| Monday, 21st July 2025, 10:00 pm

അരികുവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവർത്തിച്ച നേതാവ്: രാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുസ്മരിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തില്‍ ദുഖമുണ്ടെന്നും അരികുവത്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നല്‍കിയെന്നും രാഷ്ട്രപതി പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികള്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. എക്‌സിലൂടെയാണ് രാഷ്ട്രപതി അനുശോചനം അറിയിച്ചത്.

ഹൃദയാഘാതത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന വി.എസ് ഇന്ന് വൈകീട്ട് മൂന്നേ ഇരുപതോടെയാണ് അന്തരിച്ചത്. ഒരുമാസമായി തിരുവനന്തപുരത്തെ പട്ടം എസ്.യു.ടി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. അടുത്ത് ആരോഗ്യനിലയില്‍ പുരോഗതി വന്നെങ്കിലും പിന്നീട് നില വീണ്ടും വഷളാകുകയായിരുന്നു.

വി.എസ്സിൻ്റെ മൃതദേഹം എ.കെ.ജി സെൻ്ററിൽ പൊതുദർശനത്തിന് വെച്ചു. രാത്രിയോടെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ (22-07-25)  രാവിലെ ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനം വെക്കും. ദര്‍ബാര്‍ഹാളില്‍വെച്ച് ഔദ്യോഗികമായ യാത്രയയപ്പ് നല്‍കും.

എല്ലാവരേയും പൊതുദര്‍ശനത്തില്‍ അനുവദിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ദേശീയപാത വഴി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലേക്ക് രാത്രിയോട് എത്തിച്ചേര്‍ന്ന ശേഷം മറ്റന്നാള്‍ രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി പൊതുദര്‍ശനത്തിന് അനുവദിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാടില്‍ സംസ്‌കരിക്കും.

Content Highlight: V.S worked for the welfare of people, especially the marginalised, and contributed to the development of Kerala: President of India

We use cookies to give you the best possible experience. Learn more