| Tuesday, 4th August 2026, 7:31 pm

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണം, ഇതാണ് അനുയോജ്യമായ സമയം: മുഖ്യമന്ത്രി വി.ഡി. സതീശന്‍

ആദർശ് എം.കെ.

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ സാധിക്കില്ലെന്ന സുപ്രീം കോടതി വിധിയില്‍ പുനപരിശോധനാ ഹരജി നല്‍കണമെന്നും, ഇത് അതിന് അനുയോജ്യമായ സമയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ സോഷ്യല്‍ മീഡിയയുടെ പോക്ക് വളരെ മോശമായ രീതിയിലാണ്. സ്ത്രീകള്‍ക്കെതിരെ വലിയ തോതിലുള്ള അതിക്രമങ്ങള്‍ നടക്കുന്നു, കുറ്റവാളികളെ പോലും വെളുപ്പിച്ചെടുക്കാനും സോഷ്യല്‍ മീഡിയക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന സുപ്രീം കോടതിയുടെ വിധി നിലവിലുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. എന്നാല്‍, ഈ വിധിയില്‍ ഒരു പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ അനുയോജ്യമായ സമയമാണിതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

‘ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ നിരീക്ഷിക്കേണ്ടതുണ്ട്. സോഷ്യല്‍ മീഡിയ നോക്കാറില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അത് കള്ളത്തരമാകും. എന്നാല്‍ നിലവില്‍ സോഷ്യല്‍ മീഡിയയുടെ പോക്ക് വളരെ മോശമായ രീതിയിലാണ്.’

സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ വലിയ തോതില്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഒരു കുറ്റവാളിയെപ്പോലും വെളുപ്പിച്ചെടുക്കാന്‍ സോഷ്യല്‍ മീഡിയക്ക് സാധിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ നിയന്ത്രിക്കാനാകില്ലെന്ന സുപ്രീം കോടതിയുടെ മുന്‍ വിധി നിലവിലുണ്ട്. എന്നാല്‍ സുപ്രീം കോടതിയില്‍ ഒരു പുനപരിശോധനാ ഹര്‍ജി നല്‍കി ഇത് നിയന്ത്രിക്കാനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും വേണമെന്നായിരുന്നു മറുപടി.

‘തീര്‍ച്ചയായും, അത് നിയന്ത്രിക്കപ്പെടണം. നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നത്. രാഷ്ട്രീയ നേതാക്കളെയോ മുഖ്യമന്ത്രിയെയോ ആക്രമിക്കുന്നത് ഞങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല.

എന്നാല്‍ സ്ത്രീകളെ വളരെ മോശമായ രീതിയിലാണ് ആക്രമിക്കുന്നത്, അവര്‍ക്കെതിരെ അശ്ലീലമായ ഭാഷയും ട്രോളുകളും ഉപയോഗിക്കുന്നു. ഇതുമൂലം ആളുകള്‍ ആത്മഹത്യയിലേക്ക് വരെ തള്ളപ്പെടുകയാണ്,’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content highlight: CM V.D. Satheesan calls for regulations on social media.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more