| Saturday, 15th November 2025, 2:00 pm

ഇതാണ് സ്പിരിറ്റ്, കണ്ണിന് ഇടി കിട്ടിയിട്ടും പിന്മാറാത്ത പാര്‍വതിക്ക് കൈയടി, ചര്‍ച്ചയായി തമിഴ് ബിഗ് ബോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ ടെലിവിഷന്‍ ചരിത്രത്തില്‍ വലിയ ഫാന്‍ ഫോളോയിങ്ങുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം ഭാഷകളില്‍ ബിഗ് ബോസ് സ്ട്രീം ചെയ്യുന്നുണ്ട്. അതാത് ഭാഷയിലെ ആളുകളാണ് ഷോയിലെ മത്സരാര്‍ത്ഥികള്‍. വിജയ് സേതുപതി ഹോസ്റ്റ് ചെയ്യുന്ന തമിഴ് ബിഗ് ബോസാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

എല്ലാ ബിഗ് ബോസിലും മത്സരാര്‍ത്ഥികള്‍ തമ്മില്‍ വഴക്കും കയ്യാങ്കളിയുമൊക്കെ പതിവാണ്. എന്നാല്‍ തമിഴിലെ ബിഗ് ബോസില്‍ നടന്ന കയ്യാങ്കളി ഇതിനോടകം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. വി.ജെ പാര്‍വതി എന്ന മത്സരാര്‍ത്ഥിക്ക് ഗെയിമിനിടെ എതിരാളിയുടെയടുത്ത് നിന്ന് പാര്‍വതിയുടെ കണ്ണിന് ഇടി കിട്ടുകയായിരുന്നു.

നല്ല രീതിയില്‍ പരിക്കേറ്റിട്ടും ഷോ വിട്ടുപോകാതെ തുടരാന്‍ തീരുമാനിക്കുകയും മത്സരങ്ങളില്‍ പൂര്‍വാധികം ശക്തിയോടെ മത്സരിക്കുകയും ചെയ്ത പാര്‍വതിയുടെ സ്പിരിറ്റിനെയാണ് പലരും അഭിനന്ദിക്കുന്നത്. പാര്‍വതിയെ ഇടിച്ച ശബരിയെ ഇതുവരെ പുറത്താക്കിയിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. പരിക്കേറ്റ കണ്ണുമായി ഓരോ ടാസ്‌കും പൂര്‍ത്തിയാക്കുന്ന പാര്‍വതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മലയാളത്തിലായിരുന്നെങ്കില്‍ ഈ സമയം വിക്ടിം കാര്‍ഡ് ഇറക്കി കളിച്ചേനെയെന്നും തമിഴില്‍ അത് വിലപ്പോകില്ലെന്നും ചില പേജുകളില്‍ പോസ്റ്റുകള്‍ പങ്കുവെക്കപ്പെടുന്നുണ്ട്. തമിഴ് ബിഗ് ബോസ് പേജുകളിലും പാര്‍വതിക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. എന്നാല്‍ ചില പേജുകള്‍ പാര്‍വതിക്കെതിരെയും പോസ്റ്റുകള്‍ പങ്കുവെക്കുന്നുണ്ട്.

ബിഗ് ബോസ് ഹൗസിലെ ഫേക്ക് വ്യക്തിത്വത്തിന് ഉടമയാണ് പാര്‍വതിയെന്നും പരിക്കേറ്റിട്ടും തുടരുന്നത് ഗൂഢലക്ഷ്യങ്ങള്‍ ഉള്ളതുകൊണ്ടാണെന്നും ചില ഫാന്‍ പേജുകള്‍ അഭിപ്രായപ്പെടുന്നു. പാര്‍വതി അങ്ങേയറ്റം ടോക്‌സിക്കാണെന്നും ആളുകളെ തമ്മിലടിപ്പിക്കുകയാണ് പണിയെന്നും പറഞ്ഞുകൊണ്ട് ഈ പേജുകളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

24 മത്സരാര്‍ത്ഥികള്‍ ഉണ്ടായിരുന്ന ഷോ ആറ് ആഴ്ച പിന്നിട്ടിരിക്കുകയാണ്. 14 പേരാണ് ഇപ്പോള്‍ ബാക്കിയുള്ളത്. 100 ദിവസം പൂര്‍ത്തിയാക്കി കപ്പ് ഉയര്‍ത്തുന്നത് ആരാണെന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. കമല്‍ ഹാസന് പകരമെത്തിയ വിജയ് സേതുപതിയുടെ അവതരണത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Content Highlight: V J Parvathy eye injury during Bigg Boss Tamil discussing in social media

We use cookies to give you the best possible experience. Learn more