| Wednesday, 3rd July 2019, 12:45 pm

യു.പിയിലെ കസ്ഗഞ്ചില്‍ എട്ട് വയസുകാരി കൊല്ലപ്പെട്ട നിലയില്‍; മുഖത്ത് ആസിഡൊഴിച്ച് പൊള്ളിച്ചു; 17 കാരനായി തിരച്ചില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ കസ്ഗഞ്ച് ജില്ലയില്‍ എട്ട് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ തിങ്കളാഴ്ച പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാല്‍ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. ഇന്നലെ അടുത്ത വീട്ടില്‍ നിന്നും ദുര്‍ഗന്ധം വന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ എട്ടുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്.

വൃദ്ധയായ ഒരു സ്ത്രീയാണ് ഇവിടെയുള്ളത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകന്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. പയ്യന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണെന്ന് അഡീഷണല്‍ സൂപ്രണ്ട് പവിത്രമോഹന്‍ ത്രിപതി പറഞ്ഞു.

ആസിഡ് ഒഴിച്ച് പെണ്‍കുട്ടിയുടെ മുഖമുള്‍പ്പെടെ വികൃതമാക്കപ്പെട്ട നിലയിലായിരുന്നെന്നും വലിയ ആയുധം വെച്ച് മര്‍ദ്ദിച്ചതിന്റെ പാടുകളും ദേഹത്തുണ്ടെന്നും പൊലീസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം നടന്നാല്‍ മാത്രമേ മറ്റ് കാര്യങ്ങള്‍ പറയാന്‍ സാധിക്കുള്ളൂവെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം കൂടുതല്‍ കാര്യങ്ങള്‍ വീട്ടിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞിട്ടില്ലെന്നും എങ്കിലും 17 വയസുകാരനായ കൊച്ചുമകനാണ് കൊലപാതകം നടത്തിയതെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. വീട്ടില്‍ പൊലീസ് റെയ്ഡിനായി എത്തിയപ്പോള്‍ തങ്ങളെ അവര്‍ തടഞ്ഞെന്നും സര്‍ക്കിള്‍ ഓഫീസര്‍ ഇന്ദ്ര പ്രകാശ് സിങ് പറഞ്ഞു.

കഴിഞ്ഞ മാസം അവസാനം അലിഗഡില്‍ രണ്ടരവയസുകാരി ക്രൂരമായി കൊലചെയ്യപ്പെട്ടിരുന്നു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more