തിരുവനന്തപുരം: ആർ.എസ്.എസിനും ഗവർണർക്കും വേണ്ടി യു.ഡി.എഫ് സർക്കാർ എന്തും ചെയ്യുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ എസ്.എഫ്.ഐ പ്രതിഷേധങ്ങളെയും അവക്കെതിരായ പൊലീസ് ലാത്തിച്ചാർജിനെയും കുറിച്ച് സംസാരിക്കവെയായിരുന്നു എം.വി. ഗോവിന്ദന്റെ പരാമർശം.
എസ്.എഫ്.ഐ എന്തിനാണ് സമരം ചെയ്തതെന്ന് ആർ.എസ്.എസിനോട് വിട്ടുവീഴ്ച ചെയ്യുന്ന മുഖ്യമന്ത്രിക്ക് മനസിലാകില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു.
‘വന്ദേമാതരം പൂർണമായി ചൊല്ലി സർവ്വകലാശാലയിൽ പരിപാടി സംഘടിപ്പിക്കുന്നതിനെതിരെയാണ് എസ്.എഫ്.ഐ പ്രതിഷേധിച്ചത്. സർവകലാശാലയിലേക്കുള്ള ആ മാർച്ചിൽ പങ്കെടുത്ത രണ്ട് പെൺകുട്ടികളെയാണ് ഭീകരമായി പൊലീസ് ആക്രമിച്ചത്.
ഇവിടെ വന്ദേമാതരം പൂർണമായിട്ട് ആലപിച്ച നിലപാടിനെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ മൃഗീയമായി ആക്രമിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന അവസ്ഥയുണ്ടായി. അതിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഇന്നലെ എസ്.എഫ്.ഐ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയത്. ആ മാർച്ചിന് നേതൃത്വം നൽകിയ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയെ തന്നെ തെരഞ്ഞെു പിടിച്ച് ആക്രമിക്കുന്ന നിലയാണുണ്ടായി,’ എം.വി. ഗോവിന്ദൻ പറഞ്ഞു.
ഗവർണർക്കും ആർ.എസ്.എസിനും വേണ്ടി യു.ഡി.എഫ് സർക്കാർ എന്തും ചെയ്യും എന്നതിന്റെ തെളിവായിട്ടാണ് ഇത്തരം പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നവരെ തന്നെ തിരഞ്ഞുപിടിച്ച് മൃഗീയമായിട്ടുള്ള അക്രമത്തിന് വിധേയപ്പെടുത്തുന്നത്. വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെ എതിർക്കുന്നവരെ എല്ലാം തല്ലി ഒതുക്കാം എന്നാണ് വി.ഡി. സതീശൻ സർക്കാർ വിചാരിക്കുന്നതെങ്കിൽ അത് കേവലമായ ഒരു വ്യാമോഹം മാത്രമായിരിക്കും.
ആർ.എസ്.എസിനെ സന്തോഷിപ്പിക്കാനാണ് മുഖ്യമന്ത്രിയും അതുപോലെതന്നെ വി.ഡി. സതീശൻ മന്ത്രിസഭയും ശ്രമിക്കുന്നത് എന്ന് നമുക്ക് മനസിലാക്കാൻ കഴിയും. സർവകലാശാലകൾ ആർ.എസ്.എസിന് കാഴ്ച വെക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി എന്നുള്ളതാണ് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.
