യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഇത്തരത്തിലൊരു ആരോപണം ആര്‍ക്കെതിരെ വന്നാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു. പരാതി നല്‍കിയ കുട്ടിയെ വിവാദകേന്ദ്രമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്റെ മകളെപ്പോലെ ആ കുട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിനകത്തെ ഒരാള്‍ ഇത്തരത്തിലൊരു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും പാര്‍ട്ടി അതില്‍ കര്‍ശനമായ നടപടിയെടുക്കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. അതിന് താന്‍ തന്നെ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറയുന്നു.
‘തെറ്റായ രീതിയില്‍ മെസേജയച്ചു എന്ന് പറഞ്ഞുകൊണ്ട് സ്വന്തം മകള്‍ പരാതിയുമായി വന്നാല്‍ ഒരു പിതാവ് എന്ത് ചെയ്യുമോ അതേ ഞാനും ചെയ്തിട്ടുള്ളൂ. ഒരു മെസേജയച്ചാല്‍ എന്ത് ചെയ്യുമോ അതേ ചെയ്യാന്‍ പറ്റുള്ളൂ. മെസേജയച്ചാല്‍ തൂക്കിക്കൊല്ലാന്‍ പറ്റില്ലല്ലോ? പക്ഷേ, ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണത്തില്‍ ഗൗരവതരമായ നടപടിയെടുക്കും,’ വി.ഡി. സതീശന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ പറയുന്ന തരത്തിലുള്ള ആരോപണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നും അത്തരത്തിലൊന്ന് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടിക്ക് ഒരു പരാതിയും വന്നിട്ടില്ലെന്നും തന്നോട് വ്യക്തിപരമായി ആരും പരാതി പറഞ്ഞില്ലെന്നും വി.ഡി. സതീശന്‍ ആവര്‍ത്തിച്ചു. അങ്ങനെ സമീപിച്ചാല്‍ മാത്രമേ നടപടിയെടുക്കാനാകുള്ളൂ എന്നും അദ്ദേഹം പറയുന്നു.
‘ഇപ്പോഴാണ് ഞങ്ങളുടെ ശ്രദ്ധയില്‍ ഇതെല്ലാം പെട്ടത്. അന്തരീക്ഷത്തില്‍ നിന്ന് പിടിച്ചെടുക്കാന്‍ പറ്റില്ലല്ലോ. നമ്മുടെ മുന്നിലെത്തിയാല്‍ മാത്രമല്ലേ പരിശോധിക്കാനാകൂ. ഓരോരുത്തര്‍ പറയുന്നത് കേട്ട് നടപടിയെടുക്കാനാകുമോ? തെറ്റ് ചെയ്യാത്ത എത്രയോ പേരെ ക്രൂശിക്കാന്‍ നോക്കിയിട്ടുണ്ട്. ചെയ്യാത്ത തെറ്റിന് സി.ബി.ഐ ചോദ്യം ചെയ്തിട്ടും കോടതി വെറുതേവിട്ടില്ലേ. അവരും അവരുടെ കുടുംബവും എത്രയോ അനുഭവിച്ചു. പാര്‍ട്ടി ഇപ്പോഴത്തെ കാര്യം പരിശോധിക്കും. പാര്‍ട്ടി കോടതിയാവുകയല്ല,’ വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: V D Satheeshan answers to media on Rahul Mamkoottathil’s controversy