കണ്ണൂര്‍: പയ്യന്നൂരില്‍ കഴിഞ്ഞദിവസം സി.പി.ഐ.എം നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തെയും അതില്‍ സംസാരിക്കവെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഉന്നയിച്ച വാദങ്ങളെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുമായി എം.എല്‍.എ വി. കുഞ്ഞികൃഷ്ണന്‍.
ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെടും മുമ്പ് വടകരയിലും ഇതുപോലൊരു രാഷ്ട്രീയ വിശദീകരണ യോഗം പാര്‍ട്ടി നടത്തിയിട്ടുണ്ടെന്ന് കു്ഞ്ഞികൃഷ്ണന്‍ പറഞ്ഞു. വിശദീകരിക്കാന്‍ ചെന്ന നേതാവ് ചെങ്കൊടി താഴ്ത്താന്‍ ടി.പിയോട് ആക്രോശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് മൃഗീയമായി ടി.പി കൊല്ലപ്പെട്ടതെന്നും അദ്ദേഹം സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു.
വടകരയില്‍ നിന്ന് വ്യത്യസ്തമായി പയ്യന്നൂരില്‍ ‘പാര്‍ട്ടിയെ വഞ്ചിച്ചവരാരും പിന്നീട് വളര്‍ന്നിട്ടില്ലെന്നും രക്തസാക്ഷി ധനരാജിന്റെ പേരിനി ഉച്ഛരിച്ചു പോകരുതെന്നുമാണ്’ നേതാക്കള്‍ പറഞ്ഞതെന്നും കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ പോലുമാക്കാതെ നേരത്തെ മറ്റെല്ലാവരും നിരന്തരം പറഞ്ഞതൊക്കെ തന്നെ പിണറായിയും ആവര്‍ത്തിച്ചു എന്നതൊഴിച്ചാല്‍ പുതുമയുള്ള മറ്റൊന്നും അദ്ദേഹം പറഞ്ഞതായി കേട്ടില്ലെന്നും കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വന്നപ്പോഴുണ്ടായിരുന്ന നേരിയ പ്രതീക്ഷയും ഇതോടെ അവസാനിച്ചിരിക്കുന്നു. ഒരു തിരുത്തലിനും പാര്‍ട്ടി തയ്യാറല്ലെന്നും തെറ്റ് പറ്റിയത് ജനങ്ങള്‍ക്കാണെന്നും രാഷ്ട്രീയമായി വിശദീകരിച്ച സ്ഥിതിക്ക് ഇനിയെന്ത് തെറ്റ് തിരുത്തല്‍? തിരുത്താനുള്ള ശ്രമത്തെ ഇനിയും തിരിച്ചറിയാത്ത നേതൃത്വത്തെ കാലക്രമത്തില്‍ അണികള്‍ തച്ചുടക്കുമോ എന്നത് കണ്ട് തന്നെ അറിയാമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാരമ്പര്യത്തെ ഉയര്‍ത്തിപ്പിടിച്ചും, തിരുത്തല്‍ ശക്തിയായി നിലനിന്നും ജനങ്ങളാണ് പയ്യന്നൂരില്‍ സി.പി.ഐ.എമ്മിനെ തോല്‍പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നും, തോറ്റത് പാര്‍ട്ടിയല്ല, പാര്‍ട്ടി സ്ഥാനാര്‍ത്ഥിയല്ല ജനങ്ങളാണെന്നും, തെറ്റ് പറ്റിയത് പാര്‍ട്ടിക്കല്ല ജനങ്ങള്‍ക്കാണ്, അത് കൊണ്ട് തന്നെ തെറ്റ് തിരുത്തി തിരിച്ചു വരേണ്ടതും ജനങ്ങളാണ് എന്ന പ്രഖ്യാപനമാണ് പിണറായി വിജയനും കെ.കെ രാഗേഷും നടത്തിയ പ്രസംഗത്തിന്റെ ആകെ തുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഞങ്ങള്‍ നേതൃത്വത്തിന് യാതൊരുവിധ തെറ്റും സംഭവിച്ചിട്ടില്ല, സംഭവിക്കില്ല, ഇനി സംഭവിച്ചാല്‍ തന്നെ അത് ഞങ്ങള്‍ അംഗീകരിക്കില്ല. തെറ്റു സംഭവിച്ചിരിക്കുന്നതെല്ലാം വോട്ട് ചെയ്ത ജനങ്ങള്‍ക്കാണ്. അത് കൊണ്ടവര്‍ എത്രയും വേഗത്തില്‍ തെറ്റ് തിരുത്തി തിരികെ വരണമെന്നും, ബഹുജനങ്ങളോട് ഞങ്ങള്‍ വസ്തുതയല്ലാതെ മറ്റൊന്നും പറയാറില്ലെന്നതുമാണ് 60 ശതമാനം വോട്ട് ഷെയറുള്ള മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് ആകെ പറയാനുള്ള രാഷ്ട്രീയ വിശദീകരണം!
