‍ സംഭാഷണം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ട്വന്റി 20 സ്ഥാനാര്‍ത്ഥിയോട് കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മരട് നഗരസഭയിലെ സ്ഥാനാര്‍ത്ഥി മാനുവലിനോടാണ് വി.ഡി. സതീശന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇരുവരുടെയും ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ സംഭവം ചര്‍ച്ചയ്ക്ക് വഴിവെച്ചു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്നുമാണ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടത്. വരും ദിവസങ്ങളില്‍ നേരില്‍ കാണാമെന്നും സംഭാഷണത്തിനിടെ സതീശന്‍ പറയുന്നുണ്ട്.

‘മാനുവല്‍ എന്താ ഇങ്ങനെ. മാനുവല്‍ നമ്മുടെ കൂടെ, കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. വേറെ തീരുമാനമൊന്നും എടുക്കരുത്. സംഘടനാപരമായി നമുക്ക് ഇടപെടാം. പാര്‍ട്ടിയ്ക്കകത്ത് നില്‍ക്കണം. അങ്ങനെ പോവരുത്… കേട്ടോ. മാനുവല്‍ അടിസ്ഥാനപരമായി ഒരു കോണ്‍ഗ്രസുകാരന്‍ അല്ലേ? എനിക്കറിയാം അവിടുത്തെ ചില വിഷയങ്ങളൊക്കെ. അതെല്ലാം ഞാന്‍ പരിഹരിച്ച് തരാം. പാര്‍ട്ടിക്കായിട്ട് നില്‍ക്കണം. സംഘടനാപരമായി നില്‍ക്കാനുള്ള എല്ലാ സാഹചര്യവും ഞാന്‍ ഉണ്ടാക്കി തരാം.

വ്യക്തിപരമായി ഞാന്‍ തന്നെ ആ കാര്യങ്ങളെല്ലാം നോക്കിക്കോളാം. തന്റെ ഫാദറിനെ എല്ലാം അറിയാവുന്നതല്ലേ… ഞാന്‍ പൂര്‍ണമായും സംരക്ഷിച്ചോളാം. ഇതിനിടെ നമുക്കൊന്ന് കാണുകയും ചെയ്യാം. ആര് എതിര്‍ത്താലും സംഘടനാപരമായി മനുവലിനെ ഞാന്‍ അവിടെ നിര്‍ത്തിക്കോളാം. എല്ലാ സഹായവും ചെയ്ത് തരാം. മത്സരിക്കരുതേ. അങ്ങനെ ഒന്നും ചെയ്യരുത്. ഇതൊരു അഭ്യര്‍ത്ഥനയാണ്. ഒരു സഹോദരനായിട്ടാണ് പറയുന്നത്. ഒന്നുകൂടി തീരുമാനിക്കൂ,’ വി.ഡി. സതീശന്റെ വാക്കുകള്‍.

സംഭവത്തില്‍ ഇതുവരെ വി.ഡി. സതീശന്‍ പ്രതികരിച്ചിട്ടില്ല. മരട് ആശുപത്രി വാര്‍ഡിലാണ് മാനുവല്‍ മത്സരിക്കുന്നത്. മാനുവല്‍ തന്നെയാണ് വി.ഡി. സതീശന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത്.

Content Highlight: V. Satheesan demands that the Twenty20 candidate should stand with the Congress

We use cookies to give you the best possible experience. Learn more