| Saturday, 20th December 2025, 11:58 am

തൊട്ടതെല്ലാം പൊന്നാക്കിയ, അസാധാരണ മനക്കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകം; അനുസ്മരിച്ച് വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അസാധാരണ മനക്കരുത്തിന്റേയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസനെന്നും തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭയായിരുന്നു അദ്ദേഹമെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വി.ഡി. സതീശന്‍ കുറിച്ചു.

അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനിവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പുമെന്നും സതീശന്‍ അനുസ്മരിച്ചു.

‘ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മിക്കതും നമുക്ക് ചിരപരിചയമുള്ളവരായിരുന്നു. അത്രമേല്‍ മലയാളി പൊതുസമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു.

അതുവരെയുള്ള നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു. അതുകൊണ്ടാണ് അതെല്ലാം കാലാതിവര്‍ത്തിയാകുന്നത്. തലയണമന്ത്രവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ക്ലാസിക്കുകള്‍ ആകുന്നതും അങ്ങനെയാണ്,’ സതീശന്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോള്‍ ശ്രീനിവാസനെയും സന്ദേശം സിനിമയെയും ഓര്‍ത്തിരുന്നു. എറണാകുളത്ത് മടങ്ങി എത്തുമ്പോള്‍ ശ്രീനിവാസനെ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തു നില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയിയെന്നും പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്ന് (ശനി) രാവിലെയാണ് ശ്രീനിവാസന്‍ മരണപ്പെട്ടത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യം വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹം വിശ്രമത്തിലായിരുന്നു.

വി.ഡി. സതീശന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

വലിയ ലോകത്തെ ചെറിയ മനുഷ്യരുടെ ജീവിതവും ചെറിയ ലോകത്തെ വലിയ മനുഷ്യരുടെ ജീവിതവും അസാധാരണ ശൈലിയില്‍ പകര്‍ത്തി എഴുതിയ അതുല്യ കലാകാരനായിരുന്നു ശ്രീനിവാസന്‍. തൊട്ടതെല്ലാം പൊന്നാക്കിയ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ.

അഞ്ച് പതിറ്റാണ്ട് നീണ്ട ശ്രീനിവാസന്റെ സിനിമാ ജീവിതം അവസാനിക്കുന്നത് മറ്റാര്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടങ്ങളോടെയാണ്. അതാണ് ശ്രീനിവാസിന്റെ എഴുത്തിന്റെ ആഴവും അഭിനയത്തിന്റെ പരപ്പും.

പ്രിയദര്‍ശന്‍ ചെയ്ത ചതിയാണ് തന്നെ തിരക്കഥാകൃത്ത് ആക്കിയതെന്ന് ശ്രീനിവാസന്‍ പതിവ് ശൈലിയില്‍ സരസമായി പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് മലയാള സിനിമയുടെ ഭാഗ്യമായിരുന്നെന്ന് കാലം തെളിയിച്ചു. ഊതി കാച്ചിയെടുത്ത പൊന്നു പോലെ ശ്രീനിവാസന്‍ എഴുതിയതും അഭിനയിച്ച് ഫലിപ്പിച്ചതുമായ കഥാപാത്രങ്ങള്‍ മിക്കതും നമുക്ക് ചിരപരിചയമുള്ളവരായിരുന്നു. അത്രമേല്‍ മലയാളി പൊതുസമൂഹത്തോട് ചേര്‍ന്ന് നില്‍ക്കുന്നവരായിരുന്നു.

അതുവരെയുള്ള നായക സങ്കല്‍പ്പത്തെ പൊളിച്ചെഴുതുന്നതായിരുന്നു. അതുകൊണ്ടാണ് അതെല്ലാം കാലാതിവര്‍ത്തിയാകുന്നത്. തലയണമന്ത്രവും വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ ക്ലാസിക്കുകള്‍ ആകുന്നതും അങ്ങനെയാണ്.

അസാധാരണ മനക്കരുത്തിന്റേയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായിരുന്നു ശ്രീനിവാസന്‍. ഒരു ശരാശരി മലയാളിയുടെ ജീവിതത്തിന്റെ വിവിധ തലങ്ങള്‍ ഹൃദയസ്പര്‍ശിയായി ശ്രീനിവാസന്‍ എഴുതി, അഭിനയിച്ച് ഫലിപ്പിച്ചു.

അതില്‍ നഗ്നമായ ജീവിത യാഥാര്‍ഥ്യങ്ങളുണ്ട്, പ്രണയമുണ്ട്, വിരഹമുണ്ട്, നിസഹായതയുണ്ട്, നിഷ്‌കളങ്കമായ സ്നേഹമുണ്ട്, സൗഹൃദമുണ്ട്, വെറുപ്പും പ്രതികാരവുമുണ്ട്, നെഞ്ചില്‍ തറയ്ക്കുന്ന ആക്ഷേപഹാസ്യമുണ്ട്, നിശിതമായ വിമര്‍ശനമുണ്ട്, അപ്രിയ സത്യങ്ങളുമുണ്ട്. ശ്രീനിവാസന്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞത് കേരള സമൂഹത്തിന് വലിയ വലിയ സന്ദേശമാണ് നല്‍കിയത്.

ശ്രീനിവാസന്‍ എഴുതിയതും പറഞ്ഞതും തിരശീലയില്‍ കാണിച്ചതും ഒരു ദിവസം ഒരിക്കലെങ്കിലും ഓര്‍ക്കാത്ത മലയാളി ഉണ്ടാകില്ല. അതില്‍ ദേശ, പ്രായ, ജാതി, മത രാഷ്ട്രീയ വ്യത്യാസങ്ങളില്ല. ഇന്നലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഞാനും ശ്രീനിവാസനെ ഓര്‍ത്തിരുന്നു. സന്ദേശത്തിലെ വാചകങ്ങള്‍ ഓര്‍ത്തെടുത്തു. ശ്രീനിവാസന്‍ എന്ന പ്രതിഭയ്ക്ക് ബിഗ് സല്യൂട്ട് നല്‍കി.

എറണാകുളത്ത് മടങ്ങി എത്തുമ്പോള്‍ ശ്രീനിവാസനെ നേരില്‍ കാണണമെന്ന് കരുതിയതാണ്. അതിന് കാത്തു നില്‍ക്കാതെ ശ്രീനിയേട്ടന്‍ പോയി. മലയാള സിനിമയില്‍ ഞാന്‍ കണ്ട അതുല്യ പ്രതിഭയ്ക്ക്, നിഷ്‌കളങ്കനായ മനുഷ്യന്, മനുഷ്യ സ്നേഹിക്ക്, പ്രിയ സുഹൃത്തിന് വിട.

Content Highlight: V.D. Satheesan remembers Srinivasan

We use cookies to give you the best possible experience. Learn more