| Wednesday, 28th January 2026, 6:39 pm

അവനിവന്‍ എന്നൊന്നും പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശന്‍; വെറുതെ ഓന്തിനെ പറയരുതെന്ന് ശിവന്‍കുട്ടിയുടെ പരിഹാസം

രാഗേന്ദു. പി.ആര്‍

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ അവനിവന്‍ എന്നൊന്നും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിക്കെതിരായ പരാമര്‍ശം കുറച്ച് കടന്നുപോയെന്നും മാപ്പ് പറയാന്‍ തയ്യാറാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണയായി സംസാരിക്കാറുള്ള ഭാഷയില്‍ നിന്നും കുറച്ചുകൂടി കടന്നാണ് താന്‍ മന്ത്രിക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. എന്നാല്‍ അവനിവന്‍ എന്നൊന്നും വിളിച്ചിട്ടില്ല. തന്റെ പ്രസംഗം പരിശോധിക്കാമെന്നും വി.ഡി. സതീശന്‍ വെല്ലുവിളിച്ചു.

നിയമസഭയില്‍ മന്ത്രി തങ്ങള്‍ക്ക് ക്ലാസെടുക്കേണ്ടെന്നും പണ്ട് അദ്ദേഹം ചെയ്തതെല്ലാം ഓര്‍മിപ്പിക്കുക ആയിരുന്നുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

‘മന്ത്രിയെ ഞാന്‍ അധിക്ഷേപിച്ചട്ടില്ല. ഈ നിയമസഭയിലെ ഡെസ്‌കില്‍ കയറി നിന്ന് സഭ അലങ്കോലപ്പെടുത്തിയ ഒരാള്‍ ഞങ്ങളെ ഉപദേശിക്കാന്‍ വരേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. അത് ശരിയല്ലേ? അതില്‍ എന്താണ് തെറ്റ്. എന്നിരുന്നാലും മന്ത്രിക്കെതിരായ പ്രസ്താവന പിന്‍വലിക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ സോണിയ ഗാന്ധിക്കെതിരായ പ്രസ്താവന മന്ത്രിയും പിന്‍വലിക്കണം,’ വി.ഡി. സതീശന്‍ പറഞ്ഞു.

സോണിയ ഗാന്ധി തങ്ങള്‍ക്ക് മാതൃതുല്യയാണെന്നും ജീവിതത്തില്‍ ഒരുപാട് സങ്കടങ്ങള്‍ അനുഭവിച്ച സ്ത്രീയെയാണ് മന്ത്രി അധിക്ഷേപിച്ചതെന്നും വി.ഡി. സതീശന്‍ സഭയില്‍ പറഞ്ഞു. ശബരിമലയില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം കൊണ്ടുള്ള നൂലാണ് സോണിയ ഗാന്ധിയുടെ കൈയിലുള്ളതെന്നാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പരാമര്‍ശിച്ചു.

സോണിയ ഗാന്ധിക്കെതിരായ മന്ത്രിയുടെ പരാമര്‍ശം വേദനാജനകമാണ്. മന്ത്രിയുടെ പരാമര്‍ശം സഭ റെക്കോഡുകളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

സഭ പിരിഞ്ഞതിന് പിന്നാലെ വി.ഡി. സതീശനെ പരിഹസിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. ‘വെറുതെ ഓന്തിനെ പറയരുത്’ എന്ന വാചകത്തോടൊപ്പം മന്ത്രി ഫേസ്ബുക്കില്‍ ഒരു ഓന്തിന്റെ ചിത്രം പങ്കുവെക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് അധിക്ഷേപ പരാമര്‍ശവും മറ്റൊരു പോസ്റ്റില്‍ മന്ത്രി പങ്കുവെച്ചിട്ടുണ്ട്.

‘ഇവനെ പോലത്തെ ആളുകള്‍ മന്ത്രിമാരായിരിക്കാന്‍ യോഗ്യനാണോ? നിയമസഭയില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് പ്രതിപക്ഷത്തിന് ക്ലാസെടുക്കുകയാണ്… ആര്? നിയമസഭയില്‍ അടിവസ്ത്രം പുറത്ത് കാണിച്ച് മുണ്ട് മടക്കി ഡെസ്‌ക്കിന്റെ മുകളില്‍ കയറിയിരുന്ന് സഭയിലെ സാധനങ്ങള്‍ മുഴുവന്‍ തല്ലിപ്പൊളിച്ച ഒരുത്തനാണ് നമുക്ക് ക്ലാസെടുക്കുന്നത്,’ എന്നായിരുന്നു വി.ഡി. സതീശന്റെ പരാമര്‍ശം.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധിയെയും അറസ്റ്റ് ചെയ്യണമെന്ന ശിവന്‍കുട്ടിയുടെ പ്രസ്താവനയാണ് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചത്.

Content Highlight: V.D. Satheesan says his remarks against the V. Sivankutty have gone too far and he is ready to apologize

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more