| Wednesday, 18th November 2026, 4:48 pm

എല്ലാം വാർത്തകൾ മാത്രം, തർക്കം ജനാധിപത്യത്തിന്റെ ഭാഗം; യു.ഡി.എഫിൽ ഭിന്നതയെന്നത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി

ശ്രീലക്ഷ്മി എ.വി.

തിരുവനന്തപുരം: മന്ത്രിസഭയിലെ തർക്കം മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. എല്ലാം വാർത്തകൾ മാത്രമാണെന്നും മന്ത്രിസഭയിൽ തർക്കം ഉണ്ടായിട്ടില്ലെന്നും അഭിപ്രായ വ്യത്യാസങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും വി.ഡി സതീശൻ പറഞ്ഞു.

യു.ഡി.എഫിൽ ഭിന്നതയുണ്ടെന്നത് പച്ചക്കള്ളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാബിനറ്റിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുമെന്നും എല്ലാ മന്ത്രിമാർക്കും അഭിപ്രായം പറയാമെന്നും നല്ല അഭിപ്രായങ്ങൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്നും തർക്കം ജനാധിപത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. സണ്ണിജോസഫിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. തീരുമാനങ്ങൾ യു.ഡി.എഫ് ഒന്നിച്ചെടുക്കുന്നതാണ്. തർക്കം ഉണ്ടായി പിന്നാലെ സംസാരിച്ച് തീരുമാനം ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തിനുപിന്നാലെ വി.ഡി.സതീശനെതിരെ മറ്റു മന്ത്രിമാർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി തീരുമാനമെടുക്കുന്നത് കൂടിയാലോചനകളില്ലാതെയാണെന്നും ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നും മന്ത്രിമാർ ആരോപിച്ചു.

പി.എസ്.സി അംഗങ്ങളുടെ നിയമനം, ദേവസ്വം ബോർഡ് നിയമനം ബന്ധപ്പെട്ട വിഷയങ്ങളിലാണ് മന്ത്രിസഭയിലെ തർക്കത്തിന് തുടക്കമിട്ടത്.

പ്രധാനമായും  റവന്യു മന്ത്രി എ.പി. അനിൽ കുമാറാണ് വിഷയം ഉന്നയിച്ചത്. ഇതോടെ എ.പി. അനിൽ കുമാറിനെ പിന്തുണച്ച് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫടക്കമുള്ള മറ്റു മന്ത്രിമാർ സംസാരിക്കുകയും ശക്തമായ നിലപാട് മന്ത്രിസഭയിൽ ഉയർത്തുകയും ചെയ്തിരുന്നു.

Content Highlight: V.D. Satheesan stated that the dispute within the cabinet is a creation of the media.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more