| Tuesday, 2nd December 2025, 4:19 pm

ASHES TEST: ഇംഗ്ലണ്ടിന് വീണ്ടും ആശ്വാസം, പേസര്‍മാര്‍ക്ക് പുറമെ ഓസീസിന്റെ സ്റ്റാര്‍ ബാറ്ററും പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ആഷസ് ട്രോഫിയിലെ രണ്ടാം മത്സരം ഡിസംബര്‍ നാലിനാണ് ആരംഭിക്കുന്നത്. ഇതോടെ ഗാബയില്‍ നടക്കുന്ന ഡെയ്-ലൈറ്റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും. എന്നാല്‍ രണ്ടാം മത്,സരത്തിലും സൂപ്പര്‍ ബൗളര്‍മാരായ പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡ്ഡുമില്ലാതെയാണ് ഓസീസ് കളത്തിലിറങ്ങുന്നത്.

ഇരു താരങ്ങളും ഇല്ലാത്തത് ഇംഗ്ലണ്ടിന് ആശ്വാസമാണ്. എന്നാല്‍ ഓസീസിന്റെ സൂപ്പര്‍ ബാറ്റര്‍ ഉസ്മാന്‍ ഖവാജയും ഇപ്പോള്‍ ടീമില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ക്രിക്കറ്റ് ഓസ്‌ട്രേലിയയാണ് ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ ടെസ്റ്റില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്നാണ് താരം മാറി നില്‍ക്കുന്നത്. ഖവാജയും പുറത്തായത് ഇംഗ്ലണ്ടുകാരുടെ മുഖത്ത് വലിയ ചിരിതന്നെയാണ് പടര്‍ത്തിയിരിക്കുന്നത്.

ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മികച്ച സീനിയര്‍ ബാറ്ററാണ് ഖവാജ. 153 ടെസ്റ്റ് ഇന്നിങ്‌സില്‍ നിന്ന് 6055 റണ്‍സാണ് താരം കങ്കാരുക്കള്‍ക്ക് വേണ്ടി അടിച്ചെടുത്തത്. 232 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും റെഡ് ബോളില്‍ ഖവാജ നേടി. 43.6 എന്ന ആവറേജിലാണ് താരത്തിന്റെ ബാറ്റിങ്. ഫോര്‍മാറ്റില്‍ 16 സെഞ്ച്വറിയും 27 അര്‍ധ സെഞ്ച്വറിയും ഖവാജ നേടിയിട്ടുണ്ട്.

ആഷസിലെ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ ഖവാജയുടെ പരിക്ക് പരിഗണിച്ചാണ് ട്രാവിസ് ഹെഡ്ഡിനെ ഓപ്പണിങ്ങില്‍ ഇറക്കിയത്. ഹെഡ്ഡ് മത്സരത്തില്‍ സെഞ്ച്വറി നേടുകയും ചെയ്തിരുന്നു. ഖവാജയുടെ പുറത്താകല്‍ കാരണം രണ്ടാം ടെസ്റ്റിലും ജെയ്ക്ക് വെതറാള്‍ഡ്-ട്രാവിസ് ഹെഡ് കൂട്ടുകെട്ട് തന്നെ പ്രതീക്ഷിക്കാം.

അതേസമയം ഇംഗ്ലണ്ട് ടീമില്‍ പരിക്കേറ്റ മാര്‍ക്ക് വുഡ്ഡിന് പകരം സ്പിന്നിങ് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സ് ഇടം നേടിയിട്ടുണ്ട്.

ഓസ്‌ട്രേലിയന്‍ സ്‌ക്വാഡ്

സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ബ്രെണ്ടന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലാബുഷാന്‍, നഥാന്‍ ലിയോണ്‍, മൈക്കല്‍ നെസര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്ത്, വില്‍ ജാക്‌സ്, ഗസ് ആറ്റ്കിന്‍സണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍

Content Highlight: Usman Khawaja ruled out of Ashes Trophy due to injury

We use cookies to give you the best possible experience. Learn more