| Wednesday, 13th August 2025, 6:48 pm

യു.പില്‍ മഖ്ബറ തകര്‍ത്ത സംഭവം; നടപടിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ നവാബ് അബ്ദുസമദിന്റെ ശവകുടീരം തകര്‍ത്ത സംഭവത്തില്‍ ഹിന്ദുത്വര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരും അനുബന്ധന സംഘടനകളും സംസ്ഥാനത്തെ സാമുദായിക ഐക്യം തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് സമാജ് വാദി പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ നിയമസഭയില്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നും സമാജ്‌വാദി പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ശവകുടീരം തകര്‍ക്കാന്‍ ശ്രമിച്ച വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തി. പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.

പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് വിഷയത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമനടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ 10 പേര്‍ക്കെതിരെ ഫത്തേപ്പൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരിച്ചറിയാവുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ചയാണ് നവാബ് അബ്ദുസമദിന്റെ ശവകുടീരത്തിനുള്ളിലേക്ക് സംഘപരിവാര്‍ ഇരച്ചുകയറിയത്. 2000ത്തിലധികം ആളുകള്‍ ഈദ്ഗാഹിലേക്ക് ഇരച്ചുകയറുകയായിരുന്നു. മഠ് മന്ദിര്‍ സംഘര്‍ഷ് സമിതി, ബജ്‌രംഗ്ദള്‍, ഹിന്ദു മഹാസഭ തുടങ്ങിയ ഹിന്ദുത്വ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ശവകുടീരത്തില്‍ കേടുപാടുകള്‍ വരുത്തിയത്.

ആയിരം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് മുകളിലാണ് ശവകുടീരം നിര്‍മിച്ചിരിക്കുന്നതെന്നാണ് ഹിന്ദുത്വരുടെ അവകാശവാദം. എന്നാല്‍ സര്‍ക്കാരിന്റെ രേഖകള്‍ പ്രകാരം, നവാബ് അബ്ദുസമദിന്റെ ശവകുടീരം ഒരു സംരക്ഷിത സ്മാരകമാണ്.

സദര്‍ തെഹ്‌സിലിലെ റെഡിയ മേഖലയിലെ അബു നഗറിലാണ് അബ്ദുസമദിന്റെ സ്മാരകമുള്ളത്. ഖസ്ര നമ്പര്‍ 753 പ്രകാരം മഖ്ബറ മാംഗിയായാണ് ഇത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വെളളിയാഴ്ച ശവകുടീരത്തില്‍ അവകാശവാദമുന്നയിച്ച് മഠ് മന്ദിര്‍ സംഘര്‍ഷ് സമിതി ഫത്തേപൂര്‍ ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര സിങ്ങിന് ഒരു മെമ്മോറാണ്ടം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് 11ന് ശവകുടീരത്തില്‍ പൂജ നടത്തുമെന്നും അതിന് മുന്നോടിയായി സ്മാരകം തകര്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് ഹിന്ദുത്വ സംഘടന മെമ്മോറാണ്ടം നല്‍കിയത്.

അബ്ദുസമദിന്റെ ശവകുടീരം ഒരു ശവകുടീരമല്ലെന്നും ആയിരത്തിലധികം വര്‍ഷത്തിലേറെ പഴക്കമുള്ള താക്കൂറിന്റെയും ശിവന്റെയും ക്ഷേത്രമാണെന്നുമുള്ള ബി.ജെ.പി ജില്ലാ പ്രസിഡന്റ് മുഖലാല്‍ പാലിന്റെ ആരോപണമാണ് ഈ വിവാദങ്ങള്‍ക്കെല്ലാം കാരണമായത്.

സംഭവത്തിന് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ബി.എസ്.പി അധ്യക്ഷ മായാവതി തുടങ്ങിയ നേതാക്കളും യു.പി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight: Opposition in UP demands action after Fatehpur tomb vandalised allegedly by Hindutva groups

We use cookies to give you the best possible experience. Learn more