| Wednesday, 23rd July 2025, 10:02 am

വി.എസുള്‍പ്പെടെ വിത്തുപാകി വിളയിച്ചെടുത്ത മതേതര കേരളമാണ് ഇന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായയിടം: വി.കെ. സനോജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വി.എസിനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. സഖാവ് വി.എസിനെ മുസ്‌ലിം വിരുദ്ധന്‍ ആക്കാന്‍ ശ്രമിക്കുന്ന ഇസ്‌ലാമിക സംഘപരിവാറിനോട് രണ്ട് ചോദ്യങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട്‌ എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മലപ്പുറത്തുകാര്‍ ആകെ തീവ്രവാദികള്‍ എന്ന് സഖാവ് വി.എസ് പറഞ്ഞിരുന്നില്ലെന്നും ഈ പറയുന്ന അഭിമുഖം നടത്തിയ അന്നത്തെ മാധ്യമം ലേഖകന്‍ ആയ എം.സി.എ. നാസര്‍ തന്നെ അക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സനോജ് ചൂണ്ടിക്കാട്ടി.

എന്‍.ഡി.എഫിനെക്കുറിച്ച് പറഞ്ഞത് മുസ്‌ലിങ്ങള്‍ക്ക് എതിരെയാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയായിരുന്നു ഇസ്‌ലാമിക സംഘപരിവാറിന്റെ ലക്ഷ്യം. എം.സി.എ.നാസറിന്റേത് വൈകി വന്ന വിവേകം മാത്രമാണെന്നും വി.കെ. സനോജ് പറഞ്ഞു.

മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ കോപ്പി അടിച്ചാണ് പരീക്ഷകളില്‍ വിജയിക്കുന്നത് എന്ന വാദത്തിലും വാസ്തവം ഇല്ല. 2005ല്‍ നാലകത്ത് സൂപ്പി വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് എന്‍ട്രന്‍സ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ സംബന്ധിച്ച്
ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച അനേകം ചോദ്യങ്ങളില്‍ ഒന്നിനോട് വി.എസ് നല്‍കിയ ഉത്തരം ‘ ക്രമക്കേട് നടന്നിട്ടുണ്ട് എങ്കില്‍ അതും പരിശോധിക്കണം എന്നതാണ്.

ഈ മറുപടിയെ ആണ് മലപ്പുറത്തെ കുട്ടികള്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ കോപ്പി അടിക്കുന്നു എന്നാക്കി ഇസ്‌ലാമിക സംഘപരിവാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. അല്ലായെന്ന് തെളിയിക്കാമോയെന്നും വി.കെ. സനോജ് ചോദിച്ചു.

ഒരു മനുഷ്യായസ്സ് മുഴുവന്‍ മത തീവ്രവാദികളോട് ഒരു വിട്ടുവീഴ്ച്ചയും ചെയ്യാതെ ഈ നാടിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചയാളായിരുന്നു വി.എസ്. അങ്ങനെയൊരു മനുഷ്യനെ അന്ത്യനാളുകളില്‍ മത മൗലികവാദിയാക്കാന്‍ ശ്രമിക്കുന്ന മത തീവ്രവാദികളെ ഈ നാട് തിരിച്ചറിയുമെന്നും വി.കെ. സനോജ് ചൂണ്ടിക്കാട്ടി.

അതിന് തെളിവാണ് ഇന്നലെ മൂന്നര മണി മുതല്‍ ഇന്നീ നിമിഷം വരെ തുടരുന്ന ‘കണ്ണേ കരളേ വി.എസേ’ എന്ന് ആര്‍ത്ത് വിളിച്ച് നെഞ്ച് പൊട്ടിക്കരയുന്ന ഇന്നാട്ടിലെ ആബാലവ്യദ്ധം ജനം. അത് ഈ നാടിന്റെ പരിച്ഛേദമാണ്. മതമൗലിക വാദികളുടെ സര്‍ട്ടിഫിക്കറ്റ് ആ മനുഷ്യന് ഇന്നേ വരെ വേണ്ടി വന്നിട്ടില്ല, ഇനിയുള്ള കാലവും അത് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

85 വര്‍ഷം പാവപ്പെട്ടവരുടെ മുന്നണിപ്പോരാളിയായി, കേരളത്തിന്റെ മതേതരത്വം സംരക്ഷിച്ച മനുഷ്യനെ മുസ്‌ലിം വിരുദ്ധനാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്‌. ഇത്തരക്കാര്‍ വി.എസ്‌ കൂടി വിത്തുപാകി വിളയിച്ചെടുത്ത മതേതര കേരളമാണ് ഇന്ന് ന്യൂനപക്ഷങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടമെന്ന് ഓര്‍ക്കണമെന്നും വി.കെ. സനോജ് കൂട്ടിച്ചേര്‍ത്തു.

Content Highlight: V.K. Sanoj talks about negative propaganda against V. S. Achuthanandan

We use cookies to give you the best possible experience. Learn more