| Monday, 23rd November 2026, 9:14 am

വി.ഡി സതീശന്റെ കണ്ണൂരിലെ കൊലവിളി പ്രസംഗം സത്യപ്രതിജ്ഞാ ലംഘനം; അധികാര ദുർവിനിയോഗമെന്ന് തോമസ് ഐസക്

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: കണ്ണൂരിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രസംഗം വെറുമൊരു മൈതാന പ്രസംഗമല്ലെന്നും, അത് വ്യക്തമായ സത്യപ്രതിജ്ഞാ ലംഘനമാണെന്നും മുൻ ധനമന്ത്രിയും സി.പി.ഐ.എം. നേതാവുമായ ഡോ. ടി.എം. തോമസ് ഐസക് വിമർശിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

ഭയമോ പക്ഷപാതമോ ഇഷ്ടമോ വിദ്വേഷമോ കൂടാതെ ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ചെയ്യുമെന്നാണ് ഓരോ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്ട്രീയ നേതാക്കൾ പൊതുപ്രസംഗങ്ങളിൽ വെല്ലുവിളികൾ നടത്തുന്നത് സാധാരണമാണെങ്കിലും കണ്ണൂരിൽ നടന്നത് അത്തരത്തിലുള്ള ഒന്നല്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

‘യുവജന-വിദ്യാർത്ഥി നേതാക്കളുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കും. അതെല്ലാം മറന്നുള്ള ഗ്ലാമറൊന്നും യു.ഡി.എഫ് സർക്കാരിന് വേണ്ടാ. ആരെല്ലാം ഉത്തരവാദികളാണോ അവരെല്ലാം അകത്തുപോകും. സംശയമില്ല, അതിനായി അവസാനംവരെ പോരാടും’ വി.ഡി. സതീശൻ പ്രസംഗത്തിനിടെ പറഞ്ഞു. കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഈ പരാമർശം.

വെറും വാചകമടി എന്നതിനപ്പുറത്തേക്ക് മന്ത്രിയെന്ന നിലയിലുള്ള അധികാരം വിനിയോഗിക്കുമെന്ന പ്രഖ്യാപനമാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്ന് തോമസ് ഐസക് പറഞ്ഞു.

ഇത് അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നും, ഇത് നിയമപരമായി ചോദ്യം ചെയ്യപ്പെടുമെന്നും തോമസ് ഐസക് തന്റെ ഫേസ്ബുക്ക് കുറിപ്പിൽ കൂട്ടിച്ചേർത്തു.

Content Highlight:V.D. Satheesan’s inflammatory speech in Kannur—calling for violence—constitutes a violation of his oath of office and an abuse of power, says Thomas Isaac.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more