കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതും അവർക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യമുണ്ടാക്കിയതും ആ കുട്ടികളുടെ മാത്രം വ്യക്തിപരമായ പ്രശ്നമല്ലെന്നും, മറിച്ച് അവർ അവിടെ ബലിയാടാവുക മാത്രമാണ് ചെയ്തതെന്നും എഴുത്തുകാരൻ അശോകൻ ചെരുവിൽ.
നവോത്ഥാന കാലം തൊട്ട് ഇന്നുവരെ കേരളത്തിന്റെ ആധുനികവൽക്കരണത്തിനും ജനാധിപത്യവൽക്കരണത്തിനും അടിത്തറയിട്ട സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസത്തിന് നേരെയുള്ള ആസൂത്രിത ആക്രമണമാണിതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ദീർഘകാലമായി രാജ്യം ഭരിക്കുന്ന സംഘപരിവാർ-ബി.ജെ.പി ഭരണകൂടം ആസൂത്രണം ചെയ്തു നടപ്പാക്കുന്ന പദ്ധതികളുടെ തുടർച്ചയാണിത്. മുൻപ് ഗവർണർമാരെ ഉപയോഗിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം കയ്യടക്കാനും അലങ്കോലപ്പെടുത്തി അരാജകാവസ്ഥ സൃഷ്ടിക്കാനും ശ്രമങ്ങൾ നടന്നിരുന്നു. അക്കാലത്ത് ഇടതുപക്ഷ സർക്കാരും അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ഇതിനെ പരമാവധി പ്രതിരോധിക്കുകയും തടസപ്പെടുത്തുകയും ചെയ്തിരുനെന്ന് അദ്ദേഹം പറഞ്ഞു.
‘എന്നാൽ നിർഭാഗ്യവശാൽ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നതോടെ സംഘപരിവാർ നീക്കങ്ങൾക്ക് പൂർണ പിന്തുണ നൽകുന്ന സമീപനമാണ് കാണാനാകുന്നത്. ഭരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഗവർണറുമായി ഇതിനായുള്ള ഒത്തുതീർപ്പുകൾ ഉണ്ടാക്കിയെന്നത് പരസ്യമായ വസ്തുതയാണെന്ന് അദ്ദേഹം വിമർശിച്ചു.
‘ഉന്നതവിദ്യാഭ്യാസ മേഖലയിലെ എല്ലാ തലങ്ങളിലും ആർ.എസ്.എസ് ബന്ധമുള്ളവരെ തിരുകിക്കയറ്റുകയാണ്. വൈസ് ചാൻസലർമാരുടെയും സിൻഡിക്കേറ്റ് അംഗങ്ങളുടെയും നിയമനങ്ങളിൽ മാത്രമല്ല, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുപോലും ആർ.എസ്.എസ് പശ്ചാത്തലമുള്ള വ്യക്തിയെയാണ് നിയോഗിച്ചിട്ടുള്ളതെന്ന്’ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നവോത്ഥാന പാരമ്പര്യവും മതേതര വിദ്യാഭ്യാസവുമാണ് ജനങ്ങൾക്കിടയിൽ സംഘപരിവാറിന് ഇടംകിട്ടാത്തതിന് പ്രധാന കാരണമെന്ന് തിരിച്ചറിഞ്ഞാണ് ഈ മേഖലയെ തകർക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ഒരു ദൗത്യനിർവഹണ ഉദ്യോഗസ്ഥയായിട്ടാണ് കാലടി സംസ്കൃത സർവകലാശാലാ വി.സി സിസ തോമസ് പ്രവർത്തിക്കുന്നത്. യാതൊരു ലജ്ജയുമില്ലാതെ അവർ ആർ.എസ്.എസിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
സർവകലാശാലയിലെ നാടക വിഭാഗം വിദ്യാർത്ഥികൾ പഠനാവശ്യത്തിനുള്ള ലൈറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കേടായപ്പോൾ അവ നന്നാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. തങ്ങളുടെ പഠനവിഷയമായ നാടകത്തിലൂടെ തന്നെ ലൈറ്റ് പ്രദർശിപ്പിച്ചുകൊണ്ട് നടത്തിയ ആവിഷ്കാര സമരത്തെ, തന്റെ ‘ശവമഞ്ചം’ പ്രദർശിപ്പിച്ചു എന്ന് വ്യാഖ്യാനിച്ചാണ് വി.സി വിദ്യാർത്ഥികൾക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത്. ഇത് തികച്ചും ലജ്ജാകരവും കലയ്ക്കും സാഹിത്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരെയുള്ള കടന്നാക്രമണവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതിനെതിരായി കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ സാംസ്കാരിക-സാഹിത്യ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങിയിട്ടുണ്ട്. വൈശാഖൻ, കെ. സച്ചിദാനന്ദൻ, സാറാ ജോസഫ്, സി. ബാലകൃഷ്ണൻ, എൻ. പ്രഭാകരൻ തുടങ്ങിയ പ്രമുഖരെല്ലാം ശക്തമായ പ്രതിഷേധക്കുറിപ്പുകൾ പങ്കുവെച്ചിട്ടുണ്ട്. വൈസ് ചാൻസലർക്കെതിരെ മാത്രമല്ല, വി.സിയെ സംരക്ഷിക്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി ജോണിനെതിരെ കൂടിയാണ് ഈ പ്രതിഷേധം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ സംഘപരിവാർ അജണ്ടകൾ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന ഏജന്റായി റോജി ജോൺ പ്രവർത്തിക്കുകയാണെന്ന് വ്യക്തമായിക്കഴിഞ്ഞു എന്ന് അദ്ദേഹം പ്രതികരിച്ചു.
ഇത് കുട്ടികളുടെ നിലനിൽപ്പിന്റെ മാത്രം പ്രശ്നമല്ല, മറിച്ച് കേരളത്തിന്റെ ആകെ നിലനിൽപ്പിന്റെ പോരാട്ടമാണ്. വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതിനും ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുമുള്ള ഈ പോരാട്ടത്തിന് കേരളീയ പൊതുസമൂഹം ഒന്നടങ്കം പൂർണ പിന്തുണ നൽകുമെന്നും അശോകൻ ചെരുവിൽ വ്യക്തമാക്കി.
Content Highlight:The action in Kalady is an encroachment upon public education: V.D. Satheesan is implementing the Sangh Parivar agenda, says Ashokan Cheruvil.