| Sunday, 2nd March 2025, 3:09 pm

ഉത്തരാഖണ്ഡിലെ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മഞ്ഞുവീഴ്ചയില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ശേഷിക്കുന്ന ഒരു തൊഴിലാളിക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒന്നിലധികം രക്ഷാപ്രവര്‍ത്തന ഏജന്‍സികളുടെ നേതൃത്വത്തിലാണ് നിലവിലെ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ തൊഴിലാളികളാണ് ഹിമപാതത്തില്‍പ്പെട്ടത്.

54 ഓളം തൊഴിലാളികള്‍ ഹിമപാതത്തില്‍പെട്ടിരുന്നു. ഇതില്‍ 46 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. പിന്നാലെ നാല് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഇന്നലെ ശനിയാഴ്ച റിപ്പോര്‍ട്ട് വന്നിരുന്നു.

വെള്ളിയാഴ്ചയുണ്ടായ കനത്ത മഞ്ഞുവീഴ്ചയും മഴയും കാരണം രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഒരാളെ ഇനിയും രക്ഷപ്പെടുത്താനുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തന ദൗത്യം തുടരുകയായിരുന്നു.

ബി.ആര്‍.ഒ ക്യാമ്പിലെ എട്ട് തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ (കണ്ടെയ്നറുകള്‍) ഹിമപാതത്തില്‍ മുങ്ങിപ്പോയതായും അഞ്ചെണ്ണം നേരത്തെ കണ്ടെത്തിയിരുന്നെങ്കിലും, ശേഷിക്കുന്ന മൂന്നെണ്ണം ഇപ്പോഴാണ് കണ്ടെത്തിയതെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ വ്യോമസേന മീഡിയം ലിഫ്റ്റ് ഹെലികോപ്റ്ററുകളുള്‍പ്പെടെ വിന്യസിച്ചിട്ടുള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചമോലി ജില്ലയിലെ മനയില്‍ ഉണ്ടായ ഹിമപാതത്തില്‍ കുടുങ്ങിയ 54 തൊഴിലാളികളുടെ പേരുകളുടെ പട്ടിക ചമോലി പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഭൂരിഭാഗം തൊഴിലാളികളും ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നാണ് പൊലീസിന്റെ പട്ടികയില്‍ പറയുന്നത്.

ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ ഉണ്ടായ ഹിമപാതത്തില്‍ ഏകദേശം 54 ബി.ആര്‍.ഒ തൊഴിലാളികള്‍ കുടുങ്ങിയിരുന്നു. ഹിമാനികള്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നും നിരവധി തൊഴിലാളികള്‍ മഞ്ഞിനടിയില്‍ കുടുങ്ങിയെന്നും ഇതുവരെ 32 തൊഴിലാളികളെ രക്ഷപ്പെടുത്തിയെന്നും ജില്ലാ മജിസ്ട്രേറ്റ് സന്ദീപ് തിവാരി നേരത്തെ പറഞ്ഞിരുന്നു. മഴയും മഞ്ഞുവീഴ്ചയും രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുസ്സഹമാക്കുന്നുവെന്നും തിവാരിയെ പറഞ്ഞു. ഫെബ്രുവരി 28നാണ് ഉത്തരാഖണ്ഡില്‍ ബദ്രിനാഥിനടുത്ത് ഹിമപാതമുണ്ടായത്.

Content Highlight: Uttarakhand avalanche death toll rises to five; Rescue operation continues

Latest Stories

We use cookies to give you the best possible experience. Learn more