| Tuesday, 18th November 2025, 12:03 pm

2020 വോട്ടര്‍ പട്ടികയിലും വി.എം. വിനുവിന്റെ പേരില്ല; അന്ന് വോട്ട് ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാത്ത സംഭവത്തില്‍ വീണ്ടും വഴിത്തിരിവ്. സി.പി.ഐ.എം തന്റെ വോട്ട് വെട്ടി എന്ന് വിനുവും കോഴിക്കോട് ഡി.സി.സിയും ആരോപിക്കുമ്പോഴും 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ല എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2020ലെ തെരഞ്ഞെടുപ്പില്‍ താന്‍ വോട്ട് ചെയ്തു എന്നാണ് വി.എം. വിനു അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയും അന്നത്തെ സ്ഥാനാര്‍ത്ഥിയും വിനുവിന്റെ വാദത്തെ പിന്താങ്ങുന്നുമുണ്ട്. എന്നാല്‍ അന്നത്തെ വോട്ടര്‍ പട്ടികയിലും വിനുവിന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും സി.പി.ഐ.എം വെട്ടിമാറ്റിയെന്നാണ് വി.എം. വിനും ആരോപിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ സി.പി.ഐ.എമ്മിന്റെ കളിയാണെന്നും അദ്ദേഹം ആരോപിക്കുന്നു. വിഷയത്തില്‍ കോര്‍പ്പറേഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

കഴിഞ്ഞ ദിവസമാണ് വോട്ടര്‍ പട്ടികയില്‍ വി.എം. വിനുവിന്റെയും കുടുംബത്തിന്റെയും പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന വിവരം പുറത്തുവരുന്നത്. സി.പി.ഐ.എമ്മിന്റെ വോട്ട് ചോരിയെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

കല്ലായി ഡിവിഷനില്‍ നിന്നും മത്സരിക്കാനായി പ്രചാരണം പോലും ആരംഭിച്ച സാഹചര്യത്തിലാണ് വി.എം. വിനുവിനും ഭാര്യയ്ക്കും വോട്ടില്ലെന്ന് വ്യക്തമായത്. പുതുക്കിയ വോട്ടര്‍ പട്ടികയില്‍ നിന്നാണ് ഇരുവരുടെയും പേര് നഷ്ടമായിരിക്കുന്നത്.

സി.പി.ഐ.എമ്മിന് ജയിക്കാന്‍ വേണ്ടി കരുതിക്കൂട്ടി നടത്തിയ നാടകമാണിതെന്നാണ് കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ പറഞ്ഞത്.

വി.എം. വിനുവിന് വോട്ടര്‍ ഐ.ഡി കാര്‍ഡുണ്ട്. എന്നാല്‍ വോട്ടില്ല. അദ്ദേഹത്തിന് വോട്ടില്ലാത്തത് അസാധാരണ സംഭവമാണ്. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണ്.

വിഷയത്തില്‍ കളക്ടറെ കാണുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ നാല്‍പ്പതിലേറെ വര്‍ഷമായി വോട്ട് ചെയ്യുന്ന വ്യക്തിയാണ് താനെന്നാണ് വി.എം. വിനു പ്രതികരിച്ചത്. എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്ലായിയില്‍ നിന്നും വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെന്നും ശക്തമായ രീതിയില്‍ തന്നെയാണ് പ്രചാരണം നടത്തിയിരുന്നതെന്നും വി.എം. വിനു പറഞ്ഞു. എന്നാല്‍ മത്സരിക്കുന്നുവെന്ന് പറഞ്ഞതോടെ തന്റെ വോട്ട് നഷ്ടപ്പെട്ടു. കോടതിയില്‍ തനിക്ക് വിശ്വാാസമുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എല്ലായിടത്തും പ്രചാരണത്തിനെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: V.M. Vinu’s name is not in the 2020 voter list; Congress reiterates that he voted that day

We use cookies to give you the best possible experience. Learn more