വി.എസ്. എന്ന രണ്ടക്ഷരം രാഷ്ട്രീയ ഭൂമികയില്‍ പലപ്പോഴായി ഉയര്‍ന്നുകേട്ട പേരാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നെടുന്തൂണായി നിന്ന വി.എസ് മതപരമായ കാര്യങ്ങളില്‍ പുരോഗമനപരമായ നിലപാടുകളാണ് സ്വീകരിച്ചത്. മതനിരപേക്ഷതയെ എക്കാലവും ഉയര്‍ത്തിപ്പിടിച്ച അദ്ദേഹം മതങ്ങള്‍ക്കെതിരെ നേരിട്ട് പ്രസ്താവനകളോ വിമര്‍ശനങ്ങളോ ഒരിക്കലും നടത്തിയിട്ടില്ല.
എന്നാല്‍ മതങ്ങളുടെയുള്ളിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസത്തിനെതിരായും അദ്ദേഹം ശബ്ദമുയര്‍ത്തിയിട്ടുണ്ട്. ഒരു പ്രത്യേക മതത്തെ മാത്രം ലക്ഷ്യം വെക്കാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രീയത്തില്‍ മതം അമിതമായി ഇടപെടുന്നതിനെതിരെ അദ്ദേഹം പലപ്പോഴായി വിമര്‍ശിച്ചിട്ടുണ്ട്. ശാസ്ത്രബോധവും സാമൂഹിക സമത്വവും ഉയര്‍ത്തിപ്പിടിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്.
ക്രിസ്ത്യന്‍ സഭകളുടെ കീഴിലുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ അഡ്മിഷന് വേണ്ടി ഭീമമായ തുക ഈടാക്കുന്നതിനെ അദ്ദേഹം പരിഹസിച്ചത് ശ്രദ്ധേയമായിരുന്നു. ‘കേരളത്തിലെ പല രൂപതകളും രൂപ…താ… രൂപ..താ… എന്ന നിലയിലേക്ക് ഇപ്പോള്‍ മാറി’ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഗോസംരക്ഷണത്തിന്റെ പേരില്‍ നടന്ന വിവാദത്തില്‍ അദ്ദേഹം നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. ‘പശു അമ്മയാണെന്നാണ് അവര്‍ പറയുന്നത്. സ്വന്തം അമ്മയുടെ മൂക്കില്‍ കയറിട്ട് ആരെങ്കിലും നടത്തിക്കുമോ?. രണ്ടുപേര്‍ ചേര്‍ന്ന് വലിച്ച് കൊണ്ടുപോകുന്നത് മൂക്കില്‍ കയറിട്ടുകൊണ്ടാണ്. പശു അമ്മയാണെന്ന് പറയുന്നവരോട് കാള നിങ്ങളുടെ ആരാണെന്ന് കൂടെ ചോദിക്കുകയാണ്. നിങ്ങളുടെ അച്ഛനാണോ അത്?’ എന്ന വി.എസിന്റെ പ്രസംഗം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
102ാം വയസില്‍ വിടപറഞ്ഞ വി.എസ്. അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തില്‍ ഒരുപാട് ചരിത്രപരമായ ഇടപെടല്‍ നടത്തിയിരുന്നു. മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവായും രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന അദ്ദേഹം ഒട്ടനവധി എതിര്‍പ്പുകളെയും അവഗണിച്ചായിരുന്നു മുന്നോട്ടുപോയത്. പരിസ്ഥിതിക്കെതിരെയുള്ള പ്രശ്‌നങ്ങളില്‍ അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പലപ്പോഴും ശ്രദ്ധ നേടിയിരുന്നു. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതും പ്ലാച്ചിമടയില്‍ കോളക്കമ്പനിക്കെതിരെ പോരാടിയതും സമരവഴികളിലെ ഏടുകളായിരുന്നു.
Content Highlight: V S Achuthanandan’s statements against Sangh Parivar and Christian Sabha