ഡെറാഡൂണ്‍: സംസ്ഥാനത്തെ സിഖ്, ക്രിസ്ത്യന്‍, ബുദ്ധ, ജൈന, പാഴ്‌സി സമുദായങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിയും ആനുകൂല്യങ്ങളും നല്‍കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ ബില്‍ – 2025ന് അംഗീകാരം നല്‍കി ഉത്തരാഖണ്ഡ് മന്ത്രിസഭ.
മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബില്ലിന് അംഗീകാരം ലഭിച്ചത്. നാളെ (ചൊവ്വാഴ്ച) മുതല്‍ ആരംഭിക്കുന്ന നിയമസഭ മണ്‍സൂണ്‍ സമ്മേളനത്തിലാകും ഈ ബില്‍ അവതരിപ്പിക്കുന്നത്.
ബില്‍ നടപ്പിലാകുന്നതോടെ ഉത്തരാഖണ്ഡ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം (2016), ഉത്തരാഖണ്ഡ് സര്‍ക്കാരിതര അറബിക്, പേര്‍ഷ്യന്‍ മദ്രസ അംഗീകാരം നിയമങ്ങള്‍ (2019) എന്നിവ റദ്ദാക്കപ്പെടും.
2026 ജൂലൈ ഒന്ന് മുതലായിരിക്കും ഇവ റദ്ദാക്കപ്പെടുന്നത്. നിലവില്‍ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന പദവി മുസ്‌ലിം സമുദായത്തിന് മാത്രമാണ് ലഭിക്കുന്നത്.
എല്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും അതിന്റെ പരിധിയില്‍ സ്ഥാപിതമായ ഒരു അതോറിറ്റിയില്‍ നിന്നും അംഗീകാരം നേടണമെന്ന് ബില്ലില്‍ പറയുന്നുണ്ട്. അംഗീകാരം നേടാന്‍ സ്ഥാപനം പാലിക്കേണ്ട ചില നിബന്ധനകളും ഉണ്ടായിരിക്കും.
അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് മന്ത്രിസഭയുടെ ഈ തീരുമാനത്തിന് എതിരെ പ്രതികരിച്ചു. മദ്രസകള്‍ നിര്‍ത്തലാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്നും പക്ഷേ അവര്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നും റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ബി.ജെ.പിക്കാര്‍ ഇടുങ്ങിയ ചിന്താഗതിക്കാരാണ്. മദ്രസ ഒരു ഉറുദു പദമാണ്. ഉറുദു ഗംഗാ-യമുനി സംസ്‌കാരത്തിന്റെ ഉത്പന്നമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട മദ്രസകള്‍ക്ക് അവരുടേതായ ചരിത്രമുണ്ട്. ഈ ഉറുദു പദത്തിനോട് നിങ്ങള്‍ക്ക് എന്തിനാണ് പ്രശ്നം,’ ഹരീഷ് റാവത്ത് കൂട്ടിച്ചേര്‍ത്തു.
Content Highlight: Uttarakhand cabinet approves Minority Education Bill 2025; Madrasa Act to be repealed