| Sunday, 1st June 2025, 1:20 pm

വി.ഡി. സതീശന്‍ ഹിറ്റ്‌ലര്‍; നിലമ്പൂരില്‍ മത്സരിക്കുമെന്ന് പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വാര്‍ത്ത സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവിനെതിരേയും മുഖ്യമന്ത്രിക്കെതിരേയും രൂക്ഷവിമര്‍ശനവുമായി പി.വി. അന്‍വര്‍. യു.ഡി.എഫ് പ്രവേശനം വൈകിപ്പിച്ചത് വി.ഡി. സതീശന്‍ ആണെന്നും സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രവര്‍ത്തിച്ചത് സതീശനാണെന്നും അന്‍വര്‍ പറഞ്ഞു. സതീശന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പിണറായി വിജയന്റെ പിന്നണി പോരാളിയാണ്. ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ തന്നെ ആരും അറിയിച്ചില്ല. അജിത്ത് കുമാറിനെ ഡി.ജി.പിയാക്കാനുള്ള തീരുമാനത്തിനെതിരെ വി.ഡി. സതീശന്‍ ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടത്തിലുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നും നടന്നത് അനുനയ ചര്‍ച്ചയാണെന്നും അന്‍വര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ പിണറായിസത്തിന്റെ ഇരയാണ്. അദ്ദേഹം ആവശ്യപ്പെട്ടത് കാത്തിരിക്കാനാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ രാഹുല്‍ തന്നെ വന്ന് കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചതാണ്.

നിലമ്പൂരില്‍ മുസ്‌ലിം സമുദായത്തിന്റെ പിന്തുണ ഷൗക്കത്തിന് കിട്ടില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. മലപ്പുറം ജില്ലയിലെ യു.ഡി.എഫില്‍ കഴിഞ്ഞ എട്ട് വര്‍ഷമായി പ്രശ്‌നങ്ങള്‍ ഇല്ലാത്തത് ഷൗക്കത്ത് നേതൃനിരയില്‍ ഇല്ലാത്തതുകൊണ്ടാണെന്നും പൊതുസമൂഹം തള്ളിയ വ്യക്തിത്വമാണ് ഷൗക്കത്തിന്റേതെന്നും അന്‍വര്‍ അവകാശപ്പെട്ടു.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സ്വരാജ് ആകട്ടെ കേരളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഹിന്ദുക്കളുടെ മതവികാരം വ്രണപ്പടുത്തിയ ആളാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്നും അന്‍വര്‍ വാര്‍ത്ത സമ്മേളത്തില്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ താന്‍ അല്ല നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെന്നും മണ്ഡലത്തിലെ ഓരോ വോട്ടറും സ്ഥാനാര്‍ത്ഥിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ തെരഞ്ഞെടുപ്പ് കേരളത്തിലെ പീഡനങ്ങള്‍ നേരിടുന്ന അടിസ്ഥാന വര്‍ഗത്തിനും മലയോര കര്‍ഷകര്‍ക്കും വേണ്ടിയുള്ളതാണെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.

Content Highlight: V.D. Satheesan Hitler; Will contest from Nilambur: P.V. Anvar

We use cookies to give you the best possible experience. Learn more