കോഴിക്കോട്: എഴുത്തുകാരന്‍ വി.ആര്‍ സുധീഷ് നല്‍കിയ അപകീര്‍ത്തി കേസില്‍ സംസ്‌കാരിക സാഹിതി ജനറല്‍ സെക്രട്ടറി എം.എ ഷഹനാസ് കോടതിയില്‍ കീഴടങ്ങി. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്.
2023ലാണ് സുധീഷ് ഷഹനാസിനെതിരെ കേസ് നല്‍കിയത്. സോഷ്യല്‍മീഡിയയിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നായിരുന്നു സുധീഷിന്റെ പരാതി.
വ്യക്തി ജീവിതത്തിനും സാമൂഹിക ജീവിതത്തിനും ദോഷകരമാകുന്ന തരത്തില്‍ ഷഹനാസ് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് അഡ്വ. പി. രാജേഷ് മുഖേനെ കേസ് നല്‍കുകയായിരുന്നു.
പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും സുധീഷ് ഷഹനാസിനോട് ആവശ്യപ്പെട്ടിരുന്നു.
25 ലക്ഷം രൂപ നഷ്ടപരിഹാരവും ചോദിച്ചാണ് കേസില്‍ ഷഹനാസിന് നോട്ടീസ് അയച്ചിരുന്നത്.
നേരത്തെ വി.ആര്‍ സുധീഷിന്റെ പരാതിയില്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഷഹനാസിനെ അറസ്റ്റ് ചെയ്യാത്ത ബേപ്പൂര്‍ എസ്.എച്ച്.ഒ ആയ സി.ഐയ്ക്ക് കോടതി മെമ്മോയും അയച്ചിരുന്നു. ഫെബ്രുവരി അഞ്ചിനായിരുന്നു മെമ്മോ അയച്ചിരുന്നത്.
2025 ജൂണ്‍ 28ന് ഷഹനാസിന് ജാമ്യത്തോടുകൂടിയുള്ള വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും അവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല.
തുടര്‍ന്ന് ഡിസംബര്‍ 26ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് മറ്റൊരു നിര്‍ദേശവും പുറപ്പെടുവിച്ചു. ഇതും ഷഹനാസ് തള്ളിക്കളഞ്ഞതോടെയാണ് കോടതി ഈ മാസം 20ന് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
Content Highlight: V.R. Sudheesh’s defamation case: M.A. Shahnaz surrenders in court