തിരുവനന്തപുരം: സോണിയ ഗാന്ധിക്കൊപ്പം ശബരിമല സ്വർണകൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചിത്രമുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
സോണിയ ഗാന്ധിയെ കാണാൻ ഒരു ബുദ്ധിമുട്ടുമില്ലെന്നും ആർക്കുവേണമെങ്കിലും ഒപ്പം നിന്ന് ഫോട്ടോയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
‘സോണിയയുടെ അടുത്ത് നിന്ന് ഫോട്ടോയെടുത്താല്‍ എന്താണ് കുഴപ്പം? മുഖ്യമന്ത്രിയുടെ അടുത്ത് നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ ആര്‍ക്കെങ്കിലും പറ്റുമോ?,’ വി.ഡി സതീശൻ ചോദിച്ചു.
മുഖ്യമന്ത്രിയെ കാണാൻ ഇത്ര എളുപ്പമാണോയെന്നും ഫോട്ടോയെടുക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ആരെങ്കിലും ഫോട്ടോയെടുക്കാൻ വന്നാൽ താൻ നോ പറയാറില്ലെന്നും പരിചയമില്ലാത്തവർ വന്നെടുക്കുമ്പോൾ പേടിയുണ്ടെന്നും എന്നാൽ ഫോട്ടോ എടുക്കാൻ പറ്റില്ലെന്ന് താൻ പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വർണകൊള്ളയെ മറച്ചുപിടിക്കാനാണ് മുഖ്യമന്ത്രി ഫോട്ടോയുടെ കാര്യമെടുത്തിടുന്നതെന്നും അതിലെന്ത് കാര്യമാണെന്നും അദ്ദേഹം ചോദിച്ചു.
‘ശബരിമലയില്‍ അയ്യപ്പന്റെ സ്വര്‍ണക്കൊള്ള കേസിൽ രണ്ട് സി.പി.ഐ.എം നേതാക്കള്‍ ജയിലില്‍ ആണ്. അവരെ ഇപ്പോഴും സി.പി.ഐ.എം സംരക്ഷിക്കുകയും അവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നു. അത് മറച്ചുവയ്ക്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി ഇത്ര വിലകുറഞ്ഞ ആരോപണം ഉന്നയിക്കുന്നത്,’ വി.ഡി സതീശൻ പറഞ്ഞു.
സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി പ്രതിയാണെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്നുവെന്നാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചി കോർപറേഷൻ മേയർ സ്ഥാനാർഥി വിഷയത്തിൽ കെപിസിസി മാനദണ്ഡം അട്ടിമറിക്കപ്പെട്ടെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു.
കോൺഗ്രസ് കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതിൽ ഇടപെട്ടില്ലെന്ന ഗുരുതര ആരോപണം തനിക്കെതിരെ ഉണ്ടായിരുന്നെന്നും എന്നാൽ താൻ എന്നല്ല ഒരു വ്യക്തിയും അതിൽ ഇടപെടരുതെന്നും സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ കോൺഗ്രസ് കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: V.D. Satheesan responded to the Chief Minister’s allegation that there is a picture of Unnikrishnan Potti, with Sonia Gandhi