കോഴിക്കോട്: ഗോള്‍വാള്‍ക്കര്‍ക്ക് മുമ്പില്‍ തിരികത്തിച്ച് പ്രണാമം നടത്തിയ ആളാണ് നിലപാടുകളുടെ രാജകുമാരനായ മുഖ്യമന്ത്രി വി.ഡി സതീശനെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി.
സി.പി.ഐ.എം വിപുലീകൃത യോഗത്തിനുശേഷം നടന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സി.പി.എം ബി.ജെ.പി ഡീല്‍ എന്ന് പറഞ്ഞ് കള്ളപ്രചരണം നടത്തുന്ന യു.ഡി.എഫ് അടിയില്‍ കൂടി ബി.ജെ.പിയുമായി ഡീല്‍ ഉണ്ടാക്കുകയാണ്.
ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രം എഴുതിയ മാധവ സദാശിവ ഗോള്‍വള്‍ക്കറുടെ ചിത്രത്തിനു മുമ്പില്‍ തിരികത്തിച്ച് പ്രണാമം നടത്തിയ ആളാണ് നിലപാടുകളുടെ രാജകുമാരനായിട്ടുള്ള കേരളത്തിന്റെ മുഖ്യമന്ത്രി. എല്ലാവരുടെയും കയ്യില്‍ തെളിവുള്ള കാര്യമാണ് ഞാന്‍ ഈ പറയുന്നത്,’ എം.എ ബേബി പറഞ്ഞു.
‘യു.ഡി.എഫിനും ബി.ജെ.പിക്കും തമ്മില്‍ സഹകരിക്കാന്‍ പറ്റും. ഇതെല്ലാം ചേര്‍ന്നിട്ട് ഒരു തീവ്ര വലതുപക്ഷ വര്‍ഗീയ സാമുദായിക ഏകീകരണം കേരളത്തില്‍ നടന്നു. പക്ഷെ അതുകൊണ്ട് മാത്രം ഈ തെരഞ്ഞെടുപ്പ് തോല്‍വി ഉണ്ടാവില്ല.
സി.പി.ഐ.എമ്മിനെക്കുറിച്ച് കൃത്രിമമായി സൃഷ്ടിച്ച പ്രതീതി ഇതിലൊരു പങ്കുവഹിച്ചു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ.എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഭാഗത്ത് നിന്ന് ഈ തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്ന സന്ദര്‍ഭത്തിലും ചെറുതും വലുതുമായ ചില പോരായ്മകള്‍ സംഭവിച്ചിട്ടുണ്ടെന്നും.
കാര്യങ്ങള്‍ തുറന്ന് സമ്മതിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും എം.എ ബേബി പറഞ്ഞു.
‘ഇ.എം.എസ്സിന്റെ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ള പലരും ഇവിടെ ഉണ്ടാവുമല്ലോ ഞാന്‍ സ്‌കൂള്‍ ജീവിതകാലം മുതല്‍ കേട്ടിട്ടുണ്ട്. ഇ.എം.എസ് സംസാരിക്കുമ്പോള്‍ പറയും ഈ ഒരു കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു പിശക് പറ്റിയിട്ടുണ്ട്.
അല്ലെങ്കില്‍ അങ്ങനെ പറഞ്ഞതില്‍ എനിക്കൊരു പിശക് പറ്റിയിട്ടുണ്ട്. ഞങ്ങള്‍ പിശക് പറ്റുന്നത് തുറന്ന് സമ്മതിക്കും. ശരികള്‍ ചെയ്യുന്നതിനിടയില്‍ സംഭവിക്കുന്നതാണ് പിശക്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം പക്ഷേ ഇത് പറഞ്ഞ് ദാ ഇവര് തെറ്റ് സമ്മതിച്ചേ എന്ന് പറഞ്ഞ് ഞങ്ങളുടെ എതിരാളികള്‍ ആഹ്ലാദിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അവരോട് ചിലത് പറയാനുണ്ട്.. തെറ്റ് പറ്റിയാല്‍ സമ്മതിക്കുക അതാണ് സത്യസന്ധത,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: V.D. Satheesan, the ‘Prince of Principles’, is the man who lit a lamp and paid obeisance before Golwalkar: M.A. Baby.