| Tuesday, 5th August 2025, 5:59 pm

പള്ളിയുടെ മിനാരത്തിന് ഉയരക്കൂടുതലെന്ന് സംഘപരിവാര്‍; നിര്‍മാണം തടഞ്ഞ് ഉത്തരാഖണ്ഡിലെ ജില്ലാ ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പള്ളിയുടെ ഉയരത്തിനെതിരെ സംഘപരിവാര്‍ രംഗത്തെത്തിയതോടെ മസ്ജിദിന്റെ നിര്‍മാണം തടസപ്പെടുത്തി അധികൃതര്‍. ഹരിദ്വാര്‍ ജില്ലയിലെ ലക്‌സര്‍ മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന പള്ളിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി തടസപ്പെടുത്തുകയായിരുന്നു.

ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചതിന് ശേഷം നിര്‍മാണം തുടരണമോ എന്നതില്‍ തീരുമാനമെടുക്കാമെന്നാണ് അധികൃതര്‍ പറയുന്നത്. പള്ളിയുടെ നിര്‍മാണം പൂര്‍ണമായും നിര്‍ത്തിവെച്ചിട്ടില്ലെന്നും ഔദ്യോഗിക അനുമതി ലഭിച്ചാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹരിദ്വാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രഹിന്ദുത്വ നേതാക്കളാണ് പള്ളിയുടെ ഉയരത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനുപിന്നാലെയാണ് അധികൃതര്‍ മസ്ജിദിന്റെ നിര്‍മാണം നിര്‍ത്തിവെപ്പിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പള്ളിയുടെ മിനാരങ്ങള്‍ക്ക് 250 അടി ഉയരമുണ്ട്. എന്നാല്‍ ഇത് നിയമം ലംഘിച്ചുകൊണ്ടുള്ള നിര്‍മാണമാണെന്നാണ് ഹിന്ദുത്വരുടെ വാദം.

അനധികൃത നിര്‍മാണമെന്നാരോപിച്ച് ഉത്തരാഖണ്ഡിലെ ഏകദേശം 500ലധികം മസ്ജിദുകള്‍ പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ പൊളിച്ചുമാറ്റിയിട്ടുണ്ട്.

ഇതിനെല്ലാം പുറമെയാണ് ഹരിദ്വാറിലെ മസ്ജിദിനെതിരെയും ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് മയൂര്‍ ദീക്ഷിത് നടപടിയെടുക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്തെ പള്ളികളെ മാത്രം ലക്ഷ്യമിട്ടല്ല ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. 2025 മാര്‍ച്ചില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഉത്തരാഖണ്ഡിലെ 84 മദ്രസകളാണ് ധാമി സര്‍ക്കാര്‍ അടച്ചുപൂട്ടിയത്. ഇതില്‍ ഭൂരിഭാഗവും സംസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന മദ്രസകളാണ്.

ഡെറാഡൂണില്‍ 43 ഉം ഹരിദ്വാറിലും നൈനിറ്റാളിലുമായി 31ഉം സിങ് നഗറില്‍ ഒമ്പത് സ്ഥാപനങ്ങള്‍ക്കുമാണ് ഉത്തരാഖണ്ഡിലെ ബി.ജെ.പി സര്‍ക്കാര്‍ പൂട്ടിട്ടത്.

ഇതിനെതിരെ രംഗത്തെത്തിയ മദ്രസ നടത്തിപ്പുകാരും സമുദായ നേതാക്കളും, പുഷ്‌കര്‍ സിങ് ധാമിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനും അവരുടെ മതപരമായ സ്വത്വം ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നീക്കം ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സര്‍ക്കാര്‍ മനപൂര്‍വം മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുകയാണെന്നും മുസ്‌ലിം ആക്ടിവിസ്റ്റുകളും പണ്ഡിതന്മാരും ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Sanghparivar says mosque’s minaret is too tall; Uttarakhand district administration blocks construction

We use cookies to give you the best possible experience. Learn more