ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വന്‍ മേഘവിസ്ഫോടനം. വിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയതായാണ് വിവരം. 60ലധികം ആളുകളെ കാണാതായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്തരകാശി മേഖലയിലാണ് വിസ്‌ഫോടനമായുണ്ടായത്.
അപകടത്തില്‍ നാല് പേര്‍ മരിച്ചതായി ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ സ്ഥിരീകരിച്ചു. മിന്നല്‍പ്രളയവും മണ്ണിടിച്ചിലുമാണ് ദുരന്തത്തിന് കാരണമായത്. നിലവില്‍ എന്‍.ഡി.ആര്‍.എഫ്, എസ്.ഡി.ആര്‍.എഫ്, പൊലീസ്, ഫയര്‍ ഫോഴ്സ് സംഘങ്ങള്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ദുരന്തമേഖലയിലേക്ക് പോകാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
ഘീര്‍ഗംഗ നദിയിലൂടെ പ്രളയജലം ഒഴുകിയെത്തിയതാണ് ഗ്രാമങ്ങളെ അപകടത്തിലാക്കിയത്. ധരാലി ഗ്രാമത്തില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുരന്തത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ദുഃഖം രേഖപ്പെടുത്തി. അതിവേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഉത്തരകാശിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും പുഷ്‌കര്‍ സിങ് ധാമി അറിയിച്ചു.
ചൊവ്വാഴ്ച ഉത്തരാഖണ്ഡിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ സംസ്ഥാനത്തെ റോഡുകളിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു.
ഇത് ഉത്തരകാശിയിലെ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുമെന്നും അധികൃതര്‍ വിലയിരുത്തുന്നു. ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനത്തെ റോഡുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കുടിവെള്ളം, ഇലക്ട്രിസിറ്റി എന്നിവ തടസപ്പെടരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Content Highlight: Massive cloudburst in Uttarakhand