| Saturday, 6th April 2013, 10:48 am

കഞ്ഞിക്കുഴി: 'അനര്‍ഹ നടപടികള്‍ ഉണ്ടായാല്‍ പ്രതികരണം സ്വാഭാവികം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അനര്‍ഹ നടപടികള്‍ ഉണ്ടായാല്‍ പ്രതികരണം സ്വാഭാവികമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. കഞ്ഞിക്കുഴിയിലെ വിമത പ്രശ്‌നം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് വി.എസ്സിന്റെ പ്രതികരണം. []

കഞ്ഞിക്കുഴിയിലെ പ്രശ്‌നത്തില്‍ വിമതരുടെ പക്ഷത്താണ് താനെന്ന് വ്യക്തമാക്കുന്നതാണ് വിഎസ്സിന്റെ പ്രതികരണം.

കഞ്ഞിക്കുഴി ഏരിയാകമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കപ്പെട്ട സി.കെ ഭാസ്‌കരന്‍ അനുകൂലികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

ഏകപക്ഷീയമായ തീരുമാനം നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും തീരുമാനം പുന:പരിശോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം നടന്ന ഏരിയാകമ്മിറ്റി യോഗത്തില്‍ നിന്ന് ഇവര്‍ ഇറങ്ങിപ്പോവുകയും ചെയ്തു.

ഏരിയാ സമ്മേളനങ്ങളില്‍ വിഭാഗീയത നടന്നെന്ന കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി വി.കെ.ഭാസ്‌കരന്‍, അരൂര്‍ ഏരിയാ സെക്രട്ടറി പ്രഭാകരന്‍ എന്നിവരെ നീക്കാന്‍ തീരുമാനമായത്. സമ്മേളന കാലത്ത് ജില്ലയില്‍ രൂപപ്പെട്ട വി.എസ്, ഐസക് ചേരിയില്‍പ്പെട്ടവരാണ് ഇരുവരും.

കഴിഞ്ഞ വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അരൂര്‍, കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി മുതിര്‍ന്ന നേതാവ് സി.കെ. ഭാസ്‌കരന്‍, അരൂര്‍ ഏരിയ സെക്രട്ടറി ടി.വി.തങ്കപ്പന്‍ എന്നിവരെ അതാത് സ്ഥാനങ്ങളില്‍നിന്ന് മാറ്റി പകരം ജില്ലാ സെക്രട്ടേറിയറ്റംഗം ജി. വേണുഗോപാലിനെ അരൂര്‍ സെക്രട്ടറിയായും കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ നേതാവ് സി.കെ.സുരേന്ദ്രനെ കഞ്ഞിക്കുഴി സെക്രട്ടറിയായും നിയമിക്കാനായിരുന്നു തീരുമാനം.

കഞ്ഞിക്കുഴിയിലെ പുനഃസംഘടിപ്പിച്ച 17 അംഗ കമ്മിറ്റിയില്‍ 10 പേര്‍ സുധാകര അനുകൂലികളും ഏഴുപേര്‍ ഐസക് വി.എസ്.പക്ഷക്കാരുമാണ്.
നിലവില്‍ കമ്മിറ്റിയംഗങ്ങളായിരുന്ന ജില്ലാപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി.പി. മംഗളാമ്മ, കേരള സര്‍വകലാശാ യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എം. സന്തോഷ്‌കുമാര്‍, ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി ജെ. ജയലാല്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. എ.കെ. പ്രസന്നന്‍, പി.എസ്. കുഞ്ഞപ്പന്‍, പി. സുരേന്ദ്രന്‍, കെ.വി. ജയന്‍, കെ.കെ. ചെല്ലപ്പന്‍ എന്നിവരാണ് കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെട്ടവര്‍.

അരൂരില്‍ 16 അംഗ കമ്മിറ്റിയാണ് പുനഃസംഘടിപ്പിച്ചത്. സുധാകരപക്ഷത്ത് 10 പേരും ഐസക് വി.എസ്.പക്ഷത്ത് ആറുപേരുമുണ്ട്. നിലവിലുള്ള കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ : എല്‍. ഔസേഫ്, ടി.ബി. ഉണ്ണിക്കൃഷ്ണന്‍, വി.കെ. ഉദയകുമാര്‍, വി.കെ. കുഞ്ഞപ്പന്‍, കെ.ഒ. ഔസേഫ്, എല്‍.വി. ബാബു, പി. ഉദയകുമാര്‍, ഗീത രംഗനാഥ്, പി. അരവിന്ദന്‍.

പുതുതായി ഉള്‍പ്പെടുന്നവര്‍ : മുന്‍ ഏരിയ സെക്രട്ടറി അഡ്വ. ബി. അരവിന്ദ്, ആര്‍. അശോകന്‍, പി.ഡി. രമേശന്‍, സി.ടി. വാസു, പി.എന്‍. മോഹനന്‍, ടി.കെ. കരുണാകരന്‍, സി.എം. കുഞ്ഞിക്കോയ.

Latest Stories

We use cookies to give you the best possible experience. Learn more