| Tuesday, 23rd September 2025, 9:44 am

'അപ്പ പാസം, ഉസ്താദ് ഹോട്ടല്‍ ടച്ച്' ധനുഷിന്റെ ഇഡ്‌ലി കടൈ ട്രെയ്‌ലറിന് പിന്നാലെ വിമര്‍ശനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇഡ്‌ലി കടൈ. ധനുഷ് തന്നെ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് വന്നിരുന്നു. നിത്യ മേനോനാണ് ചിത്രത്തിലെ നായിക. തിരുച്ചിത്രമ്പലം എന്ന ചിത്രത്തിന് ശേഷം ധനുഷും നിത്യയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇഡ്‌ലി കടൈക്കുണ്ട്.

ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമായ ഇഡ്‌ലി കടൈയുടെ ട്രെയ്‌ലര്‍ പുറത്ത് വന്നതിന് പിന്നാലെ സിനിമയ്ക്ക് വിമര്‍ശനങ്ങളും നേരിടുകയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഉസ്താദ് ഹോട്ടലിനെ ഓര്‍മിപ്പിക്കുന്നുവെന്നാണ് ചിത്രത്തിന് നേരെയുയരുന്ന വിമര്‍ശനം. രണ്ട് ചിത്രങ്ങളുടെയും കഥ ഒരുപോലെ തോന്നിക്കുന്നുവെന്നും കമന്റുകള്‍ വരുന്നുണ്ട്.

ഉസ്താദ് ഹോട്ടല്‍ ഒരു മാസ്റ്റര്‍ പീസ് ചിത്രമാണെന്നും ധനുഷ് ചിത്രത്തിന് ഈ ചിത്രത്തിനൊപ്പം എത്താന്‍ സാധിക്കില്ലെന്നും കമന്റ് വരുന്നുണ്ട്.

‘അപ്പ പാസം’ തുളുമ്പുന്ന കഥയെന്നും ആളുകള്‍ പറയുന്നു.

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ജോലി ചെയ്യുന്ന നായകന്‍ അച്ഛന്‍ നടത്തിയിരുന്ന ഇഡലി കട ഏറ്റെടുത്ത് നടത്തുന്നതാണ് ഇഡ്‌ലി കടൈയുടെ പ്രമേയം. ഫീല്‍ ഗുഡ് ഴോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.

സത്യരാജും ശാലിനി പാണ്ഡേയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അരുണ്‍ വിജയ്, പാര്‍ഥിപന്‍, സമുദ്രക്കനി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വണ്ടര്‍ബാര്‍ ഫിലിംസ്, ഡോണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ആകാശ് ഭാസ്‌കരനും ധനുഷും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ ഒന്നിന് റിലീസ് ചെയ്യും.

ജി.വി പ്രകാശാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കിരണ്‍ കൗശിക് ഛായാഗ്രണവും പ്രസന്ന ജി.കെ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.

Content Highlight: Ustad Hotel Touch; Dhanush’s Idli Kadai trailer draws criticism

We use cookies to give you the best possible experience. Learn more