| Saturday, 16th May 2026, 3:54 pm

ഞങ്ങളുടെ ശരീരത്തിൽ തൊട്ടാൽ കോൺഗ്രസിന്റെ രക്തമേ വരൂ: ഐക്യപ്രഖ്യാപനവുമായി വി.ഡിയും കെ.സിയും

ആദര്‍ശ് എം.കെ.

തിരുവനന്തപുരം: തങ്ങൾക്കിടയിൽ തർക്കങ്ങളുണ്ടെന്ന വാർത്തകൾ തള്ളി നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും. തിരുവനന്തപുരത്ത് കെ.സി. വേണുഗോപാലിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി വി.ഡി. സതീശൻ കണ്ടതിന് പിന്നാലെയായിരുന്നു ഇരുവരുടെയും പ്രതികരണം.

‘ഞങ്ങളുടെ ശരീരത്തിൽ തൊട്ടാൽ കോൺഗ്രസിന്റെ രക്തമാണ് വരുക, ബാല്യകാലം മുതൽ ഒരുമിച്ച് യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ’ എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

പാർട്ടി എന്ന വികാരമാണ് കോൺഗ്രസുകാരെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങൾക്കിടയിൽ യാതൊരു വിധത്തിലുള്ള തർക്കങ്ങളുമില്ലെന്നും യു.ഡി.എഫിനകത്ത് മികച്ച രീതിയിലുള്ള കൂടിയാലോചനകളാണ് നടക്കുന്നതെന്നും വി.ഡി. സതീശനും പ്രതികരിച്ചു.

വരുന്ന തിങ്കളാഴ്ച 21 മന്ത്രിമാർ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മന്ത്രിമാരുടെ അന്തിമ പട്ടിക ഞായറാഴ്ച (നാളെ) ഉച്ചയ്ക്ക് ശേഷം ഗവർണർക്ക് സമർപ്പിക്കും

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാൻ നേരത്തെ ധാരണയായിരുന്നു. എന്നാൽ, അൻവർ സാദത്തിനെ കൂടി മന്ത്രിയാക്കണമെന്ന പുതിയ ഉപാധി അദ്ദേഹം മുന്നോട്ട് വെച്ചിട്ടുണ്ട്. അൻവർ സാദത്തിനെ മന്ത്രിയാക്കിയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കെ.സി. വേണുഗോപാൽ പക്ഷം സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദീഖ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എ.പി. അനിൽകുമാർ, എൻ. ശക്തൻ, ഒ.ജെ. ജനീഷ് എന്നിവരടക്കം എട്ടുപേരുടെ പേരുകൾ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും പേരെ ഉൾപ്പെടുത്തുന്നതിൽ സതീശൻ പക്ഷത്തിന് അതൃപ്തിയുണ്ട്.

കെ. മുരളീധരൻ, ചാണ്ടി ഉമ്മൻ എന്നിവരടക്കം നാല് പേരെയാണ് വി.ഡി. സതീശൻ നിർദേശിച്ചിരിക്കുന്നത്. ഇതിൽ കെ. മുരളീധരനെ മന്ത്രിസ്ഥാനത്തേക്ക് ഉറപ്പായും പരിഗണിക്കും.

ആരെയും ഒഴിവാക്കാനോ ആരോടും വാശി കാണിക്കാനോ തങ്ങൾ മുതിരുന്നില്ലെന്നും ജനാധിപത്യപരമായ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

ഇന്ന് വൈകിട്ടോടെ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.

Content Highlight: V.D. Satheesan and K.C. Venugopal denied reports of disputes between them.

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more