ആളുകളെ തെറ്റിദ്ധരിപ്പിച്ചു നേടിയ വിജയം, കള്ളം പറഞ്ഞു നേടിയ വിജയം തുടങ്ങിയ വാദങ്ങള്‍ ഇങ്ങനെ നിരന്തരം പറയുമ്പോള്‍ പിന്നെ എന്താണ് നിങ്ങള്‍ക്ക് പറയാനുള്ള സത്യമെന്ന് ജനങ്ങള്‍ തിരിച്ചു ചോദിക്കില്ലെന്നാണോ കരുതുന്നത്? വിഷയങ്ങളെ വക്രീകരിച്ച് ആളുകളെ കബളിപ്പിക്കുന്ന ശീലത്തില്‍ നിന്ന് രാകേഷിനും പിണറായിക്കും ഇനി എന്നാണ് മാറ്റമുണ്ടാവുക,’ കുഞ്ഞികൃഷ്ണന്‍ കുറിച്ചു.
‘കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യങ്ങളെ പറ്റി പറയുന്ന ഭാഗത്ത് നേതാക്കളുടെ അഹംഭാവം, അഴിമതി, സ്വജനപക്ഷപാതം, ആര്‍ഭാടജീവിതം എന്നിവയെ കുറിച്ച് കൃത്യമായി തന്നെ പരാമര്‍ശിക്കുന്നത് ഈ ജനങ്ങള്‍ ആരും കണ്ടില്ലെന്നാണോ പാര്‍ട്ടി ഇപ്പോഴും വിചാരിക്കുന്നത്? പയ്യന്നൂരിലും, തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച വന്ന കാര്യവും, ജില്ല കമ്മറ്റി അത് അംഗീകരിച്ച കാര്യവും ഇതേ കേന്ദ്ര കമ്മറ്റി റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നില്ലേ?
ഇതൊക്കെ അറിയുന്ന കെ.കെ. രാകേഷ് പറയുന്നു പാര്‍ട്ടി ഫണ്ടില്‍ ഒരു വെട്ടിപ്പും നടന്നിട്ടില്ല, ടി.ഐ മധുസൂധനനെ സ്ഥാനാര്‍ത്ഥി ആക്കാതിരുന്നാല്‍ വി. കുഞ്ഞികൃഷ്ണന്‍ പറയുന്നത് പാര്‍ട്ടി അംഗീകരിച്ചു എന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും, അത് കൊണ്ടാണ് സ്ഥാനാര്‍ത്ഥിയാക്കിയത് എന്ന്! പാര്‍ട്ടിയേക്കാള്‍ വലിയ വ്യക്തി താല്പര്യമായിരുന്നു ആ തീരുമാനത്തിന് പിറകില്ലെന്ന് മനസ്സിലാക്കാന്‍ ഇതില്‍ കൂടുതല്‍ ഒരു വിശദീകരണവും നിങ്ങളിനി ഇന്നാട്ടിലെ ജനങ്ങള്‍ക്ക് നല്‍കാനില്ല!,’ എന്നും പയ്യന്നൂര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു.
തങ്ങള്‍ തിരെഞ്ഞെടുപ്പില്‍ പോരാടിയത് ജയിക്കാനല്ലെന്നും സ്വതന്ത്രന്‍ എന്ന നിലയില്‍ എന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് ശേഷമാണ് യു.ഡി.എഫ് പിന്തുണ നല്‍കിയത് എന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. തനിക്ക് പിന്തുണ തന്നത് സംബന്ധിച്ച് യു.ഡി.എഫില്‍ ആദ്യ ഘട്ടത്തില്‍ അസ്വാരസ്യം പ്രകടമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പയ്യന്നൂരില്‍ ആരൊക്കെ വന്നാലും പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന നിങ്ങളുടെ അമിത ആത്മവിശ്വാസമാണ് പയ്യന്നൂരിലെ ജനം തിരുത്തി കുറിച്ചത്. അന്‍പതിനായിരം എന്ന മൃഗീയ ഭൂരിപക്ഷത്തെ കാര്യമായ പിന്തുണയില്ലാതെ ഒരാള്‍ വെല്ലുവിളിക്കുന്നത് പുച്ഛത്തോടെ മാത്രമാണ് നിങ്ങള്‍ നോക്കി കണ്ടത്. അഞ്ച് ആളുകള്‍ ചേര്‍ന്ന് നില്‍ക്കാനില്ലാത്തവര്‍ എന്ന പരിഹാസമാണ് നിങ്ങള്‍ ആദ്യാവസാനം ഞങ്ങള്‍ക്കെതിരെ ചൊരിഞ്ഞത്.
പയ്യന്നൂരിന്റെ രാഷ്ട്രീയ മനസിനെ നിങ്ങള്‍ വിലകുറച്ച് കണ്ടു. ഇന്നാട്ടിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ നിങ്ങള്‍ ചോദ്യം ചെയ്തു. കായികമായി ഞങ്ങളെ നിങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഭീഷണി മുഴക്കി ഭയപ്പെടുത്താന്‍ നോക്കി. ഇതിന്റെ ഫലമാണ് നിങ്ങള്‍ നേരിട്ട വന്‍ പരാജയം. എന്നിട്ടും നിങ്ങളുടെ അഹന്തയ്ക്കും സ്വജനപക്ഷപാതത്തിനും ഒരു മാറ്റവുമുണ്ടായിട്ടില്ല. ഒരു തിരുത്തലുമില്ല. നിങ്ങള്‍ എന്തും പറയും, എങ്ങനെയും പറയും, എത്ര വക്രീകരിച്ചും പറയും. അത് എല്ലാവരും അംഗീകരിക്കണം എന്ന നിങ്ങളുടെ നിര്‍ബന്ധ ബുദ്ധിയാണ് ആദ്യം ഇല്ലാതാവേണ്ടത്. ജനങ്ങള്‍ ഇതൊക്കെ ഓഡിറ്റ് ചെയ്യുന്ന കാലത്തിലാണ് ജീവിക്കുന്നതെന്ന ബോധ്യമാണ് ഇനിയെങ്കിലും ഉണ്ടാക്കി എടുക്കേണ്ടത്,’ കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പയ്യന്നൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പിണറായി വിജയന്‍ സംസാരിക്കുന്നത് കേട്ടപ്പോള്‍ തനിക്ക് ഓര്‍മ്മ വന്നത് സഖാവ് കെ ദാമോദരനെയാണെന്നും അദ്ദേഹം പറഞ്ഞു.
‘1957 ല്‍ ഇ.എം.എസ് മന്ത്രിസഭാ കാലത്ത് കൊല്ലം ചന്ദനത്തോപ്പിലെ ഹിന്ദുസ്ഥാന്‍ കാഷ്യൂ ഫാക്ടറിയില്‍ ബോണസിനും മറ്റ് അവകാശങ്ങള്‍ക്കുമായി സമരം നടത്തിയ തൊഴിലാളികളെ, തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി അധികാരത്തിലിരിക്കെ പോലീസ് വെടിവച്ചു കൊലപ്പെടുത്തിയപ്പോള്‍, ഈ സംഭവത്തെ പൊതു യോഗങ്ങളില്‍ സഖാവ് കെ. ദാമോദരന് ന്യായീകരിക്കേണ്ടി വന്ന ഒരു സന്ദര്‍ഭമുണ്ട് ചരിത്രത്തില്‍.
അവകാശങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ഇറങ്ങി സമരം ചെയ്ത അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളികളായ സഖാക്കള്‍ മരണപ്പെട്ടപ്പോള്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം വെടിവെപ്പിനെ ന്യായീകരിച്ച് സംസാരിക്കാന്‍ ഇടവന്ന സഖാവ് കെ. ദാമോദരന്‍ വിഷാദനായി വീട്ടില്‍ തിരിച്ചു വന്നതും, പറഞ്ഞു പോയ നട്ടാല്‍ കുരുക്കാത്തതും, സാമാന്യ ബുദ്ധിക്ക് യോജിക്കാത്തതും, കമ്മ്യൂണിസ്റ്റ് നിലപാടുകള്‍ക്ക് വിരുദ്ധമായതുമായ ന്യായീകണങ്ങണോര്‍ത്ത് വായില്‍ വിരല്‍ കുത്തിയിറക്കി ഛര്‍ദിച്ച കഥ കേട്ടിട്ടുണ്ട് മുമ്പ്.
ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ സാധിക്കാതെ ഉറക്കം നഷ്ടപ്പെട്ട, പിന്നീട് പാര്‍ട്ടി നിര്‍ദേശിച്ചിട്ടും ആ വെടിവയ്പ്പിനെ കുറിച്ച് പ്രസംഗിച്ച് ന്യായീകരിക്കാന്‍ തയ്യാറാകാത്ത സഖാവ് കെ. ദാമോദരന്റെ പാരമ്പര്യമുള്ള അതേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് തന്നെയല്ലേ പിണറായി വിജയന്‍ ബഹുജനങ്ങളോടും, പാര്‍ട്ടിക്കാരോടും പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദി പാര്‍ട്ടിയല്ല അണികളാണെന്നും, തെറ്റ് പറ്റിയത് പാര്‍ട്ടിക്കല്ല, വോട്ടര്‍മാര്‍ക്കാണെന്നും പ്രസംഗിക്കുന്നത്,’ കുഞ്ഞികൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘മുന്‍ എം.എല്‍.എ ടി.ഐ. മധുസൂദനനെ സംരക്ഷിക്കാന്‍ നോക്കുന്നതിനിടയില്‍ നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ പറഞ്ഞ ഒരു കാര്യമുണ്ട്, പയ്യന്നൂരിലെ ഫണ്ട് വിനിയോഗത്തില്‍ പാളിച്ച വന്നിട്ടുണ്ടെന്ന്. കണക്ക് പറയാന്‍ ഞങ്ങള്‍ വൈകിപ്പോയിട്ടുണ്ടെന്ന്, രണ്ടും മൂന്നും തവണ ഓഡിറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന്, അതിന്റെ വിശദീകരണമാണ് പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം തന്നെ ആ കണക്ക് ഓഡിറ്റ് ചെയ്ത ഞാന്‍ പുറത്ത് വിട്ടതെന്ന് നിങ്ങള്‍ എന്തേ മറന്ന് പോയത്?
സി.എം.ആര്‍.എല്‍ അഴിമതിയില്‍ ഭഗവാക്കായ, മുതലാളിത്തത്തിന്റെ ചങ്ങാതി ആയ, കര്‍ഷകവര്‍ഗ്ഗ തൊഴിലാളികള്‍ കെട്ടിപ്പടുത്ത പ്രസ്ഥാനത്തെ സ്വന്തം സാമ്പത്തികാഭിവൃതിക്കുള്ള ഉപാധിയാക്കിയ, അഴിമതിയുടെ തെളിവുകളും റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടും അതിനെ കുറിച്ചൊരക്ഷരം മിണ്ടാതെ, എന്റെ കൈ ശുദ്ധമാണെന്നും മടിയില്‍ കനമില്ലെന്നും പറയാന്‍ യാതൊരു മടിയില്ലാത്ത പിണറായി വിജയന്റെ ബോധമല്ല പക്ഷെ, ഞങ്ങളെ മുന്നോട്ട് നയിക്കുന്ന കമ്മ്യൂണിസ്റ്റ് ബോധം. അതുകൊണ്ട് തന്നെ കെകെ രാഗേഷിന്റെ വിതണ്ഡവാദങ്ങളുടെ ആവര്‍ത്തനത്തെയോ, പകലിനെ രാത്രിയായി കാണണം എന്ന പിണറായി വിജയന്റെ ശാഠ്യത്തേയോ ഭയക്കുന്നില്ല. അതിന് മുന്നില്‍ കീഴടങ്ങുന്നുമില്ല.
എന്റെ വിധേയത്വം ഒരു കാലത്തും നേതാക്കളോടായിരുന്നില്ല. എല്ലാ കാലത്തുമത് ആശയത്തോടും സത്യത്തോടുമായിരുന്നു. ഇനി അങ്ങോട്ടും അത് അങ്ങനെ തന്നെ ആയിരിക്കും. അതുകൊണ്ട് സത്യത്തിന്റെ ശക്തിയില്‍ ആരംഭിച്ച ഈ പോരാട്ടം സത്യത്തിന്റെ പിന്തുണയില്‍ തന്നെ മുന്നോട്ട് പോകും. സത്യത്തിന്റെ വിജയത്തില്‍ ലക്ഷ്യപ്രാപ്തി കൈവരിക്കും.
നേതാക്കള്‍ മാറുന്നതിനനുസരിച്ചു മാറുന്നതല്ല ഞങ്ങളാരും ഉയര്‍ത്തി പിടിക്കുന്ന മൂല്യ ബോധ്യവും, വര്‍ഗ രാഷ്ട്രീയവും, രാഷ്ട്രീയ ബോധവും. നിങ്ങളെത്ര വിശദീകരണ യോഗങ്ങള്‍ നടത്തിയാലും, ഭീഷണി മുഴക്കിയാലും, ഇല്ലാതാക്കാന്‍ ശ്രമിച്ചാലും, ഇനി ഞങ്ങളില്‍ ആരെ എങ്കിലും ഇല്ലാതാക്കിയാല്‍ തന്നെയും ബാക്കി ആവുന്ന മനുഷ്യര്‍ ഈ സമൂഹത്തില്‍ ഇറങ്ങി ചെന്ന് വര്‍ദ്ധിത വീര്യത്തോടെ പോരാടുക തന്നെ ചെയ്യും,’ പയ്യന്നൂര്‍ എം.എല്‍.എ കുറിച്ചു.
Content Highlight: V Kunhikrishnan’s Facebook Post Criticizing Pinarayi Vijayan and CPIM