| Thursday, 23rd April 2026, 8:13 pm

പശു ദൈവതുല്യം; ബീഫ് കഴിക്കുന്നവരും കുടിക്കുന്നത് പശുവിന്‍ പാല്‍, പന്നിയുടേതല്ല: യോഗി ആദിത്യനാഥ്

ആദർശ് എം.കെ.

ലഖ്‌നൗ: പശുവിന്റെ പ്രാധാന്യത്തെ കുറിച്ച് വാചാലനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരഖ്പൂരില്‍ നടന്ന ‘നാരി ശക്തി വന്ദന്‍’ പരിപാടിയില്‍ സംസാരിക്കവെയാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്.

സനാതന ധര്‍മം പിന്തുടരുന്നവര്‍ പശുവിനെ ഗോമാതാവ് എന്നാണ് വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ആനയെ ഞങ്ങള്‍ ‘ആന മാത’ എന്ന് വിളിക്കാറില്ല, വീടുകളില്‍ വളര്‍ത്തുമൃഗങ്ങളായി വളര്‍ത്തുന്ന നായ്ക്കളെയും ആളുകള്‍ അങ്ങനെ വിളിക്കാറില്ല. എന്നിട്ടും ഞങ്ങള്‍ പശുവിനെ ഗോമാത എന്നാണ് വിളിക്കുന്നത്.

ലോകത്തിലെ ഏത് രാജ്യക്കാരനായാലും – അവര്‍ പശുവിനെ ബഹുമാനിക്കുന്നവരാണെങ്കിലും അല്ലെങ്കിലും -അവര്‍ എപ്പോഴും പശുവിന്റെ പാല്‍ കുടിക്കുന്നവരാണ്.

ഉദാഹരണത്തിന്, ബീഫ് കഴിക്കുന്നവര്‍ പകരം പന്നിപ്പാലാണോ കുടിക്കുന്നത്? അല്ല. എല്ലാവരും, ഒരു വ്യത്യാസവുമില്ലാതെ, പശുവിന്റെ പാലാണ് കുടിക്കാറുള്ളത്,’ ആദിത്യനാഥ് പറഞ്ഞു.

പശു മൃഗമാണെങ്കിലും അതില്‍ ദൈവീകമായ ഒരംശമുണ്ടെന്നും അത് ദൈവത്തിന് തുല്യമാണെന്നും യു.പി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

”പശു മൃഗലോകത്തില്‍ പെട്ടതായിരിക്കാം, അത് ഒരു ദേവതയ്ക്ക് സമാനമാണ്… അതിനുള്ളില്‍ ഒരു ദൈവിക സത്തയുണ്ട്,” അദ്ദേഹം പറഞ്ഞു.

ഗംഗയെ ‘ഗംഗാ മാതാ’ എന്ന് വിളിക്കുന്നതും മഥുര-വൃന്ദാവന്‍ തുടങ്ങിയ പുണ്യഭൂമികളിലെ വിശ്വാസങ്ങളും അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഉദാഹരണമായി പരാമര്‍ശിച്ചു.

ഇതിനുപുറമെ, വനിതാ സംവരണ ബില്ലിനെ ലോക്‌സഭയില്‍ എതിര്‍ത്തവര്‍ക്ക് പാഠം പഠിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പരിപാടിയില്‍ പറഞ്ഞു.

Content highlight: Uttar Pradesh Chief Minister Yogi Adityanath spoke eloquently about the importance of the cow

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more