യു.ജി.സി ചട്ടം അനുസരിച്ച് യൂണിവേഴ്‌സിറ്റി ആക്ട് ഭേദഗതി ചെയ്യും എന്ന് ഗവർണറും അതുപോലെതന്നെ സംസ്ഥാന സർക്കാരും വ്യക്തമാക്കിയിരിക്കുകയാണ്. രണ്ട് സർവകലാശാലകളിലെ നിയമങ്ങൾ യു.ജി.സി ചട്ടം അനുസരിച്ച് ഭേദഗതി ചെയ്യും എന്ന കരാറിൽ ഇപ്പോൾ എത്തിച്ചേർന്നിട്ടുണ്ട്. ഇപ്പോൾ ഈ കരാർ അനുസരിച്ച് ഡിജിറ്റൽ, സാങ്കേതിക സർവ്വകലാശാലകളിലെ വൈസ് ചാൻസിലർ നിയമനത്തിൽ സംസ്ഥാന സർക്കാരിനുള്ള അവകാശം പൂർണമായിട്ട് നഷ്ടമാവുകയാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
‘പ്രതിരോധങ്ങളുടെ അവസാന നിയമ വഴിയും യു.ഡി.എഫ് സർക്കാർ അടച്ചുകഴിഞ്ഞു എന്നുള്ളതാണ് കരാറിന്റെ ഭാഗമായിട്ടുള്ള അവസ്ഥ. കേരളത്തിലെ യൂണിവേഴ്‌സിറ്റികൾ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്നും പൂർണമായും പുറത്തു പോവുകയാണ് എന്നതാണ് സ്ഥിതി. അപ്പോ ഉന്നത വിദ്യാഭ്യാസ മേഖല രംഗം ഇനി ആർ.എസ്.എസിന്റെ തട്ടുകമായിട്ട് മാറാൻ പോവുകയാണ്.
ഉന്നത വിദ്യാഭ്യാസ മേഖലയെ ആർ.എസ്.എസിന് പൂർണമായിട്ടും കീഴ്വഴങ്ങി കാവ്യവൽക്കരണ ഉപാധികളായി അതിനെ ഉപയോഗിക്കാൻ സാധിക്കത്തക്ക രീതിയിലാണ് ഗവർണറുമായി ഉണ്ടാക്കിയിട്ടുള്ള കരാർ എത്തിച്ചേർന്നിട്ടുള്ളത്. ഇതാണ് വളരെ ഗൗരവമുള്ള ഒരു സ്ഥിതി.
സംസ്ഥാന നിയമസഭ പാസാക്കുന്ന യൂണിവേഴ്‌സിറ്റി ആക്ടുകളുടെ പിൻബലത്തിലാണ് ഗവർണർമാർ ചാൻസലർമാരായി നിയമിതരാകുന്നത്. അല്ലാതെ ഭരണഘടനാപരമായിട്ട് ഗവർണർമാരാണ് ഇതിന്റെ എല്ലാം ചാൻസലർമാർ എന്ന് പറയുന്നതിൽ കാര്യമില്ല. ഇവിടുത്തെ തീരുമാനം അനുസരിച്ചിട്ടാണ്. ആ തീരുമാനം ആണ് ഇപ്പോൾ അവസാനിപ്പിച്ച് ഏത് ഗവർണർ വരുമ്പോഴും ആ ഗവർണർമാർക്ക് വൈസ് ചാൻസലർമാർ ആവാനുള്ള സൗകര്യമാണ് പുതിയ നിയമത്തിന്റെ ഭാഗമായിട്ട് ഉണ്ടാക്കാൻ പോകുന്നത്,’ എം.വി. ഗോവിന്ദൻ പറഞ്ഞു.
വന്ദേ മാതരം ആലാപനത്തിൽ കോൺഗ്രസ് നിലപാടിന് പോലും വിരുദ്ധമായ നിലപാടാണ് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ആ ഗാനത്തിന്റെ രണ്ട് ചരണങ്ങൾ മാത്രമേ പാടേണ്ടതുള്ളൂ എന്ന് ജവഹർലാൽ നെഹ്‌റുവും ഗാന്ധിയും ഒക്കെ ഉള്ള സന്ദർഭത്തിൽ തീരുമാനിക്കപ്പെട്ടതാണ്. ആ തീരുമാനം തന്നെയാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെയും തീരുമാനം എന്നാണ് എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാരതം പൂർണമായി പാടിയിട്ടുണ്ടെങ്കിലും അവർ ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. വന്ദേ മാതരം പൂർണമായി ആലപിക്കുന്നതിന്റെ ഗൗരവം ആർ.എസ്.എസിനോട് വിറ്റുവീഴ്ച ചെയ്ത് പോകുന്ന കേരളത്തിന്റെ മുഖ്യമന്ത്രിക്ക് മനസ്സിലാകുന്നില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Content Highlight: MV Govindan Condemns police lathi charge against SFI Protest, Says VD Satheesan Government works for RSS