| Friday, 17th April 2026, 7:14 pm

'സംശയമെന്താ ഞാന്‍ തന്നെയാ കല്യാണ പയ്യന്‍' വെട്ടത്തിലെ ഡയലോഗ് തനിക്കും ചേരുമെന്ന് തെളിയിച്ച പവന്‍ കല്യാണ്‍, ട്രോളന്മാര്‍ക്ക് ചാകര

അമര്‍നാഥ് എം.

ഒരുകാലത്ത് തെലുങ്ക് ഇന്‍ഡസ്ട്രിയെ കൈയിലിട്ട് അമ്മാനമാടുകയും എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മെറ്റീരിയലായി മാറുകയും ചെയ്ത നടനാണ് പവന്‍ കല്യാണ്‍. സിനിമയും പ്രേക്ഷകരും മാറിയിട്ടും അതുമായി പൊരുത്തപ്പെടാതെ സിനിമകള്‍ ചെയ്യുന്നതാണ് പവന് തിരിച്ചടിയാകുന്നത്. ഈയൊരു സമീപനം കാരണം താരത്തിന് ഹിറ്റ് ലഭിച്ചിട്ട് കാലങ്ങളായി.

പവന്‍ കല്യാണ്‍ നായകനായ ഏറ്റവും പുതിയ ചിത്രം ഉസ്താദ് ഭഗത് സിങ് കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ പ്രദര്‍ശനമാരംഭിച്ചു. തിയേറ്ററില്‍ വന്‍ പരാജയമായ ചിത്രത്തിന് ഒ.ടി.ടിയില്‍ ട്രോള്‍ പെരുമഴയാണ്. 90കളില്‍ നിന്ന് വണ്ടികിട്ടാത്ത പവന്‍ കല്യാണിന്റെ അടുത്ത ഫ്‌ളോപ്പെന്നാണ് പലരും ഉസ്താദ് ഭഗത് സിങ്ങിനെ വിശേഷിപ്പിക്കുന്നത്.

ചിത്രത്തിലെ നായികമാരില്‍ ഒരാളായ ശ്രീലീലയും പവന്‍ കല്യാണും തമ്മിലുള്ള കല്യാണത്തിന്റെ സീനും ട്രോള്‍ മെറ്റീരിയലാകുന്നുണ്ട്. 58 വയസുള്ള പവന്‍ കല്യാണിന് നായികയായി 22കാരിയായ ശ്രീലീലയെ കാസ്റ്റ് ചെയ്യാന്‍ സംവിധായകന് എങ്ങനെ തോന്നിയെന്നാണ് പലരും ചോദിക്കുന്നത്. വെട്ടം എന്ന ചിത്രത്തില്‍ ദിലീപിന്റെ സഹോദരിയുടെ വിവാഹനിശ്ചയ സീനിലെ ഡയലോഗുകളാണ് ട്രോളന്മാര്‍ പവനെ ട്രോളാന്‍ ഉപയോഗിച്ചത്.

‘സംശയമെന്താ ഞാന്‍ തന്നെയാ പയ്യന്‍’ എന്ന് പവനും ശ്രീലീലയുമുള്ള സ്‌ക്രീന്‍ഷോട്ടിന് ക്യാപ്ഷന്‍ നല്‍കിയപ്പോള്‍ ‘പയ്യനോ, എത്ര കൊല്ലം മുമ്പ്? ഗാന്ധിജിയുടെ കൂടെ ഉപ്പുസത്യാഗ്രഹത്തിന്റെ ഫോട്ടോയില്‍ ഇയാളെയും കണ്ടിട്ടുണ്ടല്ലോ’ എന്നാണ് പലരുടെയും കമന്റ്. തെലുങ്കിലെ മറ്റ് നടന്മാര്‍ തങ്ങളുടെ പ്രായത്തിനൊത്ത നായികമാരുടെ കൂടെ അഭിനയിക്കുമ്പോള്‍ പവന്‍ കല്യാണ്‍, രവി തേജ തുടങ്ങിയവര്‍ തങ്ങളുടെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി റൊമാന്‍സ് ചെയ്യുന്നത് വിമര്‍ശിക്കപ്പെടുന്നുണ്ട്.

ചിത്രത്തിലെ മറ്റ് രംഗങ്ങളും ട്രോളന്മാരുടെ ഇരയായി മാറി. കോളേജ് സ്റ്റുഡന്റായിട്ടുള്ള പവന്റെ ഗെറ്റപ്പും വില്ലന്മാരുടെ മുന്നില്‍ മാസ് കാണിക്കുന്നതുമെല്ലാം അങ്ങേയറ്റം അസഹനീയമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മോശം സിനിമയെന്ന് കണ്ണുംപൂട്ടി വിശേഷിപ്പിക്കാവുന്ന സിനിമയായാണ് പലരും ഉസ്താദ് ഭഗത് സിങ്ങിനെ വിശേഷിപ്പിച്ചത്.

പവന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഗബ്ബര്‍ സിങ് അണിയിച്ചൊരുക്കിയ ഹരീഷ് ശങ്കറാണ് ഉസ്താദ് ഭഗത് സിങ് അണിയിച്ചൊരുക്കിയത്. 150 കോടി ബജറ്റിലൊരുങ്ങിയ ചിത്രം വെറും 72 കോടി മാത്രമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഇതോടെ ഹിറ്റില്ലാത്ത 13ാം വര്‍ഷത്തിലേക്ക് പവന്‍ കല്യാണ്‍ കടന്നിരിക്കുകയാണ്.

Content Highlight: Ustaad Bhagat Singh getting trolls after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more