| Monday, 4th August 2025, 2:14 pm

ടി.പി കൊലക്കേസ് പ്രതികള്‍ ഒഴികെ മറ്റെല്ലാവരോടും സര്‍ക്കാരിന് അവഗണന: വി.ഡി. സതീശൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികളുടെ മദ്യപാനത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി വധക്കേസിലെ ക്രിമിനലുകള്‍ക്ക് പൊലീസ് നല്‍കുന്ന പരിഗണനയിലൂടെ സർക്കാരിൻ്റെ മുൻഗണനയിൽ ആരൊക്കെയാണെന്ന് വ്യക്തമായെന്നും ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുമ്പോള്‍ അവരോട് പുച്ഛത്തോടെയാണ് മന്ത്രിമാർ പെരുമാറിയതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

‘ടി.പി വധക്കേസിലെ ക്രിമിനലുകള്‍ക്ക് പൊലീസ് നല്‍കുന്ന പരിഗണനയിലൂടെ ഈ സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ ആരൊക്കെയാണ് ഉള്ളതെന്ന് വ്യക്തമായി. ആശ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം നടത്തുമ്പോള്‍ അവരോട് പുച്ഛത്തോടെ പെരുമാറുകയും അപമാനിക്കുകയുമാണ് മന്ത്രിമാര്‍ ചെയ്തത്. എന്നാൽ 51 വെട്ട് വെട്ടി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയവരെ കോടതിയില്‍ ഹാജരാക്കി തിരിച്ച് കൊണ്ടു വരുന്നതിനിടെ മദ്യസല്‍ക്കാരം ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യവും നല്‍കിയ പൊലീസാണ് കേരളം ഭരിക്കുന്നത്,’ വി.ഡി. സതീശൻ പറഞ്ഞു.

ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും പോലീസിനെ കാവൽനിർത്തി മദ്യപിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയിൽനിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവം. സുഹൃത്തുക്കളാണ് മദ്യവുമായി എത്തിയത്.

ജയിലിലും ഇതു തന്നെയാണ് അവസ്ഥയെന്നും ജയിലില്‍ ഫൈവ് സ്റ്റാർ സൗകര്യങ്ങളാണെന്നും സതീശൻ വിമർശിച്ചു. ചോദിക്കുന്ന ഭക്ഷണവും ഏറ്റവും പുതിയ ഫോണുമാണ് നൽകുന്നത്. ചൂടുകാലം വരുന്നതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് ജയില്‍ മുറി എയര്‍ കണ്ടീഷനാക്കി നൽകണമെന്നും അത് മാത്രമാണ് സർക്കാർ ചന്ദ്രശേഖരന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ചെയ്ത് കൊടുക്കാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

ടി.പി കൊലക്കേസ് ഗൂഡാലോചനയില്‍ പങ്കെടുത്ത നേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് പ്രതികള്‍ സി.പി.എം നേതാക്കളെ ഭയപ്പെടുത്തുകയാണെന്നും സതീശൻ പറഞ്ഞു.

ഈ പ്രതികള്‍ ജയിലില്‍ ഇരുന്നു കൊണ്ടാണ് കൊട്ടേഷന്‍ ഏറ്റെടുക്കുന്നതും ലഹരിക്കടത്ത് നടത്തുന്നതെന്നും കേരളത്തെ അപമാനിക്കുക മാത്രമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യമന്ത്രിക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.

ഡോ. ഹാരിസിനെ ബലിയാടാക്കാനാണ് ആരോഗ്യമന്ത്രി ശ്രമിക്കുന്നതെന്നും നവീന്‍ ബാബുവിനോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പെരുമാറിയത് പോലെയാണ് ആരോഗ്യമന്ത്രി ഡോ. ഹാരിസിനോട് പെരുമാറുന്നതെന്നും സതീശൻ പറഞ്ഞു.

ഹാരിസിനെ കുറ്റക്കാരനാക്കാനുള്ള ശ്രമത്തില്‍ നിന്നും ആരോഗ്യമന്ത്രി പിന്‍മാറണമെന്നും അദ്ദേഹത്തെ മോഷണക്കേസില്‍പ്പെടുത്താന്‍ ശ്രമിച്ചതിന് ആരോഗ്യമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും കൂട്ടിച്ചേർത്തു.

Content Highlight: V.D. Satheesan reacts to the drinking of the accused in the TP murder case

We use cookies to give you the best possible experience. Learn more