| Friday, 8th May 2026, 6:32 pm

ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം; പ്രവര്‍ത്തകരോട് വി.ഡി. സതീശന്‍

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: മുഖ്യമന്ത്രി ആരായിരിക്കുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ ചേരിതിരിഞ്ഞ് പ്രകടനങ്ങള്‍ നടത്തുന്നതും ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി.ഡി. സതീശന്‍.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സതീശന്‍ പ്രവര്‍ത്തകരോട് ആവശ്യമുന്നയിച്ചത്.

സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ലെന്നും സതീശന്‍ പോസ്റ്റില്‍ എഴുതി.

സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രകടനങ്ങൾ നടന്നിരുന്നു. തിരുവനന്തപുരത്ത് ഇന്ന് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, ഡി.സി.സി ഭാരവാഹികള്‍ നേരിട്ട് നയിച്ച കൂറ്റൻ പ്രകടനവും അരങ്ങേറിയിരുന്നു.

തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ഇടുക്കി, കോഴിക്കോട്, കോട്ടയം, മലപ്പുറം ജില്ലകളിലും വി.ഡി. സതീശനായി പ്രകടനങ്ങള്‍ നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സതീശന്റെ പോസ്റ്റ്.

അതേസമയം, തെരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ പിന്തുണ കെ.സി. വേണു​ഗോപാലിനാണെന്നാണ് റിപ്പോർട്ടുകൾ. എം.എൽ.എമാരിൽ 47 പേരുടെ പിന്തുണ കെ.സി. വേണുഗോപാലിന് ലഭിച്ചപ്പോൾ വെറും ആറുപേരുടെ പിന്തുണമാത്രമാണ് വി.ഡി സതീശന് ലഭിച്ചത്.

ഏതെല്ലാം എം.എൽ.എമാർ ആരെയെല്ലാം പിന്തുണച്ചു എന്നതിൽ ഒരു വിവരവും പുറത്തുവന്നിരുന്നില്ല, എന്നാൽ ഇന്നലെ ഹൈക്കമാൻഡ് നിരീക്ഷകനായെത്തിയ മുകുൾ വാസ്നികിന്റെ ചിത്രത്തിൽ നിന്നും ഇന്ത്യൻ എക്സ്പ്രസ്സ് വിവരങ്ങൾ പുറത്തുവിട്ടു.

ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെയടക്കം പിന്തുണ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനാണ്.

കൂടാതെ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.സി ബാലകൃഷ്ണൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. ഗോപാലിനെയും രമേശ് ചെന്നിത്തലയെയും ഒരുപോലെ പരിഗണിക്കുന്നെന്നാണ് വിവരണങ്ങൾ സൂചിപ്പിക്കുന്നത്.

ഇവർക്ക് പുറമെ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷ വിജയൻ തുടങ്ങിയവർ വേണുഗോപാലിനെ പിന്തുണച്ചു. രമേശ് ചെന്നിത്തലയ്ക്ക് എട്ട് എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

Content Highlight: V.D. Satheesan tells activists to avoid holding demonstrations and installing flexes

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more