വരാനിരിക്കുന്ന ടി-20 ലോകകപ്പില്‍ ഓപ്പണിങ് പൊസിഷനില്‍ കളിക്കാന്‍ ഇഷാന്‍ കിഷനാണ് മലയാളി താരം സഞ്ജു സാസണെക്കാളും മികച്ച ഓപ്ഷനെന്ന് കിഷന്റെ ബാല്യകാല പരിശീലകനും മെന്ററുമായ ഉത്തം മജുംദാര്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം പവര്‍പ്ലേയില്‍ ഇഷാന്‍ ഏറ്റവും മികച്ച ഓപ്ഷനാണെന്നും മാത്രമല്ല മധ്യനിരയില്‍ ബാറ്റ് ചെയ്യാന്‍ ഇഷാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇഷാന്‍ കിഷനും സഞ്ജു സാംസണും
‘പ്ലെയിങ് ഇലവനെ ടീം മാനേജ്മെന്റ് തീരുമാനിക്കും, പക്ഷേ അഭിഷേക് ശര്‍മയ്‌ക്കൊപ്പം പവര്‍പ്ലേയില്‍ ഇഷാന്‍ ഏറ്റവും മികച്ച ഓപ്ഷനാണെന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന് മധ്യനിരയിലും ബാറ്റ് ചെയ്യാന്‍ കഴിയും, പക്ഷേ അദ്ദേഹം വര്‍ഷങ്ങളായി ഐ.പി.എല്ലില്‍ ഓപ്പണറായാണ് കളിക്കുന്നത്. കൂടാതെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തന്റെ വിനാശകരമായ പവര്‍-ഹിറ്റിങ് കാണിച്ചു,’ ടെലികോം ഏഷ്യ സ്‌പോര്‍ട്ടിനോട് മജുംദാര്‍ പറഞ്ഞു.
അടുത്തിടേയായിരുന്നു ബി.സി.സി.ഐ 2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പുറത്ത് വിട്ടത്. സ്‌ക്വാഡില്‍ സര്‍പ്രൈസ് പേരായി ഇഷാന്‍ കിഷനും ഇടം നേടിയിരുന്നു. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ് ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി സ്ഥാനം ലഭിച്ചത്. മോശം ഫോം കാരണം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്നാണ് സഞ്ജു സ്‌ക്വാഡില്‍ ഇടം നേടിയത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടി-20യിലും മോശം പ്രകടനം നടത്തിയ ഗില്‍ 33 റണ്‍സായിരുന്നു നേടിയത്. എന്നാല്‍ അഞ്ചാമത്തെ മത്സരത്തില്‍ അവസരം ലഭിച്ച സഞ്ജു 37 റണ്‍സ് നേടി.
അതേസമയം ടി-20 സ്‌ക്വാഡില്‍ ഇടം നേടിയ ഇഷാന്‍ കിഷന്‍ ആഭ്യന്തര മത്സരത്തില്‍ മിന്നും പ്രകടനം നടത്തിയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനയെ പരാജയപ്പെടുത്തി ജാര്‍ഖണ്ഡിനെ കന്നി കിരീടമണിയിച്ചാണ് കിഷന്‍ വീണ്ടും കഴിവ് തെളിയിച്ചത്.
ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറി കരുത്തിലാണ് ജാര്‍ഖണ്ഡ് തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയതും. ഫൈനലില്‍ 49 പന്തില്‍ 10 സിക്സും ആറ് ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് കിഷന്‍ മടങ്ങിയത്. ടൂര്‍ണമെന്റിലുടനീളം മിന്നും പ്രകടനമാണ് കിഷന്‍ നടത്തിയത്. 10 ഇന്നിങ്സില്‍ നിന്ന് 517 റണ്‍സ് നേടി ടൂര്‍ണമെന്റിലെ റണ്‍സ് വേട്ടക്കാരില്‍ ഒന്നാമനും കിഷനായിരുന്നു. നിലവില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയിലും ഇഷാന്‍ സെഞ്ച്വറിയടിച്ച് മികവ് പുലര്‍ത്തിയിരുന്നു.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍)
Content Highlight: Uttam Mazumdar Talking About Sanju Samson And Ishan Kishan