| Thursday, 22nd May 2025, 9:24 am

'ഓപ്പറേഷന്‍ സിന്ദൂര്‍' പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ച് ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: പാകിസ്ഥാനിലെ ഭീകരര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ്. തീരുമാനം ഇന്ത്യന്‍ സേനകളുടെ നടപടികള്‍ക്കുള്ള പിന്തുണയാണെന്ന് ബോര്‍ഡ് പ്രസിഡന്റ് മുഫ്തി ഷാമൂണ്‍ ഖാസിമി മാധ്യമങ്ങളോട് പറഞ്ഞു.

‘സാധാരണക്കാര്‍ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഇന്ത്യന്‍ സേനകള്‍ എങ്ങനെയാണ് ശക്തിയുടെയും ധൈര്യത്തോടെയും ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പിലാക്കിയതെന്ന് ഭാവി തലമുറ മനസിലാക്കണം. ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയകഥ ഞങ്ങള്‍ കുട്ടികളുമായി പങ്കിടാന്‍ ആഗ്രഹിക്കുന്നു,’ഷാമൂണ്‍ ഖാസിമി പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ ദേശസ്നേഹം വളര്‍ത്തിയെടുക്കുക എന്നതാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും ഖാസിമി പ്രതികരിച്ചു. പുതുക്കിയ സിലബസ് രാജ്യത്തിന്റെ സായുധ സേനയുടെ ധൈര്യത്തെയും ത്യാഗങ്ങളെയും കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

‘ഉത്തരാഖണ്ഡ് ദേവഭൂമി മാത്രമല്ല, വീര്‍ഭൂമിയും കൂടിയാണ്. അതായത് ധീരരായ സൈനികരുടെ നാട്,’ ഖാസിമി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള ഒരു പ്രതിനിധി സംഘം പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ സന്ദര്‍ശിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനം. ഉത്തരാഖണ്ഡില്‍ നിലവില്‍ 451 മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ ഏകദേശം 50,000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇന്ത്യന്‍ സേനകള്‍ ഓപ്പറേഷന്‍ സിന്ദൂരിന് തയ്യാറായത്. പഹല്‍ഗാമിലെ ആക്രമണത്തില്‍ ഒരു നേപ്പാള്‍ പൗരന്‍ അടക്കം 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.

പിന്നാലെ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സേനകള്‍ ആക്രമണം നടത്തുകയായിരുന്നു. പാക് അധീന കശ്മീരിലുമുള്ള ജെയ്ഷെ, ലഷ്‌കര്‍-ഇ-ത്വയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് ഭീകര ക്യാമ്പുകളാണ് ഓപ്പറേഷനിലൂടെ ഇന്ത്യ തകര്‍ത്തത്. ഓപ്പറേഷനില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായി പ്രതിരോധമന്ത്രി സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞിരുന്നു.

സിന്ദൂറില്‍ ജെയ്‌ഷെ മുഹമ്മദിന്റെ സുപ്രീം കമാന്റര്‍ റൗഫ് അസര്‍ ഉള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. ജെയ്‌ഷെ മുഹമ്മദിന്റെ രണ്ടാമത്തെ കമാന്റര്‍ മസൂദ് അസറിന്റെ സഹോദരനാണ് കൊല്ലപ്പെട്ട റൗഫ് അസര്‍. കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യസൂത്രധാരനാണ് റൗഫ് അസര്‍.

നിലവില്‍ പാക് ഭീകതക്കെതിരായ നിലപാട് ലോകരാജ്യങ്ങള്‍ക്ക് മുമ്പാകെ വ്യക്തമാക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള സര്‍വകക്ഷി സംഘം ജപ്പാനിലും യു.എ.ഇയിലും എത്തിയിട്ടുണ്ട്.

Content Highlight: Uttarakhand madrasas to include Operation Sindoor in syllabus

We use cookies to give you the best possible experience. Learn more