| Friday, 25th May 2018, 2:44 pm

വട്ടമിട്ട് ആക്രമിച്ച ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും മുസ്‌ലീം യുവാവിനെ നെഞ്ചോടുചേര്‍ത്ത് രക്ഷപ്പെടുത്തി പൊലീസുകാരന്‍; വീഡിയോ കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാംനഗര്‍: ബജ്‌രംഗദള്‍, വിശ്വഹിന്ദു പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തില്‍ നിന്നും മുസ്‌ലീം യുവാവിനെ രക്ഷിച്ച് ഉത്തരാഖണ്ഡിലെ സിഖ് പൊലീസുകാരന്‍. ഗിരിഷ ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രദര്‍ശനത്തിന് എത്തിയ യുവാവും യുവതിയും വ്യത്യസ്ത മതസ്ഥരാണെന്ന് പറഞ്ഞായിരുന്നു ബജ്‌രംഗദള്‍, വിശ്വഹിന്ദു പ്രവര്‍ത്തകര്‍ യുവാവിനെ കയ്യേറ്റം ചെയ്തത്.

ചിലര്‍ ഇയാളുടെ ഐഡന്റിറ്റി കാര്‍ഡ് ആവശ്യപ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകുമായിരുന്നു. ഇതോടെ കൂടുതല്‍ പേര്‍ എത്തുകയും ഇയാളെ ക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ക്ഷേത്രത്തിലെ സുരക്ഷാ വിഭാഗത്തില്‍ ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ദീപ് സിങ് ഓടിയെടുത്തുകയും യുവാവിനെ ബജ്‌രംഗദള്‍ ഗുണ്ടകളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

മര്‍ദ്ദിക്കാന്‍ വരുന്നവരെ പ്രതിരോധിച്ച് മുസ്‌ലീം യുവാവിനെ തന്റെ ദേഹത്തോട് ചേര്‍ത്ത് പിടിച്ച് ക്ഷേത്രത്തില്‍ നിന്നും ഏറെ പണിപ്പെട്ടാണ് സബ് ഇന്‍സ്‌പെക്ടര്‍ ഗഗന്‍ ദീപ് പുറത്തെത്തിച്ചത്. പൊലീസുദ്യോഗസ്ഥന്റെ നടപടിക്കെതിരെ ചിലര്‍ രൂക്ഷമായി പ്രതികരിക്കുന്നതും പൊലീസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും വീഡിയോയില്‍ കാണാം.

ക്ഷേത്രത്തിന്റെ വാതില്‍ ഉള്‍പ്പെടെ അടച്ചതിന് ശേഷമായിരുന്നു ഇവര്‍ യുവാവിനെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. അടിയേറ്റ് യുവാവ് താഴെ വീണതോടെയാണ് പൊലീസ് എത്തുന്നത്.

എന്തിനാണ് നിങ്ങള്‍ ഇദ്ദേഹത്തെ മര്‍ദ്ദിക്കുന്നതെന്ന് താന്‍ ചോദിച്ചപ്പോള്‍ അവനെ ഞങ്ങള്‍ തുണ്ടം തുണ്ടമായി അരിയുമെന്നായിരുന്നു ഒരാള്‍ നല്‍കിയ മറുപടിയെന്ന് പെണ്‍കുട്ടി പറയുന്നു. “നീ ഒരു ഹിന്ദു പെണ്‍കുട്ടിയാണ്. ഒരു മുസ്ലീം യുവാവിനൊപ്പം കറങ്ങി നടക്കുന്നതുകണ്ടാല്‍ എന്നേയും കൊല്ലുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി”- പെണ്‍കുട്ടി പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്രമികള്‍ വിശ്വഹിന്ദു, ബജ്‌രംഗദള്‍ പ്രവര്‍ത്തകരാണെന്ന് രാംനഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് വിക്രം റാത്തോര്‍ പ്രതികരിച്ചു.”” സംഭവത്തെ കുറിച്ച് ചിലര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ ക്ഷേത്രത്തിലെത്തി. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ വലിയൊരു ജനക്കൂട്ടം ഇവരെ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതായിരുന്നു കണ്ടത്. എന്നാല്‍ തെറ്റായ സാഹചര്യത്തില്‍ ഇവരെ കണ്ടതുകൊണ്ടാണ് മര്‍ദ്ദിച്ചതെന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്””- അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more