സിനിമാപ്രേമികള്‍ക്ക് ഏറെ സന്തോഷം നല്‍കിയ വാര്‍ത്തയാണ് ഇന്ന് പുറത്തുവന്നത്. ആറ് മാസത്തിനടുത്തായി സിനിമയില്‍ നിന്ന് വിട്ടുനിന്ന മമ്മൂട്ടി തിരിച്ചുവരുന്നെന്ന വാര്‍ത്ത വലുപ്പചെറുപ്പമില്ലാതെ എല്ലാവരും ആഘോഷമാക്കിയിരിക്കുകയാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് മമ്മൂട്ടി സിനിമയില്‍ നിന്ന് ഇടവേളയെടുത്തത്.
സോഷ്യല്‍ മീഡീയയില്‍ പോലും താരത്തിന്റെ യാതൊരു വിവരവുമില്ലായിരുന്നു. രോഗാവസ്ഥയെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. ഇതില്‍ പലതും തെറ്റാണെന്ന് മമ്മൂട്ടിയുടെ അടുത്തവൃത്തങ്ങള്‍ അറിയിക്കുകയും ചെയ്തു. ഒടുവില്‍ പൂര്‍ണ ആരോഗ്യവാനായി മലയാളസിനിമയുടെ വല്യേട്ടന്‍ തിരിച്ചെത്തുകയാണ്.
കലാ-സാംസ്‌കാരിക രംഗത്തെ പലരും മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പങ്കുവെച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ പലരുടെയും കണ്ണും മനസും നിറച്ചത്. ഓട്ടോയില്‍ പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടയിലാണ് മമ്മൂട്ടിയുടെ ഫോണ്‍ വന്നതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് ആരംഭിച്ചത്.
ഓട്ടോയിലായതിനാല്‍ ആദ്യം വിളിച്ചപ്പോള്‍ കേട്ടില്ലെന്നും രണ്ടാമത് വിളിച്ചപ്പോഴാണ് ഫോണ്‍ എടുത്തതെന്നും കുറിച്ചു. വിളിച്ച കാര്യം എന്താണെന്ന് ചോദിക്കാന്‍ മമ്മൂട്ടി തന്നോട് ആവശ്യപ്പെട്ടെന്നും താന്‍ ചോദിച്ചപ്പോള്‍ ടെസ്റ്റ് പാസായെന്ന് അദ്ദേഹം പറഞ്ഞെന്നും പോസ്റ്റില്‍ പങ്കുവെച്ചു. പാസാകുമെന്ന് തനിക്ക് അറിയാമായിരുന്നെന്ന് പറഞ്ഞപ്പോള്‍ താന്‍ പടച്ചോനാണോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യമെന്നും വി.കെ. ശ്രീരാമന്‍ പറയുന്നു.
ഓട്ടോയിലിരിക്കുന്ന ചിത്രവും മമ്മൂട്ടിയുടെ കൂടെയുള്ള പഴയ ഫോട്ടോയും പോസ്റ്റിനൊപ്പം അദ്ദേഹം പങ്കുവെച്ചു. മമ്മൂട്ടി തിരിച്ചുവരുന്നതിന്റെ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് നിരവധിയാളുകള്‍ കമന്റ് ബോക്‌സില്‍ പ്രതികരിക്കുന്നുണ്ട്. ‘ഉള്ളില്‍ തൊട്ട കുറിപ്പ്’, ‘കരയിപ്പിക്കുന്ന എഴുത്ത്’, എന്നിങ്ങനെ നിരവധി കമന്റുകള്‍ പോസ്റ്റിന് താഴെ കാണാന്‍ സാധിക്കുന്നുണ്ട്.
മമ്മൂട്ടി തിരിച്ചുവരുന്നു എന്ന് ആദ്യം അറിയിച്ചത് അദ്ദേഹത്തിന്റെ സന്തത സഹചാരിയായ ജോര്‍ജും നിര്‍മാതാവ് ആന്റോ ജോസഫുമായിരുന്നു. പിന്നീട് രമേശ് പിഷാരടി, മാലാ പര്‍വതി, നാദിര്‍ഷ എന്നിവരും മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചു.
ഏറ്റവുമൊടുവില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചു. ക്യാപ്ഷനൊന്നുമില്ലാതെ രണ്ട് ഇമോജികള്‍ മാത്രം വെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ പോസ്റ്റ് പങ്കുവെച്ചത്. അടുത്തമാസം പകുതിയോടെ സിനിമയുടെ തിരക്കിലേക്ക് മമ്മൂട്ടി കടക്കുമെന്നാണ് വിവരം.
Content Highlight: V K Sreeraman shares post on Mammootty’s comeback