തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലാ വിഷയത്തിലും ഗവർണറുടെ ഇടപെടലുകളിലും മുഖ്യമന്ത്രി പൂർണമായി വിധേയപ്പെട്ട് നിൽക്കുകയാണെന്നും ആർ.എസ്.എസിന്റെയും ഗവർണറുടെയും താത്പര്യങ്ങൾക്ക് മുന്നിൽ അടിമയെപ്പോലെ പ്രവർത്തിക്കുന്ന അവസ്ഥയിലാണ് കേരളത്തിലെ ഭരണനേതൃത്വമെന്നും മുൻ മന്ത്രി പി. രാജീവ്. നുണകൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാലടി സർവകലാശാലയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് ആദ്യം വഴിതടഞ്ഞതിനാണ് പൊലീസ് കേസെടുത്തത്. എന്നാൽ അന്നത്തെ ഗവർണർ ചാൻസലർ പദവി ദുരുപയോഗം ചെയ്ത് ഇടപെടുകയും വി.സി ഗവർണറെ കണ്ടതിനു പിന്നാലെ ഡി.ജി.പിയെ നേരിട്ട് വിളിച്ച് സമ്മർദ്ദം ചെലുത്തുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒരു സർക്കാരും അനുവദിക്കാൻ പാടില്ലാത്ത തരത്തിലുള്ള ഭരണഘടനാവിരുദ്ധമായ ഇടപെടലാണുണ്ടായത്. ഈ ഘട്ടത്തിൽ കുറ്റകരമായ നിശബ്ദത പാലിച്ച മുഖ്യമന്ത്രി, ഗവർണറുടെ ഓഫീസിൽ നിന്നുള്ള നിർദേശപ്രകാരം വിദ്യാർത്ഥികൾക്കെതിരെ പിന്നീട് ഗുരുതര വകുപ്പുകൾ ചേർത്ത് പുതിയ എഫ്.ഐ.ആർ ഇടാൻ കൂട്ടുനിൽക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം വിമർശിച്ചു .
അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ വിദ്യാർത്ഥികൾ അക്രമം നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ മുൻകൂട്ടി വിധി പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം ചോദിച്ചു. സിൻഡിക്കേറ്റ് ഹാളിൽ അക്രമം നടന്നു എന്ന് പറയുന്നതിൽ യാതൊരു തെളിവോ ദൃശ്യങ്ങളോ ലഭിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ അവിടെ ഉണ്ടായിരിക്കെ, വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് രാജീവ് പറഞ്ഞു.
പി.എസ്.സി ചെയർമാൻ അടക്കമുള്ള നിയമനങ്ങളിൽ ഗവർണറുമായി ‘കൺസൾട്ടേഷൻ’ നടത്തുകയല്ല വേണ്ടത്. ഭരണഘടനയുടെ 163-ാം അനുച്ഛേദം അനുസരിച്ച് മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ഗവർണറുമായി വെറും ആശയവിനിമയം നടത്തുകയാണെന്ന തരത്തിൽ മുഖ്യമന്ത്രി സംസാരിക്കുന്നത് പ്രകടമായ ബി.ജെ.പി വിധേയത്വമാണ് കാണിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് പ്രകടമായ അഴിമതിയിലേക്കും രാഷ്ട്രീയ വിധേയത്വത്തിലേക്കും സർക്കാർ കൂപ്പുകുത്തിയിരിക്കുകയാണെന്നും പി. രാജീവ് രൂക്ഷമായി വിമർശിച്ചു.
അതുപോലെ, ടെൻഡർ നടപടിക്രമങ്ങളോ റെഗുലേറ്ററി കമ്മീഷന്റെ കൃത്യമായ പരിശോധനയോ ഇല്ലാതെ അമിത തിടുക്കത്തിൽ വൈദ്യുതി വാങ്ങാൻ സംസ്ഥാനത്ത് നടക്കുന്ന നീക്കങ്ങൾക്ക് പിന്നിൽ വൻ അഴിമതിയും സാമ്പത്തിക ബാധ്യതയുമുണ്ടെന്നും പി. രാജീവ് വ്യക്തമാക്കി.
ജി.എൻ.എ വഴി 24 മണിക്കൂറും റൗണ്ട് ദ ക്ലോക്കായി കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുമ്പോൾ, പീക്ക് അവേഴ്സ് അല്ലാത്ത പകൽ സമയങ്ങളിൽ സംസ്ഥാനത്ത് അത് അധികമായി വരികയും വൈദ്യുതി സംഭരിച്ചു വെക്കാൻ സംവിധാനമില്ലാത്തതിനാൽ തുച്ഛമായ വിലയ്ക്കോ സൗജന്യമായോ സറണ്ടർ ചെയ്യേണ്ടിവരികയും ചെയ്യും. എന്നാൽ രാവിലെയും വൈകുന്നേരവുമുള്ള പീക്ക് സമയങ്ങളിൽ മാത്രം വൈദ്യുതി ലഭ്യമാകുന്ന ഹിമാചലുമായുള്ള കരാറാണ് സംസ്ഥാനത്തിന് ലാഭകരമെന്ന് കെ.എസ്.ഇ.ബി രേഖകൾ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പീക്ക് സമയങ്ങളിൽ മാത്രം വൈദ്യുതി എടുക്കുകയാണെങ്കിൽ കുറഞ്ഞത് 250 കോടി രൂപയെങ്കിലും ലാഭിക്കാൻ കഴിയുമെന്നിരിക്കെ, വലിയ നഷ്ടമുണ്ടാക്കുന്ന കരാറിലേക്ക് എത്തുന്നത് ദുരൂഹമാണെന്ന് അദ്ദേഹം വിമർശിച്ചു.
നാഷണൽ പവർ എക്സ്ചേഞ്ചിൽ ആവശ്യത്തിന് വൈദ്യുതി ലഭ്യമായിരിക്കെ, ‘ഡേ എഹെഡ്’ ആയോ ആവശ്യാനുസരണമോ വാങ്ങാതെ എന്തിനാണ് ടെൻഡറില്ലാതെ ധൃതിപിടിച്ച് സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ സർക്കാരിന്റെ കാലത്ത് 2000 മെഗാവാട്ടിലധികം വൈദ്യുതി ദീർഘകാല കരാറുകളിലൂടെ ഉറപ്പാക്കിയിരുന്നെന്നും, റെഗുലേറ്ററി കമ്മീഷന്റെ കർശന പരിശോധനകളോ ടെൻഡറോ ഇല്ലാതെ ഇത്തരം ഇടപാടുകൾ നടത്താൻ നിയമം അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വലിയ സാമ്പത്തിക ബാധ്യതയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് വ്യക്തമാക്കണമെന്നും പി. രാജീവ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Content Highlight:V.D. Satheesan has become a slave to the Governor and the BJP; the Chief Minister is a factory that skillfully churns out lies, says P. Rajeev.