| Saturday, 7th November 2026, 11:40 am

സാന്‍ഡ്‌പേപ്പര്‍ സംഭവം ടീമില്‍ എല്ലാവരുടെയും അറിവോടെയായിരുന്നു: വെളിപ്പെടുത്തലുമായി മുന്‍ ഓസ്‌ട്രേലിയന്‍ താരം

ദേവിക ജയചന്ദ്രന്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ നാണക്കേടിന്റെ അധ്യായമാണ് സാന്‍ഡ്‌പേപ്പര്‍ ഗേറ്റ് എന്നറിയപ്പെടുന്ന പന്തില്‍ കൃത്രിമം കാണിക്കല്‍ സംഭവം. 2018ലെ ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് മഞ്ഞ നിറത്തിലുള്ള ഒരു വസ്തു പന്തില്‍ ഉരയ്ക്കുന്നത് ക്യാമറയില്‍ പെട്ടത്.

സംഭവത്തെത്തുടര്‍ന്ന് നായകന്‍ സ്റ്റീവ് സ്മിത്തും ഉപനായകന്‍ ഡേവിഡ് വാര്‍ണറും രാജി വെച്ചിരുന്നു. ഇവരെ ഒരു വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു. കാമറൂണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പത് മാസത്തേക്കും വിലക്കി. പന്തില്‍ കൃത്രിമത്വം കാണിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് വാര്‍ണര്‍ ആയിരുന്നുവെന്ന് പിന്നീട് ബാന്‍ക്രോഫ്റ്റ് പറഞ്ഞിരുന്നു.

ഇപ്പോള്‍ പന്തുചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുകളുമായി മുന്‍ ഓസീസ് ബാറ്റര്‍ ഉസ്മാന്‍ ഖവാജ എത്തിയിരിക്കുകയാണ്. നവംബര്‍ പത്തിന് പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയായ ‘സബ്ര്‍’ ന്റെ പ്രകാശനത്തിന് മുന്നോടിയായി നൈന്‍ ന്യൂസ്‌പേപ്പേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഖവാജയുടെ വെളിപ്പെടുത്തല്‍.

പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തെക്കുറിച്ച് ടീമിലെ എല്ലാവര്‍ക്കും അറിവുണ്ടായിരുന്നെന്നും എല്ലാവര്‍ക്കും അതില്‍ പങ്കുണ്ടായിരുന്നെന്നും ഖവാജ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം മൂന്ന് താരങ്ങളില്‍ ഒതുങ്ങാതെ എല്ലാവരും ഏറ്റെടുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതിന് മുമ്പ് നടന്ന പോര്‍ട്ട് എലിസബത്ത് (ഇപ്പോള്‍ ഖ്വെബെര്‍ഹ) ടെസ്റ്റിലും സാന്‍ഡ് പേപ്പര്‍ ഉപയോഗിച്ചിരുന്നുവെന്നും കേപ് ടൗണ്‍ ടെസ്റ്റില്‍ ബാന്‍ക്രോഫ്റ്റിന്റെ തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് തന്റെ മൊഴിയെടുക്കാതിരുന്നതെന്ന് ഖവാജ ചോദിച്ചു.

‘അത് ഞങ്ങളെല്ലാവരുമായിരുന്നു. ബാറ്റര്‍മാര്‍ മാത്രമല്ല, ബൗളര്‍മാര്‍ മാത്രമല്ല, ടീം സ്റ്റാഫ് മാത്രവുമല്ല. ഞങ്ങളെല്ലാവരും,’ ഖവാജ പറഞ്ഞു.

ഇതേക്കുറിച്ച് പുറത്ത് സംസാരിക്കാന്‍ മുന്നോട്ടുവരുന്ന ആളാവാന്‍ തനിക്ക് താത്പര്യമില്ലായിരുന്നു എന്നും പക്ഷേ എട്ട് വര്‍ഷത്തിന് ശേഷം സത്യം പുറത്തുവരണമെന്ന് തനിക്ക് തോന്നിയെന്നും ഖവാജ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന്റെ ഉത്തരവാദിത്തം മൂന്ന് താരങ്ങളില്‍ മാത്രം ഒതുക്കാതെ ടീമിലെ എല്ലാവരും ഏറ്റെടുക്കേണ്ടതായിരുന്നുവെന്നാണ് താന്‍ എപ്പോഴും കരുതിയിരുന്നതെന്ന് ഖവാജ പറഞ്ഞു. സംഭവം പുറത്തുവന്നതിനു പിന്നാലെ ഡ്രസ്സിങ് റൂമില്‍ സഹതാരങ്ങളോട് കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതായും എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല മുന്നോട്ടുപോയതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

വിവാദം സ്മിത്തിനെയും വാര്‍ണറെയും ബാന്‍ക്രോഫ്റ്റിനെയും മാനസികമായും വ്യക്തിപരമായും ബാധിച്ചുവെന്നും സംഭവത്തിന്റെ ഭാരം അവര്‍ ഇപ്പോഴും പേറുകയാണെന്നും ഖവാജ പറഞ്ഞു.

ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അന്വേഷണത്തിനിടെ തന്റെ മൊഴി രേഖപ്പെടുത്താതിരുന്നതും ഖവാജ ചോദ്യം ചെയ്തു. അന്നത്തെ ഇന്റഗ്രിറ്റി വിഭാഗം മേധാവി ഇയാന്‍ റോയും ടീം പെര്‍ഫോമന്‍സ് മാനേജര്‍ പാറ്റ് ഹോവാര്‍ഡും ചേര്‍ന്നായിരുന്നു അന്വേഷണം നടത്തിയത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതര്‍ലന്‍ഡിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

താന്‍ മത്സരത്തിലുടനീളം ബാന്‍ക്രോഫ്റ്റിന് ഒപ്പമുണ്ടായിരുന്നുവെന്നും എന്നിട്ടും തന്നെ ചോദ്യം ചെയ്തില്ലെന്നും ഖവാജ കൂട്ടിച്ചേര്‍ത്തു.

പന്തുചുരണ്ടല്‍ സംഭവത്തെക്കുറിച്ച് ഓസീസ് ബൗളര്‍മാര്‍ക്ക് എത്രത്തോളം അറിവുണ്ടായിരുന്നുവെന്ന ചോദ്യവും 2021ല്‍ ഉയര്‍ന്നിരുന്നു. പന്തില്‍ കൃത്രിമം കാണിക്കാന്‍ ഉപയോഗിച്ച വിദേശവസ്തു മൈതാനത്തേക്ക് കൊണ്ടുവന്നതിനെക്കുറിച്ച് ബൗളര്‍മാര്‍ക്ക് അറിവുണ്ടായിരുന്നുവെന്നത് ‘സ്വയം വ്യക്തമാണെന്ന’ രീതിയില്‍ ബാന്‍ക്രോഫ്റ്റ് പ്രതികരിച്ചിരുന്നു. എന്നാല്‍ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലയണ്‍ എന്നിവര്‍ തങ്ങള്‍ക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ നിഷേധിച്ചിരുന്നു.

Content Highlight: Usman Khawaja blows open Sandpapergate, claims entire Australia team was involved.